ഗസ്സ: ഇസ്രായേൽ ക്രിസ്ത്യൻപള്ളിയിൽ ആക്രമണം നടത്തിയതിന് പിന്നാലെ ഗസ്സയിലെത്തി വിശ്വാസികളെ കണ്ട് പുരോഹിതർ. വെള്ളിയാഴ്ച മുതിർന്ന ക്രിസ്ത്യൻ പുരോഹിതർ ഗസ്സയിലെത്തി വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തിയത്. ഗസ്സയിലെ ഏക കത്തോലിക്ക പള്ളിക്ക് നേരെ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. ഇത് അന്താരാഷ്ട്രതലത്തിൽ വലിയ പ്രതിഷേധങ്ങൾക്കും കാരണമായിരുന്നു.
ജറുസലേമിലെ കത്തോലിക്ക സഭായുടെ തലവൻ പിർബാറ്റിസ്റ്റ പിസാബല്ലാ, ഗ്രീക്ക് ഓർത്തഡോക്സ് തലവൻ തിയോഫിലോസ് മൂന്നാമൻ എന്നിവരാണ് ഗസ്സയിലെത്തിയത്. മുനമ്പിൽ ഈയടുത്ത് നടന്ന ആക്രമണങ്ങളിൽ സഭാനേതാക്കൾ ഞെട്ടൽ അറിയിക്കുകയും പ്രാദേശിക ക്രിസ്ത്യൻ സമൂഹത്തിന് അനുശോചനം അറിയിക്കുകയും ചെയ്തു.അനാവശ്യമായ ഈ കൂട്ടക്കൊല നിർത്തണമെന്ന് ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ജറുസലേമിലെ തലവനും ആവശ്യപ്പെട്ടു.
ഗസ്സയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ചർച്ച് ഇസ്രായേൽ ബോംബിട്ട് തകർത്തിരുന്നു. ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയുംചെയ്തു. ഫലസ്തീനിലെ സ്ഥിതി അന്തരിച്ച പോപ് ഫ്രാൻസിസ് മാർപാപ്പയെ അറിയിച്ചുകൊണ്ടിരുന്ന ഇടവക വികാരി ഫാ. ഗബ്രിയേലെ റോമനെല്ലിയുടെ കാലിന് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
പോപ് ലിയോ മാർപാപ്പ ആക്രമണത്തെ അപലപിച്ചു. ഗസ്സയിൽ അടിയന്തരമായി വെടിനിർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നതായി ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കി. ചർച്ച് തകർക്കപ്പെട്ടതിൽ ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം ഖേദം പ്രകടിപ്പിച്ചു. ഗസ്സയിൽ ആയിരത്തോളം ക്രൈസ്തവരുണ്ട്.ഫലസ്തീനിലെ മുസ്‍ലിംകളുമായി ഉഷ്മള ബന്ധം പുലർത്തുന്നവരുമാണ് അവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.