ലണ്ടൻ: ഗസ്സയിൽ തുടരുന്ന വംശഹത്യ ഇസ്രായേൽ ഉടൻ നിർത്തണമെന്നാവശ്യപ്പെട്ട് ലോകരാജ്യങ്ങൾ. അമേരിക്ക നിരുപാധിക പിന്തുണയും സഹായവുമായി കൂട്ടുനിൽക്കുമ്പോഴും ആഗോള തലത്തിൽ ഇസ്രായേൽ കൂടുതൽ ഒറ്റപ്പെടുന്നുവെന്ന സൂചന നൽകി ബ്രിട്ടനും കാനഡയും ജപ്പാനുമടക്കം 28 രാജ്യങ്ങളാണ് സംയുക്ത പ്രസ്താവനയിൽ ഉടൻ യുദ്ധം അവസാനിപ്പാക്കാനാവശ്യപ്പെട്ടത്. കുരുന്നുകളുൾപ്പെടെ സാധാരണക്കാരെ മനുഷ്യത്വരഹിതമായി കൂട്ടക്കുരുതി നടത്തുന്നത് അപലപിക്കുന്ന പ്രമേയം ഗസ്സയിൽ സാധാരണക്കാരുടെ ദുരിതം സമാനതകളില്ലാത്ത ആഴങ്ങൾ സ്പർശിച്ചുവെന്ന് കുറ്റപ്പെടുത്തി. ‘‘ഭക്ഷണം ഇറ്റിറ്റായി മാത്രം അനുവദിച്ചും ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങളായ വെള്ളം പോലും മുടക്കിയും തുടരുന്ന ക്രൂരത അംഗീകരിക്കാനാകില്ല. അന്നത്തിനായി വരിനിന്ന 800ലേറെ പേർ അറുകൊല ചെയ്യപ്പെട്ടത് മഹാക്രൂരതയാണ്.
‘‘അപകടകരമാണ് സഹായ വിതരണത്തിന്റെ ഇസ്രായേൽ മാതൃക. അസ്ഥിരത സൃഷ്ടിക്കുന്നുവെന്ന് മാത്രമല്ല, ഗസ്സക്കാരുടെ മാനുഷിക അന്തസ്സും ഇത് ഇല്ലാതാക്കുന്നു. സാധാരണക്കാർക്ക് മൗലികമായ മാനുഷിക സഹായങ്ങൾ നിഷേധിക്കുന്നത് അംഗീകരിക്കില്ല. അന്താരാഷ്ട്ര മാനുഷിക ചട്ടങ്ങൾ ഇസ്രായേൽ പാലിക്കണം’’- പ്രസ്താവന ആവശ്യപ്പെട്ടു. ബ്രിട്ടൻ, ജപ്പാൻ, കാനഡ രാജ്യങ്ങൾക്ക് പുറമെ ആസ്ട്രേലിയ, സൈപ്രസ്, ഡെന്മാർക്, എസ്റ്റോണിയ, ഫിൻലാൻഡ്, ഐസ്ലാൻഡ്, അയർലൻഡ്, ഇറ്റലി, ഗ്രീസ്, ജപ്പാൻ, ലാത്വിയ, ലിത്വാനിയ, ലക്സംബർഗ്, മാൾട്ട, നെതർലൻഡ്സ്, ന്യൂസിലൻഡ്, പോളണ്ട്, പോർചുഗൽ, സ്ലോവേനിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരും പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുണ്ട്.
രാജ്യങ്ങളുടെ ആവശ്യം ഇസ്രായേലും യു.എസും നിഷേധിച്ചു. വെറുപ്പുളവാക്കുന്നതാണ് പ്രസ്താവനയെന്നും ഹമാസ് ക്രൂരതകൾ നിർത്താനാണ് രാജ്യങ്ങൾ സമ്മർദം ചെലുത്തേണ്ടതെന്നും ഇസ്രായേലിലെ അമേരിക്കൻ അംബാസഡർ മൈക് ഹക്കാബി എക്സിൽ കുറിച്ചു. ഗസ്സയിലെ മാനുഷിക സ്ഥിതികൾ ദുരന്തസമാനമാണെന്ന് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ട ജർമനി പക്ഷേ, പ്രസ്താവനയിറക്കിയ രാജ്യങ്ങളുടെ പട്ടികയിലില്ല.
21 മാസം പിന്നിട്ട ഇസ്രായേൽ അധിനിവേശത്തിനിടെ ഗസ്സയിലെ 90 ശതമാനത്തിലേറെ ജനസംഖ്യയും പലതവണയായി കുടിയിറക്കപ്പെട്ടവരാണ്. ഭക്ഷ്യ വിതരണ കേന്ദ്രങ്ങൾ അടച്ചുപൂട്ടിയ ഇസ്രായേൽ പകരം ഏർപ്പെടുത്തിയ പരിമിതമായ കേന്ദ്രങ്ങളിലെത്തുന്നവരെ നിർദയം വെടിവെച്ചിടുന്നതും തുടർക്കഥയാണ്. ഭക്ഷണവും അവശ്യ വസ്തുക്കളും നിഷേധിക്കപ്പെട്ട് കൊടുംപട്ടിണി പിടിമുറുക്കിയ ഗസ്സയിൽ പട്ടിണി മരണവും വർധിക്കുകയാണ്.
ഇന്നലെ മാത്രം പട്ടിണി മൂലം നാല് കുട്ടികളടക്കം 15 പേരാണ് ഗസ്സയിൽ മരിച്ചുവീണത്. ഇതോടെ, സമീപ നാളുകളിൽ ഭക്ഷണമില്ലാതെ മരണം വരിച്ചവരുടെ എണ്ണം 100 കടന്നു. അന്നം കാത്തുനിന്ന 10 പേരടക്കം 43 പേരെ വേറെയും ഇസ്രായേൽ കൊലപ്പെടുത്തി. തെക്കൻ ഗസ്സയിലും മധ്യ ഗസ്സയിലെ ദൈർ അൽബലഹിലും ഇസ്രായേൽ ടാങ്കുകളും കരസേനയും ആക്രമണം തുടരുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.