ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് ആയിരത്തിലേറെ ഉല്പന്നങ്ങളുമായി കുടുംബശ്രീ
text_fieldsതിരുവനന്തപുരം: സംരംഭകരുടെ ആയിരത്തിലേറെ ഉല്പന്നങ്ങള് വിപണിയിലെത്തിച്ച് ഓണ്‍ലൈന്‍ വ്യാപാരരംഗത്തും സജീവമായി കുടുംബശ്രീ. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളായ മീഷോ, ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്, ഒ.എന്‍.ഡി.സി എന്നിവയിലെല്ലാം കുടുംബശ്രീ ഉല്പന്നങ്ങള് ലഭ്യമാണ്. കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് വഴി മികച്ച വിറ്റുവരവ് നേടി.
വിപണിയിലെ മാറ്റങ്ങള്‍ക്കനുസൃതമായി ഉല്പന്നങ്ങള് വേഗത്തില്‍ ഉപഭോക്താക്കളിലെത്തിച്ച് വിപണനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ഉല്‍പന്നങ്ങളെത്തിക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുത്ത 149 സംരംഭകര്‍ക്ക് ജി.എസ്.ടി രജിസ്ട്രേഷന്, കമ്പനി രജിസ്ട്രേഷന്, ഉല്പന്ന വിവരണം തയാറാക്കല്‍, പ്രോഡക്ട് ഫോട്ടോഗ്രഫി, സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ ഉപയോഗിച്ചുകൊണ്ടുള്ള വിവിധ വിപണന രീതികള്‍ എന്നിവയില്‍ നബാർഡിന്റെ സഹകരണത്തോടെ പരിശീലനവും നല്കി.
കുടുംബശ്രീ ഉല്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനായി പോക്കറ്റ്മാര്‍ട്ട്-കുടുംബശ്രീ സ്റ്റോര്‍ മൊബൈല്‍ ആപ്പും രൂപീകരിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. കുടുംബശ്രീ ഉല്പന്നങ്ങളെ വിവിധ വിതരണ ശൃംഖലയുമായി ബന്ധപ്പെടുത്തുക, ഉല്പന്ന സംഭരണത്തിന് ജില്ലകള്‍ തോറും വെയര്‍ഹൗസുകള്‍ സ്ഥാപിക്കുക തുടങ്ങി സംരംഭകരുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാകും ഈ വര്‍ഷം നടപ്പാക്കുക.
ഓണ്‍ ലൈന്‍ ഫുഡ് ഡെലിവറി സംവിധാനവുമായി ചേര്‍ന്ന് ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിനുള്ള നടപടികളും ആരംഭിക്കും. വാട്സ്ആപ്, ഫേസ്ബുക്ക്, ഗൂഗ്ള്‍ ബിസിനസ് തുടങ്ങി സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകള് അടക്കം വിനിയോഗിച്ച് തങ്ങളുടെ ഉല്പന്നങ്ങള്ക്ക് വിപണി കണ്ടെത്താന്‍ സഹായിക്കുന്നതിനായി സംരംഭകര്‍ക്ക് നല്കുന്ന വിവിധ പരിശീലനങ്ങള്‍ ഈ വര്‍ഷവും തുടരും. കൂടാതെ, എ.ഐ അധിഷ്ഠിത മാര്‍ക്കറ്റിങ്ങിലും പരിശീലനം ലഭ്യമാക്കും.
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്കൊപ്പം നിലവിലെ ഉല്പന്ന വിപണന സമ്പ്രദായങ്ങളും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ ഉല്പന്നങ്ങള് നേരിട്ട് വിപണനം ചെയ്യുന്ന ഹോം ഷോപ് സംവിധാനം 50 പുതിയ മാനേജ്മെന്റ് ടീമുകള്‍, 8718 ഹോംഷോപ് ഓണര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി കൂടുതല്‍ വിപുലീകരിച്ചു. 19.61 കോടി രൂപയുടെ വിറ്റുവരവാണ് കഴിഞ്ഞ വര്‍ഷം മാത്രം ഹോംഷോപ് വഴി ലഭിച്ചത്. 13 ജില്ലകളില്‍ ആരംഭിച്ച 13 പ്രീമിയം കഫേ റസ്റ്റാറന്റുകള്‍ വഴി കഴിഞ്ഞ ഒരുവര്‍ഷം അഞ്ചു കോടിയിലേറെ രൂപയുടെ വിറ്റുവരവ് നേടാനും കുടുംബശ്രീക്കായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.