യു.പി.ഐ ഇടപാടിന് പിൻ വേണ്ട; പണമയക്കാൻ ഫേസ് ഐഡി

ന്യൂഡൽഹി: അതിവേഗ പണമിടപാടിനുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം ആയ യു.പി.ഐയിൽ ഇനി നാലും ആറും അക്കങ്ങളിലെ പിൻ നമ്പർ അടിച്ച് തളരാതെ തന്നെ പണമയക്കാം. ഗൂഗ്ൾ പേ, ഫോൺ പേ, പേയ് ടിഎം ഉൾപ്പെടെ യു.പി.ഐ ആപ്പുകൾ വഴിയുള്ള പണമിടപാടിന് പിൻ നമ്പറിന് പകരം മുഖം തിരിച്ചറിയുന്ന ​‘ഫേസ് ഐഡിയും’ വിരലടയാളം വഴി ആധികാരികത ഉറപ്പാക്കുന്ന ‘ഫിംഗർ പ്രിന്റ്’ സൗകര്യവും നടപ്പിലാക്കാൻ നാഷണൽ പേയ്മെന്റ് കോർപറേഷൻ (എൻ.പി.സി.ഐ) തീരുമാനം. പുതിയ പരിഷ്‍കാരം അധികം വൈകാതെ പ്രാബല്ല്യത്തിൽ വരും.

സുരക്ഷ മുഖ്യം

യു.പി.ഐ ഇടപാടുകൾക്ക് അതിവേഗവും, സുരക്ഷയും ഉറപ്പാക്കുകയാണ് ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്. അധികം​ വൈകാതെ തന്നെ ഫേസ് ഐഡിയും ഫിംഗർ പ്രിന്റും യു.പി.ഐയിൽ നടപ്പിലാകുമെന്ന് എൻ.പി.സി.ഐ അധികൃ​തരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉപഭോക്താവിന്റെ ഇഷ്ടാനുസരണം പിൻ നമ്പറിന് പകരം ബയോമെട്രിക് സൗകര്യം ഉപയോഗിക്കാൻ സൗകര്യമൊരുങ്ങും.

സ്മാർട്ട് ഫോണുകളിലെ ഫേസ് ഐഡി, ഫിംഗർ പ്രിന്റുകൾ തന്നെയാകും യു.പി.ഐയിൽ ഇടപാടുകൾക്കും ഉപയോഗപ്പെടുത്തുന്നത്.

മുഖം അല്ലെങ്കിൽ വിരലടയാളം

ഉപയോക്താവിന്റെ മുഖമോ, വിരലടയാളമോ തിരിച്ചറിയുമ്പോൾ മാത്രമേ യു.പി.ഐ ആപ്പ് തുറക്കപ്പെടൂ എന്നതിനാൽ പിൻ നമ്പറിനേക്കാൾ കൂടുതൽ സുരക്ഷിതത്വമാണ് ബയോമെട്രിക് സേവനത്തിന്റെ പ്രത്യേകത. ഇടപാടുകൾക്ക് കൂടുതൽ വേഗത നൽകുന്നതിനൊപ്പം ലളിതവുമായി മാറും.

ബയോമെട്രിക് സേവനം ലഭ്യമാകുമ്പോൾ തന്നെ, പിൻ നമ്പർ ആവശ്യമുള്ള ഉപയോക്താവിന് അത് തുടരാനും സൗകര്യമുണ്ടാവും.

പിൻ നമ്പർ ഓർത്ത് വിഷമിക്കേണ്ട

ആറക്കം വരെയുള്ള പിൻ നമ്പർ ഓർത്തുവെക്കേണ്ടതിന്റെ ഭാരം ഒഴിവാക്കുന്നതിനൊപ്പം, മുതിർന്നവർക്കും, ​ഡിജിറ്റൽ പരിചയമില്ലാത്തവർക്കും എളുപ്പത്തിൽ യു.പി.ഐ സേവനം ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് ഈ മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നു. റിസർ​വ് ബാങ്ക് പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ ജൂണിൽ മാത്രം 1839 കോടി രൂപയാണ് യു.പി.ഐ ആപ്പുകൾ വഴി നടത്തിയ ഇടപാട്. ഡിജിറ്റൽ പണമിടപാടിന്റെ മുക്കാൽ പങ്കും ആപ്പ് വഴിയാണെന്ന് ചുരുക്കം.

Tags:    
News Summary - Soon pay via UPI using fingerprint, face ID, no need to enter PIN or password

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.