നേപ്പാളിൽ സോഷ്യൽമീഡിയ നിരോധനം; വ്യാപക പ്രതിഷേധവുമായി ജെൻ സി

കാഠ്മണ്ഡു: ഫേസ്ബുക്ക്, എക്‌സ്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നിവയുള്‍പ്പെടെ 26 സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി നേപ്പാള്‍. നേപ്പാളിലെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കെ.പി. ശര്‍മ്മ ഒലി സര്‍ക്കാരിന്റെ നടപടി. രജിസ്റ്റര്‍ ചെയ്യാത്ത എല്ലാ സോഷ്യല്‍ മീഡിയ സൈറ്റുകളും രജിസ്റ്റര്‍ ചെയ്യുന്നതുവരെ പ്രവര്‍ത്തനരഹിതമാക്കാന്‍ നേപ്പാള്‍ ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകളെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നേപ്പാളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഓഗസ്റ്റ് 28ന് സര്‍ക്കാര്‍ ഏഴ് ദിവസത്തെ സമയപരിധി നിശ്ചയിച്ചിരുന്നു. ആ സമയപരിധി ബുധനാഴ്ച രാത്രി അവസാനിച്ചതോടെയാണ് നടപടി. സോഷ്യൽ മീഡിയ നിരോധനത്തിനെതിരെ യുവാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്ക്, എക്സ് ഉൾപ്പെടെ നിരവധി പ്ലാറ്റ്ഫോമുകൾ വെള്ളിയാഴ്ച മുതൽ ലഭ്യമല്ല. പൊലീസും യുവാക്കളും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്ന് കാഠ്മണ്ഡു ജില്ലാ ഭരണകൂട ഓഫീസ് നഗറിലെ കർഫ്യൂ നീട്ടിയതായി നേപ്പാൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇൻസ്റ്റാഗ്രാം പോലുള്ള ജനപ്രിയ ആപ്പുകൾ പലർക്കും ആക്സസ് ചെയ്യാൻ കഴിയാത്തതും മറ്റ് പല ആപ്പുകളും ലഭ്യമാകാത്തതും പൊതുജനരോഷം രൂക്ഷമാക്കുന്നുണ്ട്.

ദേശീയ പതാകകൾ വീശിക്കൊണ്ടാണ് പ്രതിഷേധക്കാർ തലസ്ഥാനത്ത് മാർച്ച് നടത്തിയത്. തുടർന്ന് സോഷ്യൽ മീഡിയ നിരോധനത്തിനും നേപ്പാളിൽ വേരൂന്നിയ അഴിമതി സംസ്കാരത്തിനും എതിരെ അവർ മുദ്രാവാക്യങ്ങൾ മുഴക്കി. രാഷ്ട്രപതിയുടെ ശീതൾ നിവാസ്, മഹാരാജ്ഗഞ്ച്, ലെയ്ഞ്ചൗറിലെ ഉപരാഷ്ട്രപതിയുടെ വസതി, സിംഗപ്പൂർ ദർബാറിന്‍റെ എല്ലാ സ്ഥലങ്ങളും, ബലുവത്തറിലെ പ്രധാനമന്ത്രിയുടെ വസതി, പരിസര പ്രദേശങ്ങൾ എന്നിവയുൾപ്പെടെ പ്രധാന സർക്കാർ, മേഖലകളിലേക്ക് കർഫ്യൂ വ്യാപിപ്പിച്ചതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

വിയോജിപ്പുകളെ നിശ്ശബ്ദമാക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ച് നേപ്പാള്‍ സര്‍ക്കാരിനെതിരെ ഒരു വിഭാഗം ആക്ടിവിസ്റ്റുകളും രംഗത്തെത്തിയിട്ടുണ്ട്. കര്‍ശനമായ മേല്‍നോട്ടവും നിയന്ത്രണ നടപടികളും ഉള്‍പ്പെടുന്ന സര്‍ക്കാരിന്റെ രജിസ്‌ട്രേഷന്‍ വ്യവസ്ഥകള്‍ പല സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കും അപ്രായോഗികവും അനാവശ്യമായ കടന്നുകയറ്റവുമാണെന്ന് തോന്നിയിരിക്കാമെന്നും ഇതാവാം രജിസ്റ്റര്‍ ചെയ്യാന്‍ അവര്‍ വിസമ്മതിച്ചതിന് കാരണമെന്നും ആക്ടവിസ്റ്റുകള്‍ പറയുന്നു. ജൂലൈയിൽ ഓൺലൈൻ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും വർധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി സർക്കാർ ടെലിഗ്രാം നിരോധിച്ചിരുന്നു.

Tags:    
News Summary - Social media ban in Nepal; Gen Z protests widely

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.