ഗസ്സ: ഇസ്രായേൽ വെടിവെപ്പിൽ ഗസ്സയിൽ 46 ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. മരിച്ചവരിൽ 30ലേറെ പേർ ഭക്ഷണം തേടി വന്നവരാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വടക്കുപടിഞ്ഞാറൻ ഗസ്സയിലെ സികിം ക്രോസിങ്ങിൽ സഹായവിതരണ വാഹനങ്ങൾ കാത്തുനിന്ന ജനക്കൂട്ടത്തിന് നേരെ നടന്ന വെടിവെപ്പിൽ പരിക്കേറ്റ 12 പേരെ ചൊവ്വാഴ്ച രാത്രി എത്തിച്ചതായി ഷിഫ ആശുപത്രി അറിയിച്ചു.
ജബാലിയ അഭയാർഥി ക്യാമ്പിലും വടക്കൻ പട്ടണങ്ങളായ ബെയ്ത് ലാഹിയ, ബെയ്ത് ഹാനൂൻ എന്നിവിടങ്ങളിലും നടന്ന ആക്രമണങ്ങളിൽ 13 പേർ കൊല്ലപ്പെട്ടു. തെക്കൻ നഗരമായ ഖാൻ യൂനിസിൽ സഹായം വിതരണം ചെയ്യുന്ന വാഹനങ്ങൾ കാത്തിരിക്കുന്നതിനിടെ, ചൊവ്വാഴ്ച വൈകീട്ട് കൊല്ലപ്പെട്ട 16 പേരുടെ മൃതദേഹങ്ങൾ എത്തിയതായി നാസർ ആശുപത്രി അധികൃതരും അറിയിച്ചു. നുസൈറാത് നഗരത്തിലെ സഹായ വിതരണ കേന്ദ്രത്തിന് സമീപം ബുധനാഴ്ച വെടിവെപ്പിൽ നാല് ഫലസ്തീനികളും കൊല്ലപ്പെട്ടു. അതിനിടെ, പട്ടിണി മൂലം ഗസ്സയിൽ ഏഴ് പേർ കൂടി മരിച്ചതോടെ മരണസംഖ്യ 154 ആയി.
വെടിനിർത്തലിന് ഇസ്രായേൽ സമ്മതിച്ചില്ലെങ്കിൽ സെപ്റ്റംബറിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ബ്രിട്ടൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടന്റെ പ്രസ്താവന ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.