ഓൾഡ്ട്രാഫോർഡിൽ തോല്‍വിയോടെ തുടങ്ങി മാഞ്ചസ്റ്റർ യുനൈറ്റഡ്; ആഴ്സനലിന്റെ ജയം ഒറ്റഗോളിന്

ലണ്ടൻ: സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡിൽ തോൽവിയോടെ തുടങ്ങി മാഞ്ചസ്റ്റർ യുനൈറ്റഡ്. പ്രീമിയർ ലീഗിൽ കരുത്തരായ ആഴ്സനലാണ് ഏകപക്ഷീയമായ ഒരു ഗോളിന് യുനൈറ്റഡിനെ വീഴ്ത്തിയത്. 13ാം മിനിറ്റിൽ ഗണ്ണേഴ്സ് പ്രതിരോധ താരം റിക്കാർഡോ കാലാഫിയോറിയാണ് ഗോൾ നേടിയത്. കോർണർ കിക്കിൽ നിന്നായിരുന്നു ഗോൾ പിറന്നത്. യുനൈറ്റഡ് ഗോൾ കീപ്പർ തട്ടിയകറ്റിയെങ്കിലും തൊട്ടരികിൽ നിന്ന കാലാഫിയോറി അതിവേഗം വലയിലാക്കി.

സ്വന്തം തട്ടകത്തിൽ മികച്ച നീക്കങ്ങളേറെ നടത്തിയെങ്കിലും യുനൈറ്റഡിന് ആഴ്സനൽ വല ചലിപ്പിക്കാനായില്ല. ആദ്യ പകുതിയിൽ നിരവധി നല്ല നീക്കങ്ങൾ നടത്തി. ഡോർഗുവിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടിയാണ് പുറത്ത് പോയത്.

ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ ചെൽസി സമനിലയിൽ കുരുങ്ങി. ക്രിസ്റ്റൽ പാലസാണ് ലോകചാമ്പ്യന്മാരെ ഗോൾ രഹിത സമനിലയിൽ തളച്ചത്.

പന്തിന്മേലുള്ള നിയന്ത്രണം ഏറിയ പങ്കും ചെൽസിക്കായിരുന്നെങ്കിലും ലക്ഷ്യത്തിലേക്ക് ഷോട്ടുകൾ പായിച്ചതേറെയും ക്രിസ്റ്റൽ പാലസായിരുന്നു. പാൽമറും പെഡ്രോയും നെറ്റോയും ഉൾപ്പെടുന്ന ചെൽസിയുടെ മുന്നേറ്റ നിര ക്രിസ്റ്റൽ പാലസിന്റെ ഗോൾമുഖത്തേക്ക് പലവട്ടം ഓടിക്കയറിയെങ്കിലും പ്രതിരോധം സമർത്ഥമായി തടയിട്ടതോടെ വല ചലിപ്പിക്കാനായില്ല. 24ാം മിനിറ്റിൽ ക്രിസ്റ്റൽ പാലസിന്റെ സ്ട്രൈക്കർ എബെറെച്ചി ഇസെയുടെ ഫ്രീകിക്ക് ചെൽസിയുടെ വല ചലിപ്പിച്ചെങ്കിലും വാർ പരിശോധയിലൂടെ റഫറി ഗോൾ നിഷേധിക്കുകയായിരുന്നു.

ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റ് ഒന്നിനെതിരെ മൂന്ന് ഗോളിന് (3-1) ബ്രെൻഡ് ഫോർഡിനെ വീഴ്ത്തി. നോട്ടിങ്ഹാം ഫോറസ്റ്റിനായി ക്രിസ് വുഡ് ഇരട്ടഗോൾ നേടി. ഡാൻ ൻഡോയാണ് മറ്റൊരു ഗോൾ നേടിയത്. ബ്രെൻഡ്ഫോർഡിനായി ഇഗർ തിയാഗോ പെനാൽറ്റിയിലൂടെ ആശ്വാസ ഗോൾ നേടി.

ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളും മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയും ജയത്തോടെ തുടങ്ങി. 4-2നാണ് ലിവർപൂൾ ബേൺമൗത്തിനെ പരാജയപ്പെടുത്തിയത്. വൂൾവ്സിനെ എതിരില്ലാത്ത നാല് ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റി വീഴ്ത്തിയത്.

Tags:    
News Summary - Man Utd 0-1 Arsenal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.