വാഷിങ്ടൺ: ഗസ്സയിലെ സ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗസ്സ യഥാർത്ഥത്തിൽ പട്ടിണിയിലാണെന്നും അത് വ്യാജമാണെന്ന് ചിത്രീകിരിക്കാൻ നിങ്ങൾക്ക് കഴിയില്ലെന്നും ട്രംപ് പറഞ്ഞു. “ഭക്ഷണ കാര്യത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് സഹായിക്കും. നമുക്ക് ധാരാളം ആളുകളെ രക്ഷിക്കാൻ കഴിയും. ആ കുട്ടികളടക്കം യഥാർഥ പട്ടിണിലാണ്. എനിക്കത് കാണാൻ കഴിയും. നിങ്ങൾക്കതിനെ വ്യാജമായി ചിത്രീകരിക്കാനാവില്ല. ഇകകാര്യത്തിൽ ഞങ്ങൾ കൂടുതൽ ഇടപെടും” -അദ്ദേഹം പറഞ്ഞു.
യുഎസ് ഗസ്സയിൽ ഭക്ഷണ വിതരണ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും യു.കെയുമായും എല്ലാ യൂറോപ്യൻ രാജ്യങ്ങളുമായി ഇക്കാര്യത്തിൽ സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘പുതിയ ഭക്ഷണ കേന്ദ്രങ്ങൾക്ക് അതിരുകളൊന്നുമുണ്ടാകില്ല. ആളുകൾക്ക് അകത്തേക്ക് കടക്കാൻ കഴിയും. ഭക്ഷണത്തിന് 30 യാർഡ് അകലെ വേലി നിർമിക്കില്ല. നിലവിലെ ഭക്ഷണവിതരണ കേന്ദ്രങ്ങളിൽ അവർക്ക് ഭക്ഷണം കാണാൻ കഴിയും, എന്നാൽ, ആർക്കും അങ്ങോട്ട് കടക്കാൻ പറ്റില്ല. കാരണം, അവർ വേലികൾ സ്ഥാപിച്ചിട്ടുണ്ട്. അവിടെ നടക്കുന്നത് ഭ്രാന്താണ്’ -ട്രംപ് പറഞ്ഞു.
മാർച്ച് മുതൽ മേയ് വരെ ഗസ്സയിലേക്കുള്ള സഹായ വിതരണം ഇസ്രായേൽ പൂർണമായും തടഞ്ഞിരുന്നു. പിന്നീട് ജൂണിൽ യു.എസ്, ഇസ്രായേൽ പിന്തുണയുള്ള ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ (ജിഎച്ച്എഫ്) നേതൃത്വത്തിലാണ് പ്രഹസനമായ രീതിയിൽ സഹായ വിതരണം നടത്തിയിരുന്നത്. ജിഎച്ച്എഫ് കേന്ദ്രങ്ങളിൽ ഭക്ഷണത്തിന് കാത്തിരുന്ന നൂറുകണക്കിന് മനുഷ്യരെ ഇസ്രായേൽ പ്രതിരോധ സേന വെടിവെച്ചുകൊന്നത് അന്താരാഷ്ട്ര പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. 1,000-ത്തിലധികം പേർ ഭക്ഷണം കാത്തിരിക്കവെ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.