ഐക്യരാഷ്ട്രസഭ: ആണവ കരാറിൽ വ്യക്തമായ പുരോഗതിയുണ്ടായില്ലെങ്കിൽ ആഗസ്റ്റ് അവസാനത്തോടെ, ഇറാനെതിരെ കർശനമായ യു.എൻ ഉപരോധം പുനഃസ്ഥാപിക്കാൻ യു.കെ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങൾ സമ്മതിച്ചു. രണ്ട് യൂറോപ്യൻ നയതന്ത്രജ്ഞരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാനുമായുള്ള കരാറും ഉപരോധങ്ങൾ വീണ്ടും ഏർപ്പെടുത്തുന്നതിനെയും കുറിച്ച് ചർച്ച ചെയ്യുന്നതിന് ഐക്യരാഷ്ട്രസഭയിലെ മൂന്ന് രാജ്യങ്ങളുടെയും അംബാസഡർമാർ ചൊവ്വാഴ്ച ജർമനിയുടെ യു.എൻ മിഷനിൽ യോഗം ചേർന്നു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും മൂന്ന് രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാരും തമ്മിൽ തിങ്കളാഴ്ച നടത്തിയ ഫോൺ കാളിലും ഈ വിഷയം ഉയർന്നുവന്നതായി യു.എസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇറാൻ ആണവായുധം വികസിപ്പിക്കുകയോ നേടുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുന്നതിനെക്കുറിച്ച് നാലുപേരും സംസാരിച്ചതായി സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പറഞ്ഞു.
ആണവ പരിപാടി നിയന്ത്രിക്കുന്നതിനായി 2015ൽ ഇറാനുമായുണ്ടാക്കിയ കരാറിൽ അമേരിക്കക്കൊപ്പം യു.കെ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങൾ പങ്കാളികളായിരുന്നു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആദ്യ തവണ അധികാരമേറ്റപ്പോൾ കരാറിൽനിന്ന് അമേരിക്ക പിൻവാങ്ങുകയായിരുന്നു. കരാർ കർശനമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ നടപടി. ഇറാന്റെ ആണവ പദ്ധതികൾ നിയന്ത്രിക്കുന്നതിന് പകരമായി ഉപരോധം നീക്കുന്നതായിരുന്നു അന്നത്തെ കരാർ. ഇറാൻ കരാർ പാലിക്കുന്നില്ലെങ്കിൽ ഉപരോധം പുനഃസ്ഥാപിക്കാനും വ്യവസ്ഥയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.