കാഠ്മണ്ഡു: അഴിമതി, സ്വജനപക്ഷപാതം എന്നീ ആരോപണങ്ങളെ തുടർന്നുള്ള ബഹുജന പ്രതിഷേധങ്ങൾ നേപ്പാൾ സർക്കാറിനെ താഴെയിറക്കിയിരിക്കുകയാണ്. മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കിയെ നേപ്പാളിന്റെ ഇടക്കാല മേധാവിയായി നിയമിക്കണമെന്നാണ് ജെൻ സി പ്രക്ഷോഭകാരികൾ ആവശ്യപ്പെടുന്നത്. നേപ്പാളിന്റെ ചീഫ് ജസ്റ്റിസ് ആയി സേവനമനുഷ്ഠിച്ച ആദ്യ വനിതയാണ് സുശീല കർക്കി. പുതിയ തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ രാജ്യത്തെ സുശീല കർക്കി നയിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. ബുധനാഴ്ച രാവിലെ നടന്ന യുവാക്കളുടെ വെർച്വൽ യോഗത്തിലാണ് അവരുടെ പേര് ഉയർന്നുവന്നത്.
ഉത്തരവാദിത്തം ഏറ്റെടുക്കാൻ താൻ തയാറാണെന്ന് പ്രത്യേക അഭിമുഖത്തിൽ കർക്കി പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിഷേധത്തിനിടെ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ ആദരിക്കുകയും പിന്തുണക്കുകയും ചെയ്യുക എന്നതിനാണ് തന്റെ അടിയന്തര മുൻഗണനയെന്ന് കർക്കി വ്യക്തമാക്കി. പ്രസ്ഥാനത്തിലെ യുവ അംഗങ്ങൾ തന്റെ പേരിന് അനുകൂലമായി വോട്ട് ചെയ്തതായി അവർ സ്ഥിരീകരിച്ചു.
'ഇടക്കാല സർക്കാറിനെ നയിക്കാനുള്ള അവരുടെ അഭ്യർഥന ഞാൻ സ്വീകരിച്ചു' -അവർ പറഞ്ഞു. നേപ്പാളിന്റെ നിലവിലെ സാഹചര്യം ദുഷ്‌കരമാണെന്ന് കർക്കി പറഞ്ഞു. നേപ്പാളിൽ മുൻകാലങ്ങളിലും പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ഇപ്പോൾ സ്ഥിതി വളരെ കഠിനമാണെന്നും അവർ വ്യക്തമാക്കി. നേപ്പാളിന്റെ വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
നേപ്പാളും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും സുശീല കർക്കി സംസാരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാണെന്നും വർഷങ്ങളായി അങ്ങനെ തന്നെയാണെന്നും കർക്കി പറഞ്ഞു. ഇന്ത്യയോട് വളരെയധികം ബഹുമാനവും സ്നേഹവുമുണ്ടെന്നും ഇന്ത്യ നേപ്പാളിനെ വളരെയധികം സഹായിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. ഇന്ത്യൻ നേതാക്കളുമായി നല്ല ബന്ധമുണ്ടെന്നും നരേന്ദ്രമോദിയെ കുറിച്ച് നല്ല അഭിപ്രായമാണെന്നും അവർ വ്യക്തമാക്കി.
അതേസമയം, 5000ത്തിലധികം യുവാക്കൾ പങ്കെടുത്ത വെർച്വൽ മീറ്റിങ്ങിലാണ് സുശീല കർക്കി ഇടക്കാല ഗവൺമെന്‍റിനെ നയിക്കണമെന്ന ആവശ്യമുയർന്നത്. ചർച്ചയിൽ ഉയർന്ന പേരുകളിൽ ഏറ്റവും കൂടുതൽ പിന്തുണ സുശീല കർക്കിക്കാണ് ലഭിച്ചതെന്ന് ഒരു ജെൻ സി പ്രതിനിധി പറഞ്ഞതായി നേപ്പാളി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നേപ്പാളിനെ ആളിക്കത്തിച്ച് തുടരുന്ന ജെൻ സി പ്രക്ഷോഭത്തിനു പിന്നാലെയാണ് പ്രധാനമന്ത്രി കെ.പി ശർമ ഒലി രാജിവെച്ചത്. തിങ്കളാഴ്ച ആരംഭിച്ച പ്രക്ഷോഭം ശമിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമായതോടെയാണ് അദ്ദേഹം പദവിയൊഴിഞ്ഞത്. ചൊവ്വാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് നൂറോളം പ്രക്ഷേഭാകാരികൾ ഇരച്ചു കയറുകയും, വസതിക്ക് തീവെക്കുകയും ചെയ്തിരുന്നു. 19 പേരുടെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ചൊവ്വാഴ്ച പ്രധാനമന്ത്രിയുടെ സ്വകാര്യ വസതിക്ക് പുറത്ത് ഒത്തുകൂടി പ്രതിഷേധക്കാർ പ്രക്ഷോഭം സജീവമാക്കിത്.
മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും വസതികളും ഓഫിസുകളും അഗ്നിക്കിരയാക്കി.പ്രധാനമന്ത്രിക്ക് പുറമെ, കൃഷി മന്ത്രി രാംനാഥ് അധികാരി, ജലവിതരണ മന്ത്രി പ്രദീപ് യാദവ്, സർക്കാറിന്റെ ഭാഗമായ നേപ്പാൾ കോൺഗ്രസ് ശേഖർ കൊയ്രാള വിഭാഗം മന്ത്രിമാർ എന്നിവരും രാജിവെച്ചു. പ്രക്ഷോഭം സംഘർഷമായി മാറിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുപ്പ് ആഭ്യന്തര മന്ത്രി രമേശ് ലേഖകും രാജിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.