ധാക്ക: ബംഗ്ലാദേശിൽ പരിശീലനപ്പറക്കലിനിടെ, വ്യോമസേന വിമാനം സ്കൂളിനുമേൽ തകർന്നുവീണ സംഭവത്തിൽ മരിച്ചവരുടെ എണ്ണം 31 ആയി. രാജ്യത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വിമാനദുരന്തത്തിൽ മരിച്ചവരിൽ 25 പേരും കുട്ടികളാണ്. ചൈനീസ് നിർമിത എഫ്-7 ബി.ജി.ഐ വിമാനമാണ് പറന്നുയർന്ന ഉടൻ സാങ്കേതിക തകരാർ മൂലം ധാക്കയിലെ ഉത്താറയിൽ സ്കൂളിനുമേൽ തകർന്നുവീണത്.
കൊല്ലപ്പെട്ട വിദ്യാർഥികളിലേറെയും 12 വയസ്സിൽ താഴെയുള്ളവരാണെന്നും തീപ്പൊള്ളലേറ്റാണ് മരണമെന്നും ഇടക്കാല ഭരണാധികാരിയുടെ പ്രത്യേക ഉപദേഷ്ടാവ് സൈദു റഹ്മാൻ പറഞ്ഞു. മരണസംഖ്യ ഇനിയും ഉയർന്നേക്കും. ധാക്കയിലെ 10 ആശുപത്രികളിലായി ചികിത്സയിലുള്ള 165 പേരിൽ പലരുടെയും നില അതിഗുരുതരമായി തുടരുകയാണ്.
അതിനിടെ, ദുരന്തത്തിനിടയാക്കിയ കൃത്യമായ കാരണം വെളിപ്പെടുത്തണമെന്നും കാലപ്പഴക്കമുള്ള വിമാനം ഉപയോഗിച്ച് അപകടം വരുത്തിയതിന് നഷ്ടപരിഹാരവും ആവശ്യപ്പെട്ട് വിദ്യാർഥികൾ ധാക്കയിൽ പ്രതിഷേധ പ്രകടനം നടത്തി.
ചൈന നിർമിക്കുന്ന അത്യാധുനിക യുദ്ധവിമാനങ്ങളിൽ പെട്ട ചെങ്ഡു ജെ-7/എഫ്-7 വിഭാഗത്തിലുള്ളതാണ് അപകടത്തിൽ പെട്ടത്. 2011ൽ 16 യുദ്ധവിമാനങ്ങൾക്ക് കരാർ നൽകിയ ബംഗ്ലാദേശ് 2013ഓടെ എല്ലാം കൈപ്പറ്റിയിരുന്നു.
ദുരന്ത കാരണം അന്വേഷിക്കാൻ ഉന്നത തല സമിതിയെ നിയോഗിച്ചിട്ടുണ്ട്. സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ജനവാസ മേഖല ഒഴിവാക്കാൻ പൈലറ്റ് ശ്രമിച്ചിരുന്നെന്നും എന്നാൽ, രണ്ടുനില സ്കൂൾ കെട്ടിടത്തിൽ ഇടിച്ചിറങ്ങുകയായിരുന്നെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.