ഗുജറാത്തില്‍ മൊബൈല്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചു
text_fieldsഗാന്ധിനഗര്‍/സൂറത്ത്: പട്ടേല്‍ പ്രക്ഷോഭത്തിന്‍െറ പശ്ചാത്തലത്തില്‍ ഗുജറാത്തില്‍ മൊബൈല്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധം എടുത്തുകളയാന്‍ തിങ്കളാഴ്ച ചേര്‍ന്ന ആഭ്യന്തര മന്ത്രാലയത്തിന്‍െറയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനമായി. ഗാന്ധിനഗര്‍, രാജ്കോട്ട്, ഭവ്നഗര്‍, ബോട്ടാദ്, മോര്‍ബി ജില്ലകളില്‍ നിരോധം നീക്കി. സൂറത്തിലും അഹ്മദാബാദിലും തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
സംഘര്‍ഷം രൂക്ഷമായ ജില്ലകളില്‍ താല്‍കാലികമായാണ് സോഷ്യല്‍ മീഡിയ നിരോധം നീക്കിയിട്ടുള്ളത്. സിറ്റി പൊലീസ് കമീഷണര്‍മാര്‍ക്കും ജില്ലാ കലക്്ടര്‍മാര്‍ക്കും സോഷ്യല്‍ മീഡിയ സംബന്ധിച്ച് സാഹചര്യത്തിനനുസരിച്ച് തീരുമാനമെടുക്കാന്‍ നിര്‍ദേശം നല്‍കിയതായി ചീഫ് സെക്രട്ടറി മാധ്യമങ്ങളെ അറിയിച്ചു. നിരോധം നീക്കുന്നതോടെ സംഘര്‍ഷത്തിന്‍െറ വിഡിയോകള്‍ വ്യാപകമായി സോഷ്യല്‍ മീഡിയ വഴി പ്രചരിക്കാനുള്ള സാധ്യതയുണ്ട്.
ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധം ബാങ്കുകള്‍, ഇന്‍റര്‍നെറ്റ് വ്യാപാര സ്ഥാപനങ്ങള്‍, ടാക്സി സേവനങ്ങള്‍ എന്നിവയെ കാര്യമായി ബാധിച്ചിരുന്നു. നിരോധം കാരണം ആഗസ്റ്റ് 31 വരെ ബാങ്കുകള്‍ക്ക് 7,000 കോടിയുടെയും ടെലികോം സ്ഥാപനങ്ങള്‍ക്ക് 30 കോടിയുടെയും നഷ്ടമുണ്ടായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.