സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയാകണം; ആവശ്യമുന്നയിച്ച് നേപ്പാളിലെ ജെൻ സി പ്രക്ഷോഭകർ

കാ​ഠ്മ​ണ്ഡു: നേപ്പാളിലെ ഇടക്കാല സർക്കാറിന്റെ തലപ്പത്ത് മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി വരണമെന്ന് ആവശ്യപ്പെട്ട് ജെൻ സി പ്രക്ഷോഭക്കാർ. 5,000ത്തിലധികം യുവാക്കൾ പങ്കെടുത്ത വെർച്വൽ മീറ്റിങ്ങിലാണ് ആവശ്യമുയർന്നത്. ഇടക്കാല സർക്കാറിന്‍റെ തലപ്പത്തേക്ക് വരാൻ സാധ്യതയുള്ളവരെക്കുറിച്ചായിരുന്നു ചർച്ച. കാഠ്മണ്ഡു മേയർ ബാലൻ ഷായെ ആദ്യം പരിഗണിച്ചെങ്കിലും അദ്ദേഹത്തിന്‍റെ ഭാഗത്തു നിന്ന് പ്രതികരണമൊന്നും ലഭിച്ചില്ലെന്ന് മീറ്റിങ്ങിൽ പങ്കെടുത്തവർ പറഞ്ഞു.

റാപ്പർ കൂടിയായ ബാലൻ ഷാ സംഗീതത്തിലൂടെ അഴിമതി, അസമത്വം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച വ്യക്തിയാണ്. 2022ൽ കാഠ്മണ്ഡു മേയർ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയും പ്രമുഖ പാർട്ടികളുടെ സ്ഥാനാർഥികളെ പരാജയപ്പെടുത്തി 61,000ത്തിലേറെ വോട്ടുകൾക്ക് വിജയിച്ച് താരമാവുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലെ സജീവ സാന്നിധ്യം കൂടിയായ ബാലെൻ പൗര-രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് പതിവായി ആശയവിനിമയം നടത്താറുണ്ട്.

എന്നാൽ ​​അദ്ദേഹം തങ്ങളുടെ കോളുകൾ സ്വീകരിക്കാത്തതിനാൽ, ചർച്ച മറ്റ് പേരുകളിലേക്ക് മാറിയെന്നും ഏറ്റവും കൂടുതൽ പിന്തുണ സുശീല കർക്കിക്കാണ് ലഭിച്ചതെന്നും ഒരു ജെൻ സി പ്രതിനിധി പറഞ്ഞതായി നേപ്പാളി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ നിർദ്ദേശവുമായി നേരത്തെ തന്നെ കർക്കിയെ സമീപിച്ചിരുന്നു എന്നാണ് വിവരം. കർക്കിക്കാണ് കൂടുതൽ പിന്തുണയെങ്കിലും മീറ്റിങ്ങിൽ മറ്റ് നിരവധി പ്രമുഖ പേരുകൾ ചർച്ച ചെയ്യപ്പെട്ടു.

നേപ്പാൾ വൈദ്യുതി അതോറിറ്റി മേധാവി കുൽമാൻ ഘിസിങ്, യുവനേതാവ് സാഗർ ധക്കൽ, ധരൺ മേയർ ഹർക്ക സംപാങ് എന്നിവരുടെ പേരുകൾ ചർച്ചയിൽ ഉയർന്നു വന്നു. റാൻഡം നേപ്പാളി എന്ന യൂട്യൂബറിനും വലിയ പിന്തുണ ലഭിച്ചു. എന്നാൽ മറ്റാരും ആ സ്ഥാനം സ്വീകരിച്ചില്ലെങ്കിൽ മാത്രമേ താൻ മുന്നോട്ട് വരൂ എന്ന് അദ്ദേഹം വ്യക്തമാക്കി. സുശീല കർക്കി നിർദ്ദേശം അംഗീകരിച്ചാൽ, ആദ്യം കരസേന മേധാവി ജനറൽ അശോക് രാജ് സിഗ്ഡലിനെ കാണുമെന്നും തുടർന്ന് പ്രസിഡന്റ് രാം ചന്ദ്ര പൗഡലിന്റെ അനുമതി തേടുമെന്നുമാണ് നേപ്പാളിലെ വിദഗ്ധർ പറയുന്നത്.

നേപ്പാളിനെ ആളിക്കത്തിച്ച് തുടരുന്ന ജെൻ സി പ്രക്ഷോഭത്തിനു പിന്നാലെയാണ് പ്രധാനമന്ത്രി കെ.പി ശർമ ഒലി രാജിവെച്ചത്. തിങ്കളാഴ്ച ആരംഭിച്ച പ്രക്ഷോഭം ശമിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമായതോടെയാണ് അദ്ദേഹം പദവി​യൊഴിഞ്ഞത്. ചൊവ്വാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് നൂറോളം പ്രക്ഷേഭാകാരികൾ ഇരച്ചു കയറുകയും, വസതിക്ക് തീവെക്കുകയും ചെയ്തിരുന്നു. 19 പേരുടെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ചൊവ്വാഴ്ച പ്രധാനമന്ത്രിയുടെ സ്വകാര്യ വസതിക്ക് പുറത്ത് ഒത്തുകൂടി പ്രതിഷേധക്കാർ പ്രക്ഷോഭം സജീവമാക്കിത്. മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും വസതികളും ഓഫിസുകളും അഗ്നിക്കിരയാക്കി.

പ്രധാനമന്ത്രിക്ക് പുറമെ, കൃഷി മന്ത്രി രാംനാഥ് അധികാരി, ജലവിതരണ മന്ത്രി പ്രദീപ് യാദവ്, സർക്കാറിന്റെ ഭാഗമായ നേപ്പാൾ കോൺഗ്രസ് ശേഖർ കൊയ്രാള വിഭാഗം മന്ത്രിമാർ എന്നിവരും രാജിവെച്ചു. ​പ്രക്ഷോഭം സംഘർഷമായി മാറിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുപ്പ് ആഭ്യന്തര മന്ത്രി രമേശ് ലേഖകും രാജിവെച്ചിരുന്നു.

അതേസമയം, നേപ്പാളിലെ ​ജെൻ സി പ്രക്ഷോഭത്തെ സോഷ്യൽ മീഡിയ നിരോധനത്തിനെതിരെയുള്ള അപക്വമായ സമരമായി ചുരുക്കിക്കാണിക്കുന്നതിനെതിരെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും ഇൻഫ്ലുവൻസറുമായ ധ്രുവ് റാഠി രംഗത്തി വന്നിരുന്നു. അഴിമതിക്കും ദുർഭരണത്തിനും എതിരായാണ് നേപ്പാളിലെ പുതുതലമുറ പ്രക്ഷോഭമെന്നും സോഷ്യൽ മീഡിയ നിരോധനം പെട്ടെന്നുണ്ടായ കാരണം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ യാഥാർഥ്യം മറച്ചുവെച്ച് ഇന്ത്യയിലെ ഗോദി മീഡിയ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിന്റെ കാരണം എന്താണെന്നും ധ്രുവ് റാഠി ചോദിച്ചു.   

Tags:    
News Summary - Nepals Gen Z picks Chief Justice Sushila Karki as interim leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.