നേപ്പാളിലെ യുവജന പ്രക്ഷോഭത്തിൽനിന്ന്
കാഠ്മണ്ഡു: യുവജന പ്രക്ഷോഭം രൂക്ഷമായത് മുതലെടുത്ത് നേപ്പാളിലെ ജയിലുകളിൽ നിന്ന് ചാടിയത് 7000ത്തോളം തടവുകാർ. പടിഞ്ഞാറൻ നേപ്പാൾ ബാങ്കെയിലെ ബൈജ്നാഥ് റൂറൽ മുനിസിപ്പാലിറ്റി- മൂന്നിലെ നൗബാസ്റ്റയിലെ ജുവനൈൽ ഹോമിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് പ്രായപൂർത്തിയാകാത്ത തടവുകാർ മരിച്ചു. നിരവധി തടവുകാർ ജയിൽ ചാടാനുള്ള ശ്രമം സുരക്ഷ ഉദ്യോഗസ്ഥർ തടഞ്ഞു.
ആയുധങ്ങൾ കൈക്കലാക്കാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിനിടെ പൊലീസ് വെടിവെപ്പിലാണ് അഞ്ച് കുട്ടിത്തടവുകാർ മരിച്ചത്. നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. മുതിർന്നവർക്കുള്ള ജയിലിൽ 585 തടവുകാരിൽ 149 പേരും ജുവനൈൽ ഹോമിലെ 176 തടവുകാരിൽ 76 പേരും രക്ഷപ്പെട്ടതായി അധികൃതർ പറഞ്ഞു.
ഏകദേശം 7000 തടവുകാർ വിവിധ ജയിലുകളിൽനിന്ന് രക്ഷപ്പെട്ടതായി മൈ റിപ്പബ്ലിക്ക പത്രം റിപ്പോർട്ട് ചെയ്തു. കുറ്റകൃത്യങ്ങൾക്ക് ഇരയായ പലരും തടവുകാരുടെ പ്രതികാര നടപടികൾ ഭയന്ന് വീടു വിട്ടുപോയതായി റിപ്പോർട്ടുണ്ട്.
നേപ്പാളിൽ സമൂഹ മാധ്യമ വിലക്കിനും അഴിമതിക്കുമെതിരെ നടന്ന പ്രക്ഷോഭത്തിനൊടുവിൽ പ്രധാനമന്ത്രിയും രാഷ്ട്രപതിയും രാജിവെച്ചിരുന്നു. സെപ്റ്റംബർ നാലിനാണ് ഫേസ്ബുക്ക്, വാട്സ്ആപ്, എക്സ് എന്നിവയുൾപ്പെടെ 26 സമൂഹ മാധ്യമങ്ങൾ നേപ്പാൾ സർക്കാർ നിരോധിച്ചത്. ദുരുപയോഗം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് രജിസ്റ്റർ ചെയ്യണമെന്ന നിർദേശം പാലിക്കാതിരുന്നതിനാണ് നടപടിയെന്ന് സർക്കാർ പറയുന്നു. വ്യാജ അക്കൗണ്ടുകൾ വഴി ചിലർ വിദ്വേഷ പരാമർശങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുകയാണെന്നും കുറ്റകൃത്യങ്ങൾ നടത്തുകയാണെന്നുമാണ് സർക്കാർ ആരോപണം.
എന്നാൽ, അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാർ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തുകയാണെന്ന് പ്രക്ഷോഭകർ ആരോപിച്ചു. പാർലമെന്റിന് സമീപം പ്രഖ്യാപിച്ച കർഫ്യൂ പിന്നീട് പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫിസുകളും വസതികളും സ്ഥിതി ചെയ്യുന്ന കാഠ്മണ്ഡുവിലെ സിംഗ ദർബാർ പ്രദേശത്തേക്കും വ്യാപിപ്പിക്കുകയായിരുന്നു. രാജ്യത്തിന്റെ ദക്ഷിണ മേഖലയിലെ ബിരാത്നഗർ, ഭരത്പൂർ, ലോകത്തെ 10ാമത്തെ ഉയരംകൂടിയ പർവതമായ പടിഞ്ഞാറൻ നേപ്പാളിലെ അന്നപൂർണ പർവതത്തിലേക്കുള്ള പ്രവേശന കവാടമായ പൊഖാറ എന്നിവിടങ്ങളിലും പ്രക്ഷോഭം അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.