കടയിൽ നിന്ന് വാങ്ങേണ്ടിവരില്ല; വെണ്ട കൃഷി ചെയ്യൂ, വർഷം മുഴുവൻ വിളവെടുക്കാം
text_fieldsഅടുക്കളത്തോട്ടം ഒരുക്കുമ്പോൾ ഒഴിച്ചുകൂടാനാവാത്ത ഒരു പച്ചക്കറിയാണ് വെണ്ട. കേരളത്തിലെ കാലാവസ്ഥയ്ക്ക് നന്നായി യോജിച്ചതും വീട്ടുവളപ്പില്‍ വര്‍ഷം മുഴുവനും കൃഷിചെയ്യാവുന്നതുമായ വിളയാണിത്. പോഷകസമൃദ്ധമായ വെണ്ട ഇടവിളയായും തനിവിളയായും കൃഷിചെയ്യാം. വര്‍ഷം മുഴുവന്‍ കൃഷിചെയ്യാമെങ്കിലും വെണ്ടക്കൃഷിയുടെ പ്രധാന ഭീഷണിയായ മഞ്ഞളിപ്പുരോഗം പരത്തുന്ന വെള്ളീച്ചകള്‍ കുറവുള്ള മഴക്കാലമാണ് കൃഷിക്ക് ഏറ്റവും അനുയോജ്യം.
100-110 ദിവസത്തിനകം വിളവെടുപ്പ് പൂര്‍ത്തിയാകുന്നതിനാല്‍ വര്‍ഷത്തില്‍ മൂന്നുതവണ വെണ്ട കൃഷിചെയ്യാം. വേനല്‍ക്കാലകൃഷിയില്‍ ധാരാളം രോഗ-കീടബാധകള്‍ കണ്ടുവരുന്നതിനാല്‍ നടീല്‍സമയം ക്രമീകരിച്ച് കൃഷിചെയ്താല്‍ അവയെ ഫലപ്രദമായി നിയന്ത്രിക്കാം. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണ്, സൂര്യപ്രകാശം, ജലസേചനസൗകര്യം എന്നിവയുള്ള സ്ഥലങ്ങള്‍ വെണ്ടക്കൃഷിക്ക് അനുയോജ്യമാണ്. മണ്ണിന്‍റെ ഘടനയനുസരിച്ച് കുഴികളോ, ചാലുകളോ എടുത്ത് വിത്ത് നടാവുന്നതാണ്. വര്‍ഷകാലത്ത് ചെടികള്‍ തഴച്ചു വളരുന്നതിനാല്‍ കൂടുതല്‍ അകലം നല്‍കണം. ജൂണ്‍ - ജൂലൈ മാസങ്ങളില്‍ ആരംഭിക്കുന്ന വെണ്ടക്കൃഷിയാണ് ഏറ്റവും നല്ല വിളവ് നല്‍കുന്നത്.
ഒരു സെൻറിലേക്ക് 30 മുതൽ 35 ഗ്രാം വരെ വിത്ത് ആവശ്യമാണ്. മഴക്കാലത്ത് വിത്ത് നേരിട്ട് പാകുന്നനേക്കാൾ നല്ലത് മുളപ്പിച്ചു നടുന്നതാണ്. മേയ് പകുതിയിൽതന്നെ വിത്തുകൾ തയാറാണെങ്കിൽ ഉപകാരപ്പെടും. കൃഷിഭവനിൽനിന്നോ മറ്റ് അംഗീകൃത സ്ഥാപനങ്ങളിൽനിന്നോ തൈകളും വിത്തുകളും വാങ്ങാം. വാരങ്ങളിലും തടങ്ങളിലും േഗ്രാബാഗുകളിലും കൃഷി ചെയ്യാം. കൃഷി ചെയ്യാനുദ്ദേശിക്കുന്ന സ്ഥലം നന്നായി കിളച്ചു മറിച്ച് കളകൾ മാറ്റണം.
വെള്ളം കെട്ടിനിൽക്കാതെ നോക്കണം. വാരങ്ങളിലാണ് നടുന്നതെങ്കിൽ ചെടികൾ തമ്മിൽ 45 സെൻറിമീറ്ററും വരികൾ തമ്മിൽ 60 സെൻറിമീറ്ററും അകലം വേണം. ഒരു സെൻറിൽ 150 തൈകൾ നടാം. ഒരു ഗ്രാം സ്യൂഡോമോണാസ് വിത്തുമായി കലർത്തി വിത്തുപരിചരണം നടത്തുന്നത് രോഗപ്രതിരോധശേഷിക്ക് നല്ലതാണ്.
ചാണകപ്പൊടി കമ്പോസ്റ്റ്, എല്ലുപൊടി തുടങ്ങിയ ജൈവവളങ്ങൾ ചേർക്കാം. മേൽവളമായി ചാണകം നന്നായി നേർപ്പിച്ച് ചാണകപ്പാൽ ആക്കിയത്, ബയോഗ്യാസ് സ്ലറി 200 ഗ്രാം നാലു ലിറ്റർ വെള്ളവുമായി നന്നായി ചേർത്തതോ, വെർമി വാഷ് അല്ലെങ്കിൽ ഗോമൂത്രം എന്നിവ നാലിരട്ടി വെള്ളത്തിൽ നേർപ്പിച്ചതോ ഉപയോഗിക്കാം. കൂടാതെ, കലർപ്പില്ലാത്ത കടലപ്പിണ്ണാക്ക് 200 ഗ്രാം നാല് ലിറ്റർ വെള്ളത്തിൽ ഒരു പ്ലാസ്റ്റിക് വീപ്പയിൽ കുതിർത്തുവെച്ച് അതും ഉപയോഗിക്കാം.
തണ്ട് തുരപ്പന്‍ ആണ് വെണ്ടയെ ആക്രമിക്കുന്ന പ്രധാന കീടം. വേപ്പിന്‍കുരു പൊടിച്ച് 24 മണിക്കൂര്‍ വെള്ളത്തിലിട്ട് ചീയിച്ച മിശ്രിതം ഇരട്ടി വെള്ളം ചേര്‍ന്ന് കീടനാശിനിയായി ഉപയോഗിക്കാവുന്നതാണ്. വേപ്പിന്‍ കുരു ലഭ്യമല്ലെങ്കില്‍ വേപ്പിന്‍ പിണ്ണാക്ക് ഇതേ പോലെ വെള്ളത്തില്‍ ഇട്ടു ഉപയോഗിക്കാം. രണ്ടാഴ്ച്ച കൂടുമ്പോള്‍ ഈ പ്രയോഗം ചെയ്യുന്നത് വളരെ നല്ലതാണ്. കൂടാതെ വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചത് തടത്തില്‍ ഇടയ്ക്കിടെ വിതറുന്നതും തുരപ്പനെ ഒഴിവാക്കും. കാന്താരി മുളക് മിശ്രിതം, വേപ്പെണ്ണ എമൽഷൻ, വെളുത്തുള്ളി മിശ്രിതം തുടങ്ങിയവ ഉപയോഗിക്കുന്നതും നല്ലതാണ്.
പ്രധാന ഇനങ്ങൾ
അര്‍ക്ക അനാമിക: നല്ല പച്ചനിറത്തോടുകൂടിയ ചെറിയ കായ്കള്‍, നരപ്പുരോഗത്തിനെതിരെയുള്ള പ്രതിരോധശേഷി, ഉയര്‍ന്ന വിളവ് എന്നിവ ഈ ഇനത്തിന്‍റെ പ്രത്യേകതകളാണ്. പ്രധാനമായും മഴക്കാലത്ത് കൃഷിചെയ്തുവരുന്നു. കേരളത്തിലെ അടുക്കളത്തോട്ടങ്ങളില്‍ പൊതുവേ കൃഷിചെയ്യപ്പെടുന്ന ഇനമാണിത്.
സല്‍കീര്‍ത്തി: ഇളം പച്ചനിറമുള്ള നല്ല നീളമുള്ള കായ്കള്‍, ഉയര്‍ന്ന വിളവ് എന്നിവയാണ് സല്‍കീര്‍ത്തിയുടെ പ്രത്യേകതകള്‍. നരപ്പുരോഗത്തിനെതിരെ കാര്യമായ പ്രതിരോധശേഷിയില്ല. നട്ട് 44-ാം ദിവസം വിളവെടുക്കാം. വേനല്‍ക്കാലകൃഷിക്ക് യോജിച്ച ഇനമാണ്.
സുസ്ഥിര: ഇളം പച്ചനിറത്തില്‍ നല്ല വണ്ണമുള്ള കായ്കള്‍, മഞ്ഞളിപ്പുരോഗത്തിനെതിരെ പ്രതിരോധശേഷി, ദീര്‍ഘകാലം വിളവ് നല്കാനുള്ള ശേഷി എന്നിവ സുസ്ഥിരയെ വീട്ടുവളപ്പിലെ കൃഷിക്ക് അനുയോജ്യമാക്കുന്നു. ആദ്യവിളവെടുപ്പുകാലത്തിനുശേഷം പ്രധാന ശാഖയും, ശിഖരങ്ങളും വെട്ടിമാറ്റി മണ്ണുകയറ്റി നനച്ചുകൊടുത്താല്‍ പുതിയ മുളകള്‍ പൊട്ടി തഴച്ചു വളരാനുള്ള ശേഷിയുണ്ട്.
മഞ്ജിമ: വൈറസ്രോഗമായ മഞ്ഞളിപ്പിനെതിരെ ഉയര്‍ന്ന പ്രതിരോധശക്തി, മികച്ചവിളവ് എന്നീ ഗുണങ്ങളോടുകൂടിയ മഞ്ജിമ തെക്കന്‍ജില്ലകളിലെ കൃഷിക്ക് വളരെ അനുയോജ്യമായ ഇനമാണ്.
അഞ്ജിത: ഇലമഞ്ഞളിപ്പിനെതിരെ പ്രതിരോധശേഷിയുള്ള സങ്കരയിനമാണ് അഞ്ജിത. ഇളംപച്ചനിറത്തോടുകൂടിയ കായ്കളുള്ള അഞ്ജിത മഴക്കാലത്തെ കൃഷിക്ക് യോജിച്ചതാണ്.
മഞ്ഞകലര്‍ന്ന പച്ചനിറത്തോടുകൂടിയ കായ്കളുള്ള 'കിരണ്‍', ചുവപ്പ് നിറമുള്ള കായ്കളോടുകൂടിയ 'അരുണ' തുടങ്ങിയ ഇനങ്ങളും നിലവിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.