നോർക്ക കെയർ പ്രീമിയം വർധന പിൻവലിക്കണം: പ്രവാസി വെൽഫെയർ സലാല
text_fieldsസലാല: സാധാരണക്കാരായ പ്രവാസികൾക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കണമെന്ന് പ്രവാസി വെൽഫെയർ സലാല ആവശ്യപ്പെട്ടു. പ്രീമിയം വർധന പദ്ധതിയുടെ ജനക്ഷേമ ലക്ഷ്യത്തെ ദുർബലപ്പെടുത്തുമെന്നും സംഘടന പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും നോർക്ക സെക്രട്ടറിക്കും ഇമെയിൽ വഴി കത്തുകൾ അയച്ചതായി പ്രസിഡന്റ് അബ്ദുല്ല മുഹമ്മദ് പറഞ്ഞു.പരിമിതമായ വരുമാനത്തിൽ ജീവിതച്ചെലവും മക്കളുടെ വിദ്യാഭ്യാസവും നാട്ടിലെ കുടുംബത്തിന്റെ ആവശ്യങ്ങളും നിറവേറ്റുന്ന പ്രവാസികൾക്ക് പ്രീമിയം വർധന വലിയ തിരിച്ചടിയാണ്.
കുടുംബാംഗങ്ങളെക്കൂടി ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തേണ്ടവർക്ക് സാമ്പത്തിക ബാധ്യത കൂടുതൽ രൂക്ഷമാകും. ഉയർന്ന നിരക്കുകൾ കാരണം അർഹരായ പലർക്കും പദ്ധതിയിൽനിന്ന് വിട്ടുനിൽക്കേണ്ടിവരുന്നത് ആശങ്കാജനകമാണെന്നും സംഘടന വ്യക്തമാക്കി.
പ്രവാസികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ കുറഞ്ഞ വരുമാനക്കാർക്ക് സർക്കാർ സബ്സിഡിയോ പ്രത്യേക പ്രീമിയം സഹായമോ അനുവദിക്കണം. പ്രീമിയം വർധനയുടെ കാരണങ്ങളും ചെലവുവിവരങ്ങളും സുതാര്യമായി വ്യക്തമാക്കണം. നിരക്കുകളിലും ആനുകൂല്യങ്ങളിലും മാറ്റം വരുത്തുന്നതിന് മുമ്പ് പ്രവാസി സംഘടനകളുമായി കൂടിയാലോചന നടത്തണമെന്നും നിലവിലെ ഗുണഭോക്താക്കളുടെ ഇൻഷുറൻസ് പരിരക്ഷ മുടങ്ങാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും പ്രവാസി വെൽഫെയർ വർക്കിങ് കമ്മിറ്റി ആവശ്യപ്പെട്ടു.

