ഡോണൾഡ് ട്രംപ്
വാഷിങ്ടൺ: ഇന്ത്യൻ, ചൈനീസ് ഉൽപന്നങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്തണമെന്ന് യുറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമേൽ സമ്മർദം ചെലുത്തുന്നതിന് വേണ്ടിയാണ് ട്രംപിന്റെ നടപടിയെന്നാണ് സൂചന. വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.
റഷ്യൻ യുദ്ധത്തിലെ പണത്തിന്റെ ഉറവിടം ചൈനയും ഇന്ത്യയും വാങ്ങുന്ന എണ്ണയാണ്. പണത്തിന്റെ ഈ ഉറവിടം നിലച്ചാൽ യുദ്ധം നിർത്തുകയല്ലാതെ മറ്റ് വഴികളില്ലാതാകുമെന്ന് ട്രംപ് പറഞ്ഞു. യുറോപ്യൻ യൂണിയനിൽ ഉപരോധങ്ങൾ ഏർപ്പെടുത്തുന്ന പ്രതിനിധി ഡേവിഡ് ഒ സുള്ളിവനുമായുള്ള കോൺഫറൻസ് കോളിലാണ് ട്രംപ് ആവശ്യം ഉന്നയിച്ചത്. ഈ ആഴ്ച നടക്കുന്ന യുറോപ്യൻ യൂണിയൻ യോഗം ഉപരോധം സംബന്ധിച്ച് ചർച്ചകൾ നടത്തും.
ഡേവിഡ് ഒ സുള്ളിവനും യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റുമായാണ് ചർച്ചകൾ നടന്നത്. ചർച്ചകളിൽ ട്രംപ് വിഡിയോ കോളിലൂടെ പങ്കെടുക്കുകയായിരുന്നു. യുക്രെയ്ൻ പ്രധാനമന്ത്രിയും ചർച്ചകളിൽ പങ്കെടുത്തു. തീരുവ തർക്കത്തിൽ യു.എസ് അയയുകയാണെന്ന സൂചനകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിനിടെയാണ് ഇന്ത്യക്കുമേൽ അധി തീരുവ ചുമത്താൻ യുറോപ്യൻ യൂണിയനോട് ട്രംപ് ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
വ്യാപാര തീരുവ സംബന്ധിച്ച തർക്കത്തിൽ ഇന്ത്യയുമായി ചർച്ച തുടരുകയാണെന്ന് യു.എസ്. പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ഇന്ന് പറഞ്ഞത്. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു യു.എസ് പ്രസിഡന്റിന്റെ പ്രതികരണം.
വരും ആഴ്ചകളിൽ അടുത്ത സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കും. ഇരുരാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച് നല്ല പരിസമാപ്തിയിൽ എത്തിച്ചേരാൻ ബുദ്ധിമുട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി.
'ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തടസങ്ങൾ പരിഹരിക്കുന്നതിനായി ഇരുരാജ്യങ്ങളും ചർച്ചകൾ തുടരുകയാണെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്. എന്റെ അടുത്ത സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി വരും ആഴ്ചകളിൽ സംസാരിക്കാൻ ആഗ്രഹിക്കുന്നു. രണ്ട് മഹത്തായ രാജ്യങ്ങൾക്കും വിജയകരമായ ഒരു പരിസമാപ്തിയിലെത്താൻ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്'. -ട്രംപ് വ്യക്തമാക്കി.
നേരത്തെ വ്യാപാര തീരുവ വിഷയത്തിൽ ഇന്ത്യക്കെതിരെ ഡോണാൾഡ് ട്രംപ് രൂക്ഷവിമർശനം നടത്തിയിരുന്നു. ഇന്ത്യ കാലങ്ങളായി യു.എസിൽ നിന്ന് വൻ തീരുവ ഈടാക്കിയിരുന്നുവെന്നും അതിനാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒരു പക്ഷത്തിന് മാത്രം ഗുണമുള്ളതായിരുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു. തന്റെ കാലത്തോടെയാണ് അതിൽ മാറ്റം വന്നതെന്നും ഇപ്പോൾ ഇരുരാജ്യങ്ങളും തമ്മിൽ മികച്ച ബന്ധമാണുള്ളതെന്നും ട്രംപ് അവകാശപ്പെട്ടു.
വൻ തീരുവ ഈടാക്കിയിരുന്നതിനാൽ ഇന്ത്യക്ക് നല്ല വ്യാപാരം ലഭിച്ചു. യു.എസ് തിരിച്ച് വൻ തീരുവ ഈടാക്കാതിരുന്നത് വിഡ്ഡിത്തം നിറഞ്ഞ സമീപനമായിരുന്നു. ഇന്ത്യ ഉയർന്ന തീരുവ ഈടാക്കുന്നതിന് ഉദാഹരണമായി ഹാർലി ഡേവിഡ്‌സൺ ബൈക്കുകളുടെ വ്യാപാരം ട്രംപ് ചൂണ്ടിക്കാട്ടി.
200 ശതമാനം തീരുവ ചുമത്തിയിരുന്നതിനാൽ ബൈക്കുകൾ ഇന്ത്യയിൽ വിൽക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാൽ കമ്പനിക്ക് ഇന്ത്യയിൽ പ്ലാന്‍റ് സ്ഥാപിക്കേണ്ടി വന്നു. ഇപ്പോൾ അവർക്ക് ഉയർന്ന തീരുവ നൽകേണ്ടി വരുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.
ഇന്ത്യ ഉൽപന്നങ്ങൾക്ക് അമേരിക്ക ചുമത്തിയ 50 ശതമാനം വ്യാപാര തീരുവ സെപ്റ്റംബറിൽ പ്രാബല്യത്തിൽ വന്നിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് പിഴയായാണ് ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അമേരിക്ക 25 ശതമാനം തീരുവ ചുമത്തിയത്. സെപ്റ്റംബർ ഏഴിന് ചുമത്തിയ 25 ശതമാനം പകരത്തീരുവക്ക് പുറമേയാണിത്. ഇതോടെയാണ്, ഇന്ത്യൻ ഉൽപന്നങ്ങൾക്കുള്ള മൊത്തം തീരുവ 50 ശതമാനമായി ഉയർന്നത്.
ചെമ്മീൻ, വസ്ത്രങ്ങൾ, തുകൽ, രത്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ മേഖലകൾക്ക് കനത്ത തിരിച്ചടിയാണ് പിഴത്തീരുവ. മരുന്നുകൾ, ഇലക്ട്രോണിക്സ്, പെട്രോളിയം ഉൽപന്നങ്ങൾ എന്നിവക്ക് പിഴത്തീരുവ ബാധകമല്ല. അമേരിക്കയിലേക്കുള്ള ഏഴര ലക്ഷം കോടി രൂപയുടെ ഇന്ത്യൻ കയറ്റുമതിയിൽ പകുതിയും അധിക തീരുവയുടെ കീഴിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.