ഇസ്രായേൽ ആക്രമണം രൂക്ഷമായ ഗസ്സ സിറ്റിയിൽനിന്ന് നാടുവിടുന്നവർ
ലണ്ടൻ: ഖാലിദ് മിശ്അലും ഖലീൽ അൽഹയ്യയുമടക്കം ഹമാസ് രാഷ്ട്രീയ നേതൃത്വത്തിലെ പ്രമുഖർ സംഗമിച്ച ഇടത്തുതന്നെ ബോംബിടുക വഴി ഇസ്രായേൽ ലക്ഷ്യമിട്ടതെന്തെന്ന് വ്യക്തം. ഹമാസിന്റെ ശക്തിസ്രോതസ്സുകളെ ഇല്ലാതാക്കിയാൽ പിന്നെ ചർച്ചകൾക്ക് പ്രസക്തിയുണ്ടാകില്ല. എല്ലാം തങ്ങളിച്ഛിച്ച വഴിയെ ആക്കൽ എളുപ്പം.
എന്നാൽ, യഥാർഥത്തിൽ സംഭവിച്ചത് മറ്റൊന്നാണ്. ഹമാസ് അംഗങ്ങളായ അഞ്ചു പേർ കൊല്ലപ്പെട്ട ആക്രമണത്തിൽ നേതാക്കൾ സുരക്ഷിതരാണെന്ന് ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം സുഹൈൽ അൽഹിന്ദി വ്യക്തമാക്കിക്കഴിഞ്ഞു. പകരം, എന്നും മധ്യനിലപാട് സ്വീകരിക്കുകയും ചർച്ചകളിൽ പ്രധാന മധ്യസ്ഥനായി നിലയുറപ്പിക്കുകയും ചെയ്ത ഖത്തർ ആക്രമിക്കപ്പെട്ടിരിക്കുന്നു. രാജ്യാന്തര ചട്ടങ്ങളെ നഗ്നമായി ലംഘിച്ചുള്ള ആക്രമണം ഇസ്രായേൽ അല്ലാതെ ഒരു രാജ്യവും പരസ്യമായി അംഗീകരിക്കാൻ പോകുന്നില്ല. അതുണ്ടാക്കുന്ന നയതന്ത്ര പ്രശ്നങ്ങൾ ചെറുതാകില്ലെന്നുറപ്പ്.
ഇനിയും ചർച്ച തുടരുമെന്നും ആക്രമണത്തിന്റെ പേരിൽ പിൻവാങ്ങാനില്ലെന്നും ഖത്തർ അറിയിച്ചിട്ടുണ്ടെങ്കിലും ഇനി അത് എന്ന് സംഭവിക്കുമെന്നാണ് ചോദ്യം. ഈ നേതാക്കൾ തുടർന്നും എവിടെയുണ്ടെങ്കിലും ആക്രമിക്കുമെന്ന് ഇസ്രായേൽ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ പരമാധികാരം തങ്ങൾക്ക് വിഷയമല്ലെന്നാണ് ഇസ്രായേലിന്റെ ഭീഷണി. കൂടുതൽ രാജ്യങ്ങളെ സംഘർഷത്തിലേക്ക് വലിച്ചിഴക്കുന്നതാകും ഈ ധാർഷ്ട്യം.
ഗസ്സ വെടിനിർത്തൽ ചർച്ചകൾ മാത്രമല്ല, അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ സൃഷ്ടിയായ അബ്രഹാം ഉടമ്പടിയും പ്രതിസന്ധിയിലാകും. ഇതിനകം ഒപ്പുവെച്ച രാജ്യങ്ങൾ പോലും പിൻവാങ്ങുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ദോഹയിൽ ഇസ്രായേൽ ലക്ഷ്യമിട്ട ഖലീൽ അൽഹയ്യ ഏറെയായി മധ്യസ്ഥ ചർച്ചകളിലെ സ്ഥിരം സാന്നിധ്യമാണ്. ഏറെയായി ഒരു കൈയകലത്തിൽ നിന്ന ഹമാസ് നേതാവിനെ ഇനി വേണ്ടെന്ന് ഇസ്രായേൽ തീരുമാനിച്ചത് സ്വാഭാവികമായും ചർച്ചകൾ വഴിമുട്ടിക്കും. 2024 ജൂലൈയിൽ ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയെ ടെഹ്റാനിൽ വധിച്ചതിനെക്കാൾ പ്രത്യാഘാതങ്ങളുള്ളതാണ് ഖലീൽ അൽഹയ്യയടക്കം നേതാക്കളെ ലക്ഷ്യമിട്ടത്.
ഖത്തർ ആക്രമിക്കാനുള്ള തീരുമാനമെടുത്തത് ഇസ്രായേൽ പ്രധാനമന്ത്രിയാണെന്നും അമേരിക്കൻ പ്രസിഡന്റ് അല്ലെന്നും ട്രംപ് പ്രസ്താവനയിറക്കിയത് സംഭവത്തിൽ തനിക്ക് കാര്യമായ റോൾ ഉണ്ടായില്ലെന്ന് വ്യക്തമാക്കുന്നതാണ്. ഖത്തറിനു മേൽ ഏകപക്ഷീയമായി ആക്രമണം നടത്തുന്നത് അമേരിക്കയുടെയോ ഇസ്രായേലിന്റെയോ താൽപര്യങ്ങൾ സംരക്ഷിക്കാൻ പോകുന്നില്ലെന്നും ട്രംപ് പറയുന്നു.
എന്നാൽ, മധ്യസ്ഥ ശ്രമങ്ങൾ ഖത്തറിന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണെന്നും ഒന്നും അതിനെ തടസ്സപ്പെടുത്താനാകില്ലെന്നും ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിയുടെ വാക്കുകളിലാണ് ഇനി പ്രതീക്ഷ. സമീപ നാളുകളിൽ ഖത്തറിലാണ് പ്രധാനമായും ചർച്ചകൾ നടന്നിരുന്നത്. സമാധാനത്തിന്റെ വഴികൾ അട്ടിമറിക്കപ്പെട്ടുവെന്നും നെതന്യാഹു നടത്തിയത് ഭരണകൂട ഭീകരതയാണെന്നും ഖത്തർ പ്രധാനമന്ത്രി പറയുന്നു.
ഗസ്സ സിറ്റി: ഇസ്രായേൽ ഭീഷണിയെ തുടർന്ന് ഗസ്സ സിറ്റിയിൽനിന്ന് രക്ഷപ്പെട്ട് അഭയം തേടിയവർ കഴിഞ്ഞ തമ്പുകളിലെ ഇസ്രായേൽ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയുടെ പടിഞ്ഞാറു ഭാഗത്തായി ഉയർത്തിയ തമ്പുകൾക്കു നേരെയായിരുന്നു ആക്രമണം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഗസ്സ സിറ്റിയിൽ ഒരു കൂറ്റൻ കെട്ടിടം കൂടി ഇസ്രായേൽ ബോംബറുകൾ തകർത്തു. ഗസ്സ തുറമുഖത്തോടു ചേർന്നുള്ള തബ്ലിയ ടവർ രണ്ടാണ് ഉച്ചയോടെ ബോംബിങ്ങിൽ തകർത്തത്. ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടിട്ടുണ്ട്. ദക്ഷിണ ഗസ്സയിലെ ഖാൻ യൂനുസിൽ ഡ്രോൺ ആക്രമണത്തിൽ രണ്ടുപേരും കൊല്ലപ്പെട്ടു. ഗസ്സയിൽ 24 മണിക്കൂറിനിടെ 41 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവർ 184 ആണ്. ഇതോടെ ഗസ്സ വംശഹത്യയിൽ മരണസംഖ്യ 64,656 ആയി. അതിനിടെ, ഗസ്സ സിറ്റിയിൽ കരയാക്രമണം നടത്തുമെന്നും അതിനു മുമ്പ് ബന്ദികളെ വിട്ടയക്കണമെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി കാറ്റ്സ് ഭീഷണി മുഴക്കിയിട്ടുണ്ട്.
ഖത്തർ ഭീകരാക്രമണത്തിനെതിരെ ലോകമെങ്ങും രോഷം അലയടിക്കുന്നതിനിടെ അഴിമതിക്കേസിൽ കോടതിയിലെത്തി ബിന്യമിൻ നെതന്യാഹു. തെൽ അവിവ് കോടതിയിലാണ് ഒരു മാസത്തിനിടെ ആദ്യമായി വിചാരണ പുനരാരംഭിച്ചത്. നെതന്യാഹു കുറ്റക്കാരനെന്ന് നേരത്തെ കുറ്റം ചുമത്തിയ കേസ് 1000ലായിരുന്നു വാദം കേൾക്കൽ. മറ്റ് രണ്ട് കേസുകൾ കൂടി നെതന്യാഹുവിനെതിരെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.