ന്യൂഡൽഹി: സ്വതന്ത്ര വ്യാപാര കരാറിൽ അടുത്ത ഘട്ട ചർച്ചകൾക്കായി യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘം ഈ ആഴ്ച ഡൽഹിയിലെത്തും. സെപ്റ്റംബർ എട്ടിന് ആരംഭിക്കുന്ന സ്വതന്ത്ര വ്യാപാര കരാർ ചർച്ചയുടെ ഭാഗമായാണ് സന്ദർശനമെന്ന് അധികൃതർ വ്യക്തമാക്കി. യൂറോപ്യൻ വ്യാപാര കമ്മീഷണർ മാരോസ് സെഫ്‌കോവിച്ചിന്റെയും കൃഷി കമ്മീഷണർ ക്രിസ്റ്റോഫ് ഹാൻസെന്റെയും നേതൃത്വത്തിലുള്ള 30 അംഗ സംഘമാണ് ഇന്ത്യയിലെത്തുക. വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ, കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തും.
ഇന്ത്യ-യു.എസ് വ്യാപാര ബന്ധം പ്രക്ഷുബ്ദമായി തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ യൂണിയനുമായി സ്വതന്ത്ര വ്യാപാരക്കരാർ വേഗത്തിലാക്കാനാണ് സർക്കാർ നീക്കം. അന്തിമഘട്ട ചർച്ചകളിലേക്ക് കടക്കുന്നതിനിടെ ഇരുവിഭാഗവും സുപ്രധാനമേഖലകളിലടക്കം സമവായത്തിലെത്തിയതായാണ് വിവരം.
കാലാവസ്ഥാ നിയമങ്ങൾ കർശനമല്ലാത്ത രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കാർബൺ-ഇന്റൻസീവ് ഉൽപ്പന്നങ്ങൾക്ക് പ്രത്യേക നികുതി ബാധകമാക്കുന്ന കാർബൺ ബോർഡർ അഡ്ജസ്റ്റ്മെന്റ് മെക്കാനിസം (സി.ബി.എ.എം) മാനദണ്ഡങ്ങളിലെ കടുത്ത നിബന്ധനകളാണ് കരാർ രൂപീകരണത്തിൽ ഇന്ത്യ അഭിമുഖീകരിക്കുന്ന വെല്ലുവിളികളിലൊന്ന്. അടുത്തിടെ യു.എസിന് സി.ബി.എ.എം മാനദണ്ഡങ്ങളിൽ യൂറോപ്യൻ യൂണിയൻ ഇളവനുവദിച്ചിരുന്നു. സമാനമായ ഇളവ് നേടിയെടുക്കാനാണ് ഇന്ത്യയുടെ നീക്കം. 2026 ജനുവരി ഒന്നുമുതൽ മാനദണ്ഡങ്ങൾ നിലവിൽ വരാനിരിക്കെ, ഇളവ് നേടുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണെന്ന് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.
എഫ്.ടി.എയുടെ 23 നയ മേഖലകളിൽ 11 എണ്ണത്തിൽ ചർച്ചകൾ പൂർത്തിയായിട്ടുണ്ട്. ഒക്ടോബർ എട്ടുമുതൽ ബ്രസ്സൽസിൽ നടക്കുന്ന ചർച്ചകളിൽ വ്യാവസായിക മേഖലയിൽ ഇന്ത്യക്കും യൂറോപ്യൻ യൂണിയനുമിടയിലുള്ള സാങ്കേതിക വെല്ലുവിളിയടക്കം വിഷയങ്ങൾ ചർച്ചയാവുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
അരി, പഞ്ചസാര, പാലുൽപ്പന്നങ്ങൾ എന്നീ മേഖലകൾ കരാറിൽ നിന്ന് മാറ്റി നിർത്തുമെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, വാഹന വിപണിയിലും മദ്യവിപണിയിലും പങ്കാളിത്തം വർധിപ്പിക്കാനാണ് യൂറോപ്യൻ യൂണിയൻ ശ്രമം. യു.എസ് താരിഫുമായി ബന്ധപ്പെട്ട ആശങ്ക നിലനിൽക്കെ, ഇന്ത്യയിൽ നിന്ന് സമുദ്രോൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതടക്കം വിഷയങ്ങളിൽ യൂറോപ്യൻ യൂണിയൻ ചർച്ചക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സെപ്റ്റംബർ നാലിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഉർസുല വോൻ ഡെർ ലെയനും ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് വ്യാപാര ചർച്ചകൾ വേഗത്തിലാവുന്നത്. വർഷാവസാനത്തോടെ കരാർ അന്തിമമാക്കാനാണ് യൂറോപ്യൻ യൂണിയൻ ശ്രമം.
അതേസമയം, 2026ൽ നടക്കാനിരിക്കുന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിക്കുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നവംബർ 9-10 തീയതികളിൽ ബ്രസ്സൽസിൽ നടക്കുന്ന ഇന്തോ-പസഫിക് ഫോറത്തിൽ പങ്കെടുക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ജൈവ സാങ്കേതിക വിദ്യ, സുരക്ഷ, പ്രതിരോധം തുടങ്ങിയ മേഖലകളിലെ അന്താരാഷ്ട്ര സഹകരണത്തിന് മേൽനോട്ടം വഹിക്കുന്ന യൂറോപ്യൻ യൂണിയൻ ട്രേഡ് ആൻഡ് ടെക്നോളജി കൗൺസിലിന്റെ (ടി.ടി.സി) മന്ത്രിതല യോഗത്തിലും ജയശങ്കർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.