വാഷിങ്ടണ്‍: പാകിസ്താന്റെ എണ്ണ ശേഖരം വികസിപ്പിക്കാന്‍ സഹായിക്കാമെന്ന പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതിനായി ഒരു വ്യാപാരക്കരാറില്‍ ഒപ്പിട്ടതായി ട്രംപ് അറിയിച്ചു. ഈ നീക്കം ഒടുവില്‍ പാകിസ്താന്‍ ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നതിലേക്ക് നയിച്ചേക്കാമെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ നീക്കം ഇന്ത്യക്ക് തിരിച്ചടിയായേക്കും. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയാണ് ട്രംപ് കരാർ വിവരം പങ്കുവെച്ചത്.
ഇന്ത്യന്‍ ഇറക്കുമതിക്ക് 25 ശതമാനം തീരുവയും അധിക പിഴയും ചുമത്തി മണിക്കൂറുകള്‍ക്കകമാണ് ട്രംപിന്റെ നീക്കം. “പാകിസ്താനുമായി ഞങ്ങൾ കരാർ ഒപ്പിട്ടു.അതിലൂടെ പാകിസ്താനും അമേരിക്കയും അവരുടെ എണ്ണ ശേഖരം വികസിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കും. ഈ പങ്കാളിത്തത്തിന് നേതൃത്വം നൽകുന്ന എണ്ണ കമ്പനിയെ തെരഞ്ഞെടുക്കുന്ന പ്രക്രിയയിലാണ് ഞങ്ങൾ. ചിലപ്പോൾ ഒരുനാൾ അവർ ഇന്ത്യക്ക് എണ്ണ വിറ്റേക്കും, ആർക്കറിയാം” -ട്രംപ് ടൂത്ത് സോഷ്യലിൽ കുറിച്ചു.
പാകിസ്താനുമായി തങ്ങള്‍ ഒരു കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്നും അതുപ്രകാരം ഇരുരാജ്യങ്ങളും ചേര്‍ന്ന് പാകിസ്താന്റെ എണ്ണ ശേഖരം വര്‍ധിപ്പിക്കുമെന്നുമാണ് ട്രംപിന്റെ പ്രസ്താവന. ഒരുപക്ഷേ, ഭാവിയില്‍ എന്നെങ്കിലും ഒരിക്കല്‍ പാകിസ്താന്‍ ഇന്ത്യക്ക് എണ്ണ വില്‍ക്കുന്ന സാഹചര്യമുണ്ടാവാനിടയുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. യുഎസ്-പാകിസ്താന്‍ ഊര്‍ജ പങ്കാളിത്തത്തിന് നേതൃത്വം നല്‍കാന്‍ ഒരു എണ്ണ കമ്പനിയെ ഭരണകൂടം നിലവില്‍ തെരഞ്ഞെടുക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
നേരത്തേ ഇന്ത്യയില്‍നിന്ന് യു.എസിലേക്ക് കയറ്റിയയക്കുന്ന ചരക്കുകള്‍ക്ക് ട്രംപ് 25 ശതമാനം തീരുവ ചുമത്തിയിരുന്നു. ഓഗസ്റ്റ് ഒന്നിന് പുതിയ തീരുവ നിലവില്‍വരും. റഷ്യന്‍ എണ്ണ വാങ്ങുന്നതിനാല്‍ ഇന്ത്യക്ക് പിഴച്ചുങ്കം ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞയാഴ്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം, ദിവസങ്ങള്‍ക്കുള്ളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര സംബന്ധിയായ ചില ബന്ധങ്ങളുണ്ടാകുമെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍ പറഞ്ഞിരുന്നു. റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയ്ക്ക് മേല്‍ അമേരിക്ക കൂടുതല്‍ താരിഫ് ഏര്‍പ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.