ഒര്‍ലാന്റോ: ഗസ്സ വംശഹത്യയിൽ ഫലസ്തീനികൾ നേരിടുന്നത് കറുത്ത വർഗ്ഗക്കാർ അനുഭവിച്ചതിനേക്കാൾ ഭീകരമായ വംശീയവിവേചനമെന്ന് നെൽസൻ മണ്ടേലയുടെ പേരമകൻ മൻഡ്‍ല മണ്ടേല. ഗസ്സക്ക് ഐക്യദാഢ്യം പ്രഖ്യാപിക്കുന്ന ഫ്രീഡം ഫ്ലോട്ടിലയിൽ താനും ഭാഗമാകുമെന്നും അദ്ദേഹം അറിയിച്ചു.
രണ്ട് വർഷത്തോടടുക്കുന്ന ഗസ്സ വംശഹത്യ അമേരിക്കയിലെ കറുത്ത വർഗ്ഗക്കാർ അനുഭവിച്ച വർണ്ണവിവേചനത്തേക്കാൾ ഭീകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗസ്സയിലേക്ക് ഭക്ഷണവും മാനുഷിക സഹായവുമായി പോകാൻ ഒരുങ്ങുന്ന ‘ഗ്ലോബൽ സുമുദ് ഫ്ലോട്ടില’യിൽ ചേരുന്നതിനായി തുനീഷ്യയിലേക്ക് പോകാൻ ഒരുങ്ങുകയാണ് മൻഡ്‍ല.
‘അധിനിവേശ ഫലസ്തീൻ പ്രദേശങ്ങൾ സന്ദർശിച്ച ഞങ്ങളെല്ലാവരും ഒരേ നിഗമനത്തിലാണ് എത്തിയത്. ഞങ്ങൾ അനുഭവിച്ചതിനേക്കാൾ ഭീകരമായ വംശീയവിവേചനമാണ് ഇന്ന് ഫലസ്തീനികൾ നേരിടുന്നത്’ -റോയിട്ടേഴ്സ് വാർത്താ ഏജൻസിയുമായി സംസാരിക്കവെ മണ്ടേല പറഞ്ഞു. അന്ന് ഞങ്ങൾക്കൊപ്പം ലോകസമൂഹം നിന്നത് പോലെ ഫലസ്തീനികൾക്കൊപ്പവും എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2009 മുതൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ പാർലമെന്റ് അംഗമാണ് മൻഡ്‍ല. ഫ്ലോട്ടിലയിൽ ചേരുന്ന 10 ദക്ഷിണാഫ്രിക്കൻ ആക്ടിവിസ്റ്റുകളിൽ ഒരാളാണ് ഇദ്ദേഹം. സ്വീഡിഷ് ആക്ടിവിസ്റ്റായ ഗ്രേറ്റ തുൻബർഗ് ഉൾപ്പെടെ 44 രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ആളുകളും 50 ലധികം കപ്പലുകളും ഫ്ലോട്ടിലയുടെ ഭാഗമാണ്.
ഗസ്സയിൽ പട്ടിണി നേരിടുന്ന ജനങ്ങൾക്ക് മാനുഷിക സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്പെയിനിലെ ബാഴ്സലോണ തുറമുഖത്തു നിന്ന് ഞായറാഴ്ചയാണ് ആദ്യ സംഘം ഗസ്സയിലേക്ക് യാത്ര തിരിച്ചത്. ഭക്ഷണവും, മരുന്നും മറ്റ് അവശ്യ സാധനങ്ങളും വിതരണം ചെയ്യാനായി 44 രാജ്യങ്ങൾ ഇതിൽ പങ്കുചേരുമെന്നും 50 ലധികം കപ്പലുകൾ ഉണ്ടാകുമെന്നുമാണ് സംഘാടകർ അറിയിച്ചത്.
നേരത്തെയും കപ്പൽ മാർഗ്ഗം ഗസ്സയിലേക്ക് സഹായം എത്തിക്കാൻ ആക്ടിവിസ്റ്റുകൾ നടത്തിയ രണ്ട് ശ്രമങ്ങളും ഇസ്രായേൽ തടഞ്ഞിരുന്നു. കഴിഞ്ഞ ജൂൺ, ജൂലൈ മാസം ഗസ്സയിലേക്ക് രണ്ട് ഫ്ലോട്ടിലകൾ സഞ്ചരിച്ചിരുന്നു. എന്നാൽ ഗസ്സയിൽ നിന്ന് 185 കിലോമീറ്റർ പടിഞ്ഞാറ് വെച്ച് കപ്പലിലുണ്ടായിരുന്ന 12 ആക്ടിവിസ്റ്റുകളെ ഇസ്രയേൽ സൈന്യം തടഞ്ഞുവെക്കുകയും യാത്രക്കാരായിരുന്ന ഗ്രേറ്റ തുൻബർഗ് അടക്കമുള്ളവരെ മടക്കിയയക്കുകയും ചെയ്തു. തുടർന്ന് ജൂലൈയിൽ ‘ഹൻദല’ എന്ന കപ്പലിൽ ഗസ്സയിലേക്ക് പുറപ്പെട്ട 10 രാജ്യങ്ങളിൽ നിന്നുള്ള 21 ആക്ടിവിസ്റ്റുകളെയും തടഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.