ഫലസ്തീൻ അനുകൂല പ്രകടനം; 80 വിദ്യാർഥികളെ പുറത്താക്കി കൊളംബിയ സർവകലാശാല, ഗ്രാന്‍റ് പുനസ്ഥാപിക്കാൻ ഭരണകൂടവുമായി ചർച്ച

വാഷിംങ്ടൺ: ഫലസ്തീൻ അനുകൂല പ്രകടനം നടത്തിയ വിദ്യാർഥികൾക്കെതിരെ അച്ചടക്ക നടപടിയെടുത്ത് കൊളംബിയ സർവകലാശാല. ഏകദേശം 80 വിദ്യാർഥികളെ പുറത്താക്കിയതായാണ് റിപ്പോർട്ട്. ജുഡീഷ്യൽ ബോർഡ് പുറപ്പെടുവിച്ച ഉപരോധങ്ങളിൽ ബിരുദം റദ്ദാക്കലും ഉൾപ്പെടുന്നുവെന്ന് കൊളംബിയ സർവകലാശാല പ്രസ്താവനയിൽ അറിയിച്ചു.

സർവകലാശാല ഇസ്രായേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് വാദിക്കുന്ന വിദ്യാർഥി ഗ്രൂപ്പായ അപ്പാർത്തീഡ് ഡൈവെസ്റ്റ്, മേയ് മാസത്തിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിന് ഏകദേശം 80 വിദ്യാർഥികളെ ഒരു വർഷം മുതൽ മൂന്ന് വർഷം വരെ സസ്പെൻഡ് ചെയ്യുകയോ പുറത്താക്കുകയോ ചെയ്യുമെന്ന് അറിയിച്ചതായി വാർത്താക്കുറിപ്പ് വ്യക്തമാക്കുന്നുണ്ട്.

സസ്‌പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികളെ തിരിച്ചെടുക്കാൻ ക്ഷമാപണം നടത്തണമെന്നും അല്ലെങ്കിൽ പുറത്താക്കൽ നേരിടേണ്ടിവരുമെന്നും സർവകലാശലയുടെ പ്രസ്താവനയിൽ നിഷ്കർഷിക്കുന്നതായി വിദ്യാർഥി സംഘടന അവകാശപ്പെട്ടു. 'സ്ഥാപനം നമ്മുടെ സമൂഹത്തിനായുള്ള അക്കാദമിക് ദൗത്യം നിറവേറ്റുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അക്കാദമിക് പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നത് സർവകലാശാല നയങ്ങളുടെയും നിയമങ്ങളുടെയും ലംഘനമാണ്. അത്തരം ലംഘനങ്ങൾ അനിവാര്യമായും അനന്തരഫലങ്ങൾ സൃഷ്ടിക്കും' -എന്ന് സർവകലാശാല പ്രസ്താവനയിൽ പറയുന്നു.

ട്രംപ് ഭരണകൂടം സർവകലാശാലക്കുള്ള ഗവേഷണ ഗ്രാന്റുകൾ വെട്ടിക്കുറച്ചതിന് ഏതാനും മാസങ്ങൾക്ക് ശേഷമാണ് അച്ചടക്ക നടപടി വരുന്നത്. ഫണ്ടിങ് പുനഃസ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിക്കുന്നതിനായി കൊളംബിയ സർവകലാശാല പുതിയ നയങ്ങളുടെ ഒരു നീണ്ട പട്ടിക നടപ്പിലാക്കി. വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത രേഖ പ്രകാരം, സർവകലാശാല അതിന്റെ അച്ചടക്ക നടപടിക്രമങ്ങൾ ക്രമീകരിക്കാനും പ്രതിഷേധങ്ങളിൽ മുഖംമൂടി നിരോധിക്കാനും ഡസൻ കണക്കിന് പുതിയ സുരക്ഷ ഉദ്യോഗസ്ഥരെ നിയമിക്കാനും തീരുമാനിച്ചതും അതിൽ ചിലതാണ്.  

Tags:    
News Summary - Columbia University suspends, expels nearly 80 students over Gaza protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.