ഡോണൾഡ് ട്രംപ്
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവകൊള്ളക്കു പിന്നാലെ ചൈനയും അടുത്ത് തുടങ്ങിയ ഇന്ത്യയെയും റഷ്യയെയും പരിഹസിച്ച് യു.എസ് പ്രസിഡന്റ്.
റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി നടത്തുന്നതിന്റെ പേരിൽ ഇന്ത്യക്ക് ഇരട്ടി തീരുവ ചുമത്തുകയും, അമേരിക്കൻ വെല്ലുവിളികളെ അവഗണിച്ച് പ്രാധനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായ് സഹകരണ കൂട്ടായ്മ ഉച്ചകോടിയിൽ പങ്കെടുക്കുകയും ചെയ്തതുൾപ്പെടെ മാറിമറിഞ്ഞ നയതന്ത്ര സാഹചര്യങ്ങളുടെ തുടർച്ചയായാണ് ട്രംപിന്റെ പരിഹാസം. ‘ഇന്ത്യയും റഷ്യയും നമ്മളിൽ നിന്നും നഷ്ടമായി, ഇരുണ്ടതും ദുരൂഹവുമായ ചൈനയിലേക്ക് അടുത്തുവെന്ന് തോന്നുന്നു. മൂന്ന് രാജ്യങ്ങൾക്കും സമൃദ്ധവും സുദീർഘവുമായ ഭാവി ആശംസിക്കുന്നു’ -ട്രൂത്ത് സോഷ്യൽ പേജിൽ മൂന്ന് രാഷ്ട്ര നേതാക്കളും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ട്രംപ് കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡൻനറ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ എന്നിവർ ഒന്നിച്ചു നിൽക്കുന്ന ചിത്രമാണ് ട്രംപ് ഉപയോഗിച്ചത്.
ലോകം ഉറ്റുനോക്കിയ മൂന്ന് രാഷ്ട്ര തലവന്മാരുടെ കൂടികാഴ്ച കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് ഡോണൾഡ് ട്രംപിന്റെ പരിഹാസം നിറഞ്ഞ പരാമർശങ്ങളെത്തുന്നത്. സുതാര്യമല്ലാത്ത ചൈനയുടെ പക്ഷത്തേക്ക് ഇന്ത്യയും റഷ്യയും ചേർന്നുവെന്നാണ് പോസ്റ്റിലൂടെ ട്രംപ് നൽകുന്ന സന്ദേശം. ഇന്ത്യയും അമേരിക്കയും തമ്മിലെ ബന്ധം സമീപകാലത്തെങ്ങുമില്ലാത്ത വിധം വഷളായെന്ന് സൂചന നൽകുന്നതാണ് അമേരിക്കൻ പ്രസിഡന്റിന്റെ പരസ്യ പ്രതികരണം.
ഞായർ, തിങ്കൾ ദിവസങ്ങളിലായി ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുത്ത മോദി, ചൈനീസ് പ്രസിഡന്റും, റഷ്യൻ പ്രസിഡന്റുമായി കൂടികാഴ്ച നടത്തുകയും രാജ്യങ്ങൾക്കിടയിലെ വിവിധ സഹകരണം സംബന്ധിച്ച് ധാരണയാവുകയും ചെയ്തിരുന്നു.
ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അമേരിക്ക ചുമത്തിയ 50 ശതമാനം പിഴച്ചുങ്കം പ്രാബല്ല്യത്തിൽ വന്ന് അഞ്ചാം ദിവസമായിരുന്നു ഇന്ത്യ പുതിയ ബന്ധങ്ങൾ ശക്തമാക്കുന്നുവെന്ന സൂചനയായി ഷാങ്ഹായിയിലെ കൂടികാഴ്ചകൾ. അമേരിക്കൻ ഭീഷണിയെ അവഗണിച്ച് റഷ്യ, ചൈന രാജ്യങ്ങളുമായി ഇന്ത്യ കൂടുതൽ അടുക്കുന്നത് അമേരിക്കൻ ഭരണകൂടത്തെയും പ്രകോപിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.