ബംഗളൂരു: ഇന്ത്യൻ ഫുട്ബാൾ ടീം പരിശീലകനായി ചുമതലയേറ്റ ഖാലിദ് ജമീലിന്റെ ആദ്യ ക്യാമ്പിൽ ഇതിഹാസ താരം സുനിൽ ഛേത്രിയില്ല. കാഫ നേഷൻസ് കപ്പിനുള്ള ദേശീയ ടീമിനെ കണ്ടെത്താനായി ബംഗളൂരുവിൽ നടക്കുന്ന ക്യാമ്പിൽ 22 താരങ്ങളാണ് എത്തിയത്. 13 പേർ കൂടി വൈകാതെ ചേരും.
നേരത്തെ മനോലോ മാർക്വേസ് പുറത്തുനിർത്തിയ ഗോൾകീപർ ഗുർപ്രീത് സിങ് സന്ധു തിരിച്ചെത്തി. മലയാളി താരങ്ങളായ ആശിഖ് കുരുണിയനും കെ.പി രാഹുലും ടീമിലുണ്ട്. പരിശീലകനായി ഖാലിദ് കഴിഞ്ഞദിവസമാണ് ചുമതലയേറ്റത്. രണ്ടു വർഷത്തേക്കാണ് കരാർ. ഒരു വർഷത്തേക്കു കൂടി ആവശ്യമെങ്കിൽ നീട്ടാവുന്ന വിധത്തിലാണു കരാർ എന്ന് എ.ഐ.എഫ്.എഫ് അറിയിച്ചു.
തജിക്കിസ്ഥാനിൽ നടക്കുന്ന കാഫാ നേഷൻസ് കപ്പാണ് ഖാലിദിനു കീഴിൽ ഇന്ത്യയുടെ ആദ്യത്തെ ടൂർണമെന്റ്. തജിക്കിസ്ഥാൻ (29), ഇറാൻ (സെപ്റ്റംബർ ഒന്ന്), അഫ്ഗാനിസ്ഥാൻ (സെപ്റ്റംബർ 4) എന്നിവരാണ് ഗ്രൂപ്പ് ബിയിൽ ഇന്ത്യയുടെ എതിരാളികൾ. ഒക്ടോബറിൽ ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ സിംഗപ്പൂരിനെതിരെ ഇരുപാദ മത്സരങ്ങളും കളിക്കും.
ഗോളി: അമരീന്ദർ സിങ്, ഗുർപ്രീത് സിങ്, ഋതിക് തിവാരി.
പ്രതിരോധം: ആകാശ് മിശ്ര, അലക്സ് സാജി, ബോറിസ് സിങ് താങ്ജം, ചിങ്ലെൻസാന സിങ് കോൻഷാം, ഹമിങ്താൻമാവിയ റാൽടെ, രാഹുൽ ഭെകെ, റോഷൻ സിങ് നവോറെം, സന്ദേശ് ജിൻഗാൻ, സുനിൽ ബെഞ്ചമിൻ.
മിഡ്ഫീൽഡ്: ആശിഖ് കുരുണിയൻ, ദാനിഷ് ഫാറൂഖ് ഭട്ട്, നിഖിൽ പ്രഭു, കെ.പി രാഹുൽ, സുരേഷ് സിങ് വാങ്ജാം, ഉദാന്ത സിങ് കുമാം.
ഫോർവേഡ്: ഇർഫാൻ യദ്‍വാദ്, ലലിയൻസുവാല ചാങ്തെ, റഹീം അലി, വിക്രം പ്രതാപ് സിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.