യു.എസിൽ തടങ്കലിലാക്കപ്പെട്ട ദക്ഷിണ കൊറിയൻ തൊഴിലാളികളെ തിരിച്ചുകൊണ്ടുവരാൻ കൊറിയൻ എയർ ബോയിംഗ് 747-8എൽ ചാർട്ടേഡ് വിമാനം ഇഞ്ചിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ.

‘പൗരൻമാരെ കൈവിട്ട് കളിയില്ല’- യു.എസിൽ തടങ്കലിലായ തൊഴിലാളികൾക്കായി ​പ്രത്യേക വിമാനമയച്ച് ദക്ഷിണ കൊറിയ

സോൾ: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്റെ രാജ്യവ്യാപകമായ കുടിയേറ്റ വിരുദ്ധ നീക്കത്തിന്‍റെ ഭാഗമായി യു.എസിൽ തടങ്കലിലായ 300 പൗരന്മാരെ തിരികെയെത്തിക്കാൻ പ്രത്യേക വിമാനമയച്ച് ദക്ഷിണ കൊറിയ. കഴിഞ്ഞ ശനിയാഴ്ചയാണ് ജോർജിയയിലെ എലാബെൽ പട്ടണത്തിൽ നിർമാണത്തിലിരിക്കുന്ന ഹ‍്യൂണ്ടായി-എൽ.ജി ബാറ്ററി നിർമാണ കേന്ദ്രത്തി​ൽ നിന്ന് തൊഴിലാളി​കളെ കസ്റ്റഡിയി​ലെടുത്തത്.

തടങ്കലിലായവരെ മോചിപ്പിക്കാൻ യു.എസ് സർക്കാരുമായി ധാരണയിലെത്തിയതായി കൊറിയന്‍ പ്രസിഡന്‍റ് ലീ ജെയ് മ‍്യുങ്ങിന്‍റെ വക്താവ് കാങ് ഹൂന്‍ സിക് അറിയിച്ചു. 300 കൊറിയന്‍ പൗരന്മാരെ നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച നാട്ടിലെത്തിക്കുമെന്നും ​അദ്ദേഹം വ്യക്തമാക്കി.

പരിശോധയിൽ മതിയായ രേഖകളില്ലാത്തവരായി കണ്ടെത്തിയ 475 തൊഴിലാളികളെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരിൽ ഭൂരിഭാഗവും യു.എസിൽ നിയമവിരുദ്ധമായി ​ജോലിചെയ്യുന്ന ദക്ഷിണ കൊറിയക്കാരാണെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. കസ്റ്റഡിയിലെടുത്തവ​രെ കൈകാലുകളിൽ വിലങ്ങണിയിച്ച് പരിശോധിക്കുന്ന ദൃശ്യങ്ങൾ യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് (എച്ച്.എസ്.ഐ) പുറത്തുവിടുകയും ചെയ്തു.

ട്രംപിന്റെ താരിഫ് ഭീഷണികൾ മറികടക്കാൻ അമേരിക്കയിൽ ഫാക്ടറികൾ നിർമ്മിക്കുന്നതിനായി ദക്ഷിണ കൊറിയൻ കമ്പനികൾ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപ പദ്ധതികളുമായി മുന്നോട്ടുപോവുന്നതിനിടെയാണ് യു.എസ് നടപടി. അതേസമയം, വിനോദസഞ്ചാരത്തിനോ ബിസിനസ് ആവശ്യങ്ങൾക്കോ 90 ദിവസം വരെ യു.എസിൽ തുടരാൻ അനുമതിയുള്ളവരെയടക്കം പ്ളാന്റിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ആരോപണമുയരുന്നുണ്ട്.

സംഭവത്തിൽ, ദക്ഷിണ കൊറിയ സിയോളിലെ യു.എസ് എംബസിയെ ആശങ്കയറിയിച്ചിരുന്നു. യു.എസ് നിയമപാലനത്തിൽ നിക്ഷേപകരുടെ അവകാശങ്ങളും താത്പര്യങ്ങളും അന്യായമായി ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് ലീ ജെയ്-വൂങ് പറഞ്ഞു. 

Tags:    
News Summary - South Korea sends plane to US to bring back workers detained during ICE raid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.