തെൽഅവീവ്: 700 ദിവസം പിന്നിട്ട ഗസ്സ വംശഹത്യക്കെതിരെ ഇസ്രായേലിൽ വൻ പ്രതിഷേധം. രാഷ്ട്രീയലാഭത്തിന് നെതന്യാഹു ബന്ദികളുടെ ജീവൻ അപകടത്തിലാക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കളടക്കം പതിനായിരക്കണക്കിനാളുകൾ ഇസ്രായേലിൽ തെരുവിലിറങ്ങി. കൂട്ടക്കൊലയുടെയും പരാജയത്തിന്റെയും പാരമ്പര്യമാണ് നെതന്യാഹുവിന്റേതെന്ന് ഇവർ ആരോപിച്ചു.
ജൂത രാഷ്ട്രം നേരിട്ട ഏറ്റവും വലിയ ശത്രു നെതന്യാഹുവാണെന്ന് ഹമാസ് തടവിലാക്കിയ മതാന്റെ മാതാവ് ഐനവ് സൻഗോക്കർ പറഞ്ഞു. “ചരിത്രത്തിലുടനീളം ജൂത രാഷ്ട്രത്തിന് നിരവധി മർദകരുണ്ടായിട്ടുണ്ട്. ഫറോവയും ഹാമാനും ജൂതരെ കൂട്ടക്കൊല നടത്തി. പക്ഷേ, ബെഞ്ചമിൻ നെതന്യാഹൂ, ക്രൂരതയിൽ നീ അവരെയെല്ലാം മറികടന്നു. കിബ്ബുട്സ് നിർ ഓസിലെ കിടക്കയിൽ നിന്ന് മതാനെ കൊണ്ടുപോയിട്ട് 701 ദിവസംപിന്നിട്ടു. അവനെ വിട്ടയക്കാൻ അവർ ഒരുക്കമാണെണങ്കിലും തടസ്സം നിങ്ങളാണ്. മൂന്നാഴ്ചയായി ഹമാസ് നൽകിയ വെടിനിർത്തൽ ബന്ദിമോചന നിർദേശത്തിന് നിങ്ങൾ എന്തുകൊണ്ടാണ് മറുപടി നൽകാത്തത്?’ -മതാൻ ചോദിച്ചു.
“ഹമാസ് തുരങ്കങ്ങളിൽ അതിജീവിക്കാൻ എന്റെ മതാൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്യുന്നു. യുഎസ് പ്രസിഡന്റ് ട്രംപിനോട് കള്ളം പറയാൻ നിങ്ങൾ എന്തിനാണ് മന്ത്രി ഡെർമറെ അയക്കുന്നത്? മകന്റെ മോചനത്തിന് ഇനി ഞാനെന്താണ് ചെയ്യേണ്ടത്? നിങ്ങൾ മിണ്ടാതിരിക്കണമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ ഞാൻ മൂന്ന് മാസത്തോളം നിശബ്ദയായി ഇരുന്നു. ഞാൻ തെൽ അവീവിലെ ബിഗിൻ ഗേറ്റിൽ മറ്റ് ബന്ദികളുടെ കുടുംബങ്ങളോടൊപ്പം സമരംചെയ്തു. പൊരിവെയിലിൽ ജറുസലേമിലേക്ക് മാർച്ച് ചെയ്തു, മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകി, വിദേശത്ത് സംസാരിച്ചു, ഞങ്ങൾ എല്ലാം ചെയ്തു. പക്ഷേ അവരെ തിരികെ കിട്ടിയില്ല’ -അവർ പറഞ്ഞു.
“നിങ്ങൾ ഫയറിംഗ് സ്ക്വാഡിന് മുന്നിലാണ് ജീവനുള്ള ബന്ദികളെ നിർത്തുന്നത്. ബന്ദികളെ തിരികെ കൊണ്ടുവരാൻ നിങ്ങൾക്ക് കഴിയുമെന്ന് ഞാൻ എങ്ങനെ വിശ്വസിക്കും?” -ബന്ദിയായ തമീർ അദാറിന്റെ മാതാവ് യേൽ അദാർ ചോദിച്ചു.
“മതാനും ബന്ദികളും ഇരുട്ടിൽ തളരുമ്പോൾ പ്രധാനമന്ത്രിക്കസേരയിൽ അള്ളിപ്പിടിച്ചിരിക്കുകയാണ് നെതന്യാഹു. ശത്രു അവരെ തട്ടിക്കൊണ്ടുപോയി എന്നത് ശരിയാണ്. എന്നാൽ, 701 ദിവസമായി അവിടെ തടഞ്ഞുവച്ചിരിക്കുന്നത് നിങ്ങളാണ്. നിങ്ങളാണ് (അവരുടെ മോചനത്തിൽ) തീരുമാനമെടുക്കുന്നവർ. നിങ്ങൾ അവർക്കായി ഒന്നും ചെയ്തില്ല. നിങ്ങൾ എനെതങ്കിലും ചെയ്തിരുന്നെങ്കിൽ അവർ ഇതിനകം ഇവിടെ ഉണ്ടാകുമായിരുന്നു. സർക്കാർ സ്വന്തം പൗരന്മാരെ വഞ്ചിക്കുകയാണ്’ -തെൽഅവീവിലെ ഹോസ്‌റ്റേജസ് സ്‌ക്വയറിൽ നടന്ന റാലിയിൽ മതാൻ സാൻഗോക്കറുടെ പങ്കാളിയും മോചിക്കപ്പെട്ട ബന്ദിയുമായ ഇലാന ഗ്രിറ്റ്‌സ്വെസ്‌കി പറഞ്ഞു. ‘ബന്ദികളെ ഉടൻ രക്ഷിക്കൂ!’ എന്ന് അഭ്യർത്ഥിച്ച് റാലിയിൽ പങ്കെടുത്തവർ ഹോസ്‌റ്റേജസ് സ്ക്വയറിന്റെ മധ്യത്തിൽ ട്രംപിനെ അഭിസംബോധന ചെയ്ത് വലിയ ബാനർ ഉയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.