ഖത്തർ ആക്രമണം: നെതന്യാഹുവി​ന്റെ ലക്ഷ്യം വെടിനിർത്തലിന് തുരങ്കം വെക്കൽ? ആശങ്കയുമായി ബന്ദികളു​ടെ ബന്ധുക്കൾ

ജറൂസലം: ഖത്തർ തലസ്ഥാനമായ ദോഹയിൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നിൽ അവസാനഘട്ടത്തിലെത്തിയ ഗസ്സ വെടിനിർത്തൽ ചർച്ച പൊളിക്കുക എന്ന ഉന്നം കൂടി നെതന്യാഹുവിനുണ്ടെന്ന് സൂചന. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശത്തിലൂന്നിയുള്ള ചർച്ചക്ക് മധ്യസ്ഥം വഹിക്കുന്നത് ഖത്തറാണ്. അവിടെ ആതിക്രമിച്ച് കയറി ആക്രമണം നടത്തുന്നതോടെ ഖത്തർ സ്വാഭാവികമായും ചർച്ചക്ക് മധ്യസ്ഥം വഹിക്കുന്നതിൽനിന്ന് പിന്മാറുമെന്ന കുതന്ത്രം ഇസ്രായേലിന്റെ ആക്രമണത്തിന് പിന്നിലുണ്ടെന്നാണ് കരുതപ്പെടുന്നത്.

കൂടാതെ ഹമാസും നിലപാട് കടുപ്പിക്കാൻ സാധ്യതയുണ്ട്. ബന്ദികളുടെ ബന്ധുക്കളും ഈ ആശങ്ക പങ്കുവെക്കുന്നു. ദോഹ ആക്രമണം ബന്ദികളുടെ തിരിച്ചുവരവിനുള്ള സാധ്യത കടുത്ത അനിശ്ചിതത്വത്തിൽ ആക്കിയയതായി ഇസ്രായേലിലെ ‘ദ ഹോസ്റ്റേജസ് ആൻഡ് മിസ്സിങ് ഫാമിലീസ് ഫോറം’ ഭാരവാഹികൾ പറഞ്ഞു. ‘ഒരു കാര്യം തികച്ചും ഉറപ്പാണ്: അവരുടെ (ബന്ദികളുടെ) സമയം തീർന്നു കൊണ്ടിരിക്കുന്നു. എല്ലാവരും വീട്ടിൽ തിരിച്ചെത്തിയാൽ മാത്രമേ യഥാർത്ഥ വിജയം ഉണ്ടാകൂ’ -ഫോറം പ്രസ്താവനയിൽ പറഞ്ഞു.

ഒരേസമയം ഗസ്സയിൽ ഇസ്രായേലിന്റെ വംശഹത്യക്ക് പരസ്യമായി പിന്തുണയും സഹായവും നൽകുകയും വെടിനിർത്തൽ നിർദേശം മുന്നോട്ടുവെക്കുകയും ചെയ്യുന്ന യു.എസ് ഇസ്രായേലിന്റെ ഖത്തർ ആക്രമണത്തെ അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിനു നേരെയുള്ള ആക്രമണത്തെ ശക്തമായി അപലപിച്ച ഡൊണാൾഡ് ട്രംപ്, മേഖലയിലെ പ്രശ്നങ്ങൾ നയതന്ത്രശ്രമങ്ങളിലൂടെ പരിഹരിക്കണമെന്ന് ആവശ്യ​​പ്പെട്ടു. മേഖലയിൽ സമാധാനം കൈവരിക്കുന്നതിൽ ഖത്തറിന്റെ പങ്ക് ഊന്നിപ്പറഞ്ഞുകൊണ്ട് ഗസ്സ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥശ്രമങ്ങൾ തുടരണമെന്നും അമീറിനോട് ആവശ്യപ്പെട്ടു. 

താൻ മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം ഇസ്രായേൽ അംഗീകരിച്ചതായും ഹമാസിന് അവസാന അവസരമാണെന്നും ഇനി കാത്തിരിപ്പുണ്ടാവില്ലെന്നും കഴിഞ്ഞദിവസം ട്രംപ് പറഞ്ഞിരുന്നു. ട്രംപിന്റെ അനുവാദത്തോടെയാണ് ഇസ്രായേലിന്റെ ദോഹ ആക്രമണമെന്ന് പേര് വെളിപ്പെടുത്താത്ത മുതിർന്ന ഇസ്രായേൽ നേതാവിനെ ഉദ്ധരിച്ച് ‘ചാനൽ 12’ റിപ്പോർട്ട് ചെയ്തു.

ഒരു മാസത്തിനിടെ ഇസ്രായേൽ ആക്രമണം നടത്തുന്ന ആറാമത് അറബ് രാജ്യമാണ് ഖത്തർ. ഫലസ്തീനിൽ തുടരുന്ന ആക്രമണങ്ങളെ കൂടാതെ ലബനാൻ, സിറിയ, യമൻ, തുനീഷ്യ എന്നിവിടങ്ങളിലും ഇസ്രായേൽ അടുത്തിടെ ആക്രമണം നടത്തിയിരുന്നു.

മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാകുന്ന നടപടികൾക്ക് ഇസ്രായേലാണ് ഉത്തരവാദിയെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പറഞ്ഞു. സംഘർഷം ലഘൂകരിക്കുന്നതിനും സുസ്ഥിരമായ നയതന്ത്ര പരിഹാരങ്ങൾ കൈവരിക്കുന്നതിനുമുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നതുമാണിത്. ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം അതിന്റെ നിയമപരവും ധാർമികവുമായ ഉത്തരവാദിത്തങ്ങൾ നിർവഹിക്കണം. ഈ സമീപനത്തെ യു.എസ് പിന്തുണക്കുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. ഖത്തർ അതിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സഹോദര -സൗഹൃദ രാഷ്ട്രങ്ങൾക്കൊപ്പം നിൽക്കുകയും മാനുഷിക ലക്ഷ്യങ്ങൾക്കായുള്ള സമീപനം തുടരുമെന്നും അമീർ വ്യക്തമാക്കി.

Tags:    
News Summary - Hostage families express ‘grave fear’ that Doha strike could endanger the captives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.