കാൻബെറ: കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗം നിയന്ത്രിക്കാനുള്ള നിയമം കൂടുതൽ ആസ്ട്രലിയ കൂടുതൽ ശക്തമാക്കുന്നു. 16 വയസ്സിൽ താഴെയുള്ളവർ ടിക്ടോക്ക്, സ്നാപ്ചാറ്റ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക് അക്കൗണ്ടുകൾ നിർമിക്കുന്നത് വിലക്കുന്ന നിയമം കഴിഞ്ഞ നവംബറിലാണ് ആസ്ട്രേലിയൻ പാർലമെന്‍റ് പാസാക്കിയത്. ഈ പട്ടികയിലേക്ക് യൂട്യൂബ് കൂടി ഉൾപ്പെടുത്താനാണ് സർക്കാർ തീരുമാനം. മറ്റു പ്ലാറ്റ്ഫോമുകൾ പോലെ യൂട്യൂബും കുട്ടികൾക്ക് ദോഷമാണെന്ന ഇ-സേഫ്റ്റി കമീഷണറുടെ നിർദേശപ്രകാരമാണ് സർക്കാറിന്‍റെ നീക്കം.
കുട്ടികൾക്ക് അക്കൗണ്ടില്ലെന്ന് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ ഉറപ്പുവരുത്തണം. ലംഘിച്ചാൽ പ്ലാറ്റ്ഫോമുകൾ 49.5 മില്യൻ ഡോളർ (ഇന്ത്യൻ രൂപ ഏകദേശം 281 കോടി) പിഴയൊടുക്കേണ്ടിവരും. പ്രായം ഉറപ്പിക്കാനായുള്ള സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട റിപ്പോർട്ട് സർക്കാർ ഉടൻ പുറത്തുവിടും. നിയമം പ്രാബല്യത്തിൽ വരുന്നതോടെ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ മാർഗനിർദേശങ്ങൾ പാലിക്കാൻ നിർബന്ധിതരാകും.
ഓൺലൈൻ പ്ലാറ്റ്ഫോമുകൾ പരസ്യവരുമാനം നേടുക എന്നതിനപ്പുറം സാമൂഹിക ഉത്തരവാദിത്തം കാണിക്കണമെന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് പറഞ്ഞു. മാതാപിതാക്കളും കുട്ടുകളുടെ ഭാവി സുരക്ഷിതമാക്കാൻ ഉത്തരവാദിത്തം കാണിക്കണമെന്നും ആൽബനീസ് കൂട്ടിച്ചേർത്തു. 18 വയസ്സിൽ താഴെയുള്ള 37 ശതമാനം കുട്ടികളും യൂട്യൂബിലൂടെ ദോഷകരമായ കണ്ടന്‍റുകൾ കാണുന്നുവെന്ന സർവേ റിപ്പോർട്ടിനു പിന്നാലെയാണ് പ്ലാറ്റ്ഫോമിനെയും കുട്ടികളിൽനിന്ന് മാറ്റിനിർത്താൻ സർക്കാർ തീരുമാനിച്ചത്. പത്തിനും പന്ത്രണ്ടിനുമിടയിൽ പ്രായമുള്ള 68 ശതമാനം കുട്ടികളും യൂട്യൂബിലാണെന്നും സർവേയിൽ പറയുന്നു.
എന്നാൽ തങ്ങളുടേത് വിഡിയോ ഷെയറിങ് പ്ലാറ്റ്ഫോമാണെന്നും സമൂഹമാധ്യമമല്ലെന്നും യൂട്യൂബ് പറയുന്നു. ഉയർന്ന നിലവാരം പുലർത്തുന്ന സൗജന്യ വിഡിയോകളാണ് തങ്ങൾ നൽകുന്നതെന്നും സോഷ്യൽ നെറ്റ്‍വർക്കിങ് പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കമ്പനി അവകാശപ്പെടുന്നു. എന്നാൽ നിർമിതബുദ്ധിയുടെ വരവോടെ സ്ഥിതിഗതികൾ മോശമായെന്നാണ് ടെക് വിദഗ്ധരുടെ അഭിപ്രായം. കുട്ടികളെ സംരക്ഷിക്കാൻ നിയമം അനിവാര്യമാണെന്നും അവർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.