ഭാഗ്യവും സമൃദ്ധിയും കൊണ്ടുവരുന്ന പ്രാണി! ഒന്നിന് വില 75 ലക്ഷം, സ്റ്റാഗ് വണ്ട് ചില്ലറക്കാരനല്ല...

ലോകത്തിലെ ഏറ്റവും വിലയേറിയ പ്രാണിയാണ് സ്റ്റാഗ് വണ്ട്. ഈ വണ്ടിന്റെ ചില അപൂർവ ഇനങ്ങൾക്ക് 75 ലക്ഷം രൂപ വരെ വില ലഭിച്ചിട്ടുണ്ട്. ശ്രദ്ധേയമായ രൂപം, സാംസ്കാരിക മൂല്യം, അപൂർവത എന്നിവകൊണ്ട് ഈ വണ്ട് ലോകമെമ്പാടുമുള്ള പ്രാണികളെ സ്നേഹികളുടെ ഇടയിൽ വിലപ്പെട്ട സ്വത്തായി മാറിയിരിക്കുന്നു എന്നതാണ് വാസ്തവം.

1,200ലധികം സ്പീഷീസുകൾ ഉൾപ്പെടുന്ന ലുക്കാനിഡേ കുടുംബത്തിൽ പെട്ടതാണ് സ്റ്റാഗ് വണ്ട്. യൂറോപ്പ്, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിലെ ഉഷ്ണമേഖല വനങ്ങളിലാണ് ഇവ കൂടുതലും കാണപ്പെടുന്നത്. ഇന്ത്യയിൽ, അസം, അരുണാചൽ പ്രദേശ്, സിക്കിം, പശ്ചിമഘട്ടം എന്നിവിടങ്ങളിലെ ഇടതൂർന്ന വനങ്ങളിലാണ് ഇവയെ കാണനാകുന്നത്. ഒരു മാനിന്റെ കൊമ്പുകളോട് സാമ്യമുള്ള താടിയെല്ലുകളിൽ നിന്നാണ് ഈ വണ്ടുകൾക്ക് ഈ പേര് ലഭിച്ചത്.

ആൺ വണ്ടുകൾ 35–75 മില്ലിമീറ്റർ വരെ വളരും, അതേസമയം പെൺ വണ്ടുകൾ അല്പം ചെറുതായിരിക്കും. ഏകദേശം രണ്ട് മുതൽ ആറ് ഗ്രാം വരെ ഭാരവും മൂന്ന് മുതൽ ഏഴ് വർഷം വരെ ശരാശരി ജീവിത കാലയളവും ഇവക്കുണ്ട്. പ്രദേശത്തിനും ഇണയ്ക്കും വേണ്ടി എതിരാളികളോട് പോരാടാൻ ആൺ വണ്ടുകൾ അവയുടെ വലിയ താടിയെല്ലുകൾ ഉപയോഗിക്കുന്നു. അതേസമയം പെൺ വണ്ടുകൾക്ക് ചെറുതും എന്നാൽ ശക്തവുമായ താടിയെല്ലുകൾ ഉണ്ട്. അവക്ക് വേദനാജനകമായ കടിയേൽപ്പിക്കാൻ കഴിവുണ്ട്.

സ്റ്റാഗ് വണ്ടിന് ഇത്ര വില കൂടിയത് എന്തുകൊണ്ട്?

1. കണ്ടെത്താനുള്ള പ്രയാസം

സ്റ്റാഗ് വണ്ടുകളുടെ പല ഇനങ്ങളും വളരെ അപൂർവമാണ്. വനനശീകരണവും ആവാസവ്യവസ്ഥയുടെ നാശവും അവയെ നാശത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്‍റെ റിപ്പോർട്ട് അനുസരിച്ച്, വടക്കൻ യൂറോപ്പിൽ ഇവക്ക് ഏതാണ്ട് വംശനാശം സംഭവിച്ചു കഴിഞ്ഞു. ലണ്ടനിലെ തേംസ് വാലി പോലുള്ള സ്ഥലങ്ങൾ ഈ വണ്ടുകളുടെ ചുരുക്കം ചില സുരക്ഷിത സ്ഥലങ്ങളിൽ ഒന്നാണ്.

2.സ്റ്റാറ്റസ് ചിഹ്നം

ജപ്പാൻ പോലുള്ള രാജ്യങ്ങളിൽ, സ്റ്റാഗ് വണ്ട് വെറുമൊരു വണ്ട് മാത്രമല്ല അതൊരു സ്റ്റാറ്റസ് ചിഹ്നം കൂടിയാണ്. 300,000ത്തിലധികം ആളുകൾ അവയെ ശേഖരിക്കുന്നുണ്ട്. വണ്ട് പോരാട്ട ടൂർണമെന്റുകളും പല ഇടങ്ങളിലും നടക്കാറുണ്ട്. 1999ൽ, അപൂർവമായ 80 മില്ലീമീറ്റർ ഡോർക്കസ് ഹോപ്പി ഇനം ടോക്കിയോയിൽ 90,000 ഡോളറിന് വിറ്റിരുന്നു.

3. ഭാഗ്യവും സമൃദ്ധിയും

പല ഏഷ്യൻ സംസ്കാരങ്ങളിലും, സ്റ്റാഗ് വണ്ടുകൾ ഭാഗ്യവും സമൃദ്ധിയും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ചിലർ അവകാശപ്പെടുന്നത് ഈ വണ്ടുകളെ സ്വന്തമാക്കുന്നത് പെട്ടെന്ന് സമ്പത്ത് ആകർഷിക്കുമെന്നാണ്. മധ്യകാല യൂറോപ്പിൽ അവയെ മിന്നലുമായും തീയുമായും ബന്ധിപ്പിച്ചിരുന്നു.

4. ഔഷധം

പരമ്പരാഗത മരുന്നുകളിൽ സ്റ്റാഗ് വണ്ടുകളെ ഉപയോഗിക്കാറുണ്ടെന്ന് ചില സ്രോതസ്സുകൾ പറയുന്നു. എന്നാൽ കൃത്യമായ ഉപയോഗങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ഈ വിശ്വാസം അവയുടെ മൂല്യവും ആവശ്യകതയും വർധിപ്പിക്കുന്നതിന് കാരണമാകുന്നു.

5. വളർത്തുന്നതിലെ ബുദ്ധിമുട്ട്

സ്റ്റാഗ് വണ്ടുകളെ വളർത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. വണ്ട് രണ്ട് മുതൽ അഞ്ച് വർഷം വരെ ലാർവ ഘട്ടത്തിൽ തുടരും. പ്രായപൂർത്തിയായാൽ കുറച്ച് മാസങ്ങൾ മാത്രമേ ജീവിക്കുന്നുള്ളൂ. ലാബുകളിലോ നിയന്ത്രിത പരിതസ്ഥിതികളിലോ അവയെ പ്രത്യുൽപാദിപ്പിക്കുന്നത് ചെലവേറിയതും സമയമെടുക്കുന്നതുമായ കാര്യമാണ്.

സ്റ്റാഗ് വണ്ടുകൾ ആവാസവ്യവസ്ഥയിലും പ്രധാന പങ്ക് വഹിക്കുന്നു. അവ ജീർണിച്ചുകൊണ്ടിരിക്കുന്ന തടിയാണ് ഭക്ഷിക്കുന്നത്. അതിനാൽ അവയെ പരിസ്ഥിതി സൗഹൃദ പ്രാണികളായി കണക്കാക്കപ്പെടുന്നു. യു.കെ പോലുള്ള സ്ഥലങ്ങളിൽ അവ വിൽക്കുന്നത് നിയമവിരുദ്ധമാക്കിയിട്ടുണ്ട്. 

Tags:    
News Summary - stag beetle, 75 Lakh For An Insect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.