റോം: ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ ഏക പോംവഴി ദ്വിരാഷ്ട്ര പരിഹാരമെന്ന് വത്തിക്കാൻ. ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗ് ലിയോ പതിനാലാമൻ മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം പുറത്തുവിട്ട വാർത്ത കുറിപ്പിലാണ് പ്രതികരണം. ഹെർസോഗ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പീട്രോ പറോളിൻ, വിദേശകാര്യ മന്ത്രി ആർച്ച് ബിഷപ്പ് പോൾ ഗല്ലഗർ എന്നിവരെയും കണ്ടിരുന്നു.
മുൻ മാർപാപ്പ പോപ് ഫ്രാൻസിസിന്റെ മാതൃകയിൽ ഇസ്രായേൽ അതിക്രമങ്ങളെ വിമർശിക്കുന്ന നിലപാടാണ് പുതിയ മാർപാപ്പയും സ്വീകരിക്കുന്നത്. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കൊലയും പട്ടിണി ആയുധമാക്കുന്നതും അധാർമികമാണെന്നും അവർ നിർത്തുന്നില്ലെങ്കിൽ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും മാർപാപ്പ പറഞ്ഞത് ഇസ്രായേൽ ഭരണകൂടത്തെ ചൊടിപ്പിച്ചിരുന്നു.
ഗസ്സ സിറ്റി: ഗസ്സയിൽ 24 മണിക്കൂറിനിടെ, ഇസ്രായേൽ ആക്രമണത്തിൽ 84 ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. 338 പേർക്ക് പരിക്കേറ്റു. ഗസ്സ സിറ്റിയിലെ ഒരു കുടുംബത്തിലെ എല്ലാവരും കൊല്ലപ്പെട്ടു. ഇതുവരെ ഗസ്സയിൽ കൊല്ലപ്പെട്ടവർ 64,231 ആയി. 1,61,583 പേർക്ക് പരിക്കേറ്റു.
അതിനിടെ, സമഗ്രമായ വെടിനിർത്തലുണ്ടാവുകയാണെങ്കിൽ തങ്ങൾ പിൻവാങ്ങി ഗസ്സയിൽ സ്വതന്ത്രഭരണകൂടം സ്ഥാപിക്കുന്നതിന് സമ്മതമാണെന്ന് ഹമാസ് അറിയിച്ചു. എന്നാൽ, ഇത് തള്ളിയ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു യുദ്ധം ഉടൻ അവസാനിപ്പിക്കാമെന്നും വ്യവസ്ഥകൾ തങ്ങൾ പറയുമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.