നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിൽനിന്ന്

‘ഹിന്ദു രാഷ്ട്രമാക്കണം, പ്രധാനമന്ത്രിക്ക് പരമാവധി രണ്ട് ടേം’; നേപ്പാളിലെ ജെൻ സികളുടെ ആവശ്യങ്ങൾ ഇങ്ങനെ

കാഠ്മണ്ഡു: പതിറ്റാണ്ടുകൾക്കിടെയുണ്ടായ വലിയ പ്രക്ഷോഭത്തിനാണ് ഹിമാലയൻ രാജ്യമായ നേപ്പാൾ സാക്ഷ്യം വഹിക്കുന്നത്. യുവതലമുറയുടെ നേതൃത്വത്തിൽ അരങ്ങേറിയ പ്രക്ഷോഭം മൂന്നാംനാളും ശമിച്ചിട്ടില്ല. അഴിമതിയിൽ മുങ്ങിയ ഭരണത്തിൽനിന്ന് മോചനം വേണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. സമൂഹമാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ സർക്കാർ തീരുമാനം കാലാപം പൊട്ടിപ്പുറപ്പെടാൻ പെട്ടെന്നുള്ള കാരണമായി. മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കിയെ ഇടക്കാല സർക്കാറിന്‍റെ തലപ്പത്തുകൊണ്ടുവരാനുള്ള നിർദേശം മുന്നോട്ടുവെച്ചിരിക്കുകയാണ് ജെൻ സീകൾ. നേപ്പാളിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ഏക വനിതയായ കർക്കിക്ക് വലിയ ജനകീയ പിന്തുണയുമുണ്ട്.

വൻ അഴിമതി നടത്തിയ രാഷ്ട്രീയ നേതാക്കൾക്കെതിരെ സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും നടപടി സ്വീകരിക്കണമെന്നും യുവാക്കൾ ആവശ്യപ്പെടുന്നു. നേപ്പാളിനെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം, രാജ്യംവിട്ട പ്രധാനമന്ത്രി കെ.പി. ശർമ ഒലിക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണം, പ്രധാനമന്ത്രി പദത്തിൽ ഒരാൾക്ക് പരമാവധി രണ്ടുതവണ മാത്രം അധികാരത്തിലിരിക്കത്തവണ്ണം ഭരണഘടനയിൽ ഭേദഗതി വരുത്തണം, ഭരണഘടനാ സ്ഥാപനങ്ങളിലുൾപ്പെടെ നടത്തിയ രാഷ്ട്രീയ നിയമനങ്ങൾ റദ്ദാക്കണം എന്നീ ആവശ്യങ്ങളും ജെൻ സീകൾ ഉന്നയിക്കുന്നു.

യുവാക്കൾ ജോലി കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോഴും വലിയ രാഷ്ട്രീയ നേതാക്കളുടെ മക്കൾ -നെപ്പോ കിഡ്സ്- ആഡംബര ജീവിതം നയിക്കുന്നത് ജെൻ സികളെ ചൊടിപ്പിച്ചിരുന്നു. നേപ്പാളി കോൺഗ്രസ് പാർട്ടിലെ പല നേതാക്കളെയും പ്രതിഷേധക്കാർ ‘കൈകാര്യം ചെയ്യുന്നതി’ന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 5,000ത്തിലധികം യുവാക്കൾ പങ്കെടുത്ത വെർച്വൽ മീറ്റിങ്ങിലാണ് ശുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയാകണമെന്ന ആവശ്യമുയർന്നത്. കാഠ്മണ്ഡു മേയർ ബാലേൻ ഷായെ ആദ്യം പരിഗണിച്ചെങ്കിലും അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ലഭിച്ചില്ലെന്ന് മീറ്റിങ്ങിൽ പങ്കെടുത്തവർ പറഞ്ഞു.

സുശീല കർക്കി നിർദ്ദേശം അംഗീകരിച്ചാൽ, ആദ്യം കരസേന മേധാവി ജനറൽ അശോക് രാജ് സിഗ്ഡലിനെ കാണുമെന്നും തുടർന്ന് പ്രസിഡന്റ് രാം ചന്ദ്ര പൗഡലിന്റെ അനുമതി തേടുമെന്നുമാണ് നേപ്പാളിലെ വിദഗ്ധർ പറയുന്നത്. നേപ്പാളിനെ ആളിക്കത്തിച്ച് തുടരുന്ന ജെൻ സി പ്രക്ഷോഭത്തിനു പിന്നാലെയാണ് പ്രധാനമന്ത്രി കെ.പി ശർമ ഒലി രാജിവെച്ചത്. തിങ്കളാഴ്ച ആരംഭിച്ച പ്രക്ഷോഭം ശമിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമായതോടെയാണ് അദ്ദേഹം പദവി​യൊഴിഞ്ഞത്. ചൊവ്വാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് നൂറോളം പ്രക്ഷേഭാകാരികൾ ഇരച്ചു കയറുകയും, വസതിക്ക് തീവെക്കുകയും ചെയ്തിരുന്നു. 19 പേരുടെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ചൊവ്വാഴ്ച പ്രധാനമന്ത്രിയുടെ സ്വകാര്യ വസതിക്ക് പുറത്ത് ഒത്തുകൂടി പ്രതിഷേധക്കാർ പ്രക്ഷോഭം സജീവമാക്കിത്. മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും വസതികളും ഓഫിസുകളും അഗ്നിക്കിരയാക്കി.

പ്രധാനമന്ത്രിക്ക് പുറമെ, കൃഷി മന്ത്രി രാംനാഥ് അധികാരി, ജലവിതരണ മന്ത്രി പ്രദീപ് യാദവ്, സർക്കാറിന്റെ ഭാഗമായ നേപ്പാൾ കോൺഗ്രസ് ശേഖർ കൊയ്രാള വിഭാഗം മന്ത്രിമാർ എന്നിവരും രാജിവെച്ചു. ​പ്രക്ഷോഭം സംഘർഷമായി മാറിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുപ്പ് ആഭ്യന്തര മന്ത്രി രമേശ് ലേഖകും രാജിവെച്ചിരുന്നു.

അതേസമയം, നേപ്പാളിലെ ​ജെൻ സി പ്രക്ഷോഭത്തെ സോഷ്യൽ മീഡിയ നിരോധനത്തിനെതിരെയുള്ള അപക്വമായ സമരമായി ചുരുക്കിക്കാണിക്കുന്നതിനെതിരെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും ഇൻഫ്ലുവൻസറുമായ ധ്രുവ് റാഠി രംഗത്തി വന്നിരുന്നു. അഴിമതിക്കും ദുർഭരണത്തിനും എതിരായാണ് നേപ്പാളിലെ പുതുതലമുറ പ്രക്ഷോഭമെന്നും സോഷ്യൽ മീഡിയ നിരോധനം പെട്ടെന്നുണ്ടായ കാരണം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ യാഥാർഥ്യം മറച്ചുവെച്ച് ഇന്ത്യയിലെ ഗോദി മീഡിയ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിന്റെ കാരണം എന്താണെന്നും ധ്രുവ് റാഠി ചോദിച്ചു.

Tags:    
News Summary - Hindu Rashtra, No PM For More Than 2 Terms: Gen Z's Demands In Nepal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.