മൾബറി പഴത്തിന് ഗുണങ്ങൾ ഏറെയുണ്ട്
text_fieldsമലയാളികൾക്ക് ഏറെ പരിചിതമായ ഫലമാണ് മൾബറി. ഒരുപാട് പോഷക ഗുണങ്ങൾ മൾബറി പഴത്തിലുണ്ട്. പ്രധാനമായും പട്ടുനൂൽ ഉത്പാദിപ്പിക്കുന്നവരാണ് മൾബറി കൃഷി കൂടുതലും ചെയ്യുന്നത്. മൾബറിയുടെ ഇലകളാണ് പട്ടുനൂൽ പുഴുവിന്‍റെ പ്രധാന ഭക്ഷണം. ചൈനയാണ് മൾബറിയുടെ ഉത്ഭവം. പിന്നീട് ഇന്ത്യയിലേക്കും മറ്റ് സൗത്ത് ഏഷ്യൻ രാജ്യങ്ങളിലേക്കും പട്ടുനൂൽ കൃഷിയുടെ ആവശ്യത്തിന് മൾബറി ഉപയോഗിക്കാൻ തുടങ്ങി. ജാം , ജ്യൂസ്, ഐസ്ക്രീം, കേക്ക്, സ്ക്വാഷ്, പിക്കിൾ, വൈൻ തുടങ്ങി നിരവധി വിഭവങ്ങൾ മൾബറി കൊണ്ട് ഉണ്ടാക്കാൻ പറ്റും.
മൾബറി ഇനങ്ങൾ
മൊറേസി ഇനത്തിൽ പെട്ട ഒന്നാണ് മൾബറി. നമ്മുടെ നാട്ടിൽ ചെറിയ മരങ്ങളായിട്ടാണ് ഇവ വളരുന്നത്. വിവിധ തരം ഇനങ്ങൾ ഉണ്ടെങ്കിലും വളരെ കുറച്ച് മാത്രമേ കൃഷി ചെയ്യുന്നുള്ളൂ. നിറത്തിന്‍റെ അടിസ്ഥാനത്തിൽ ഇവയെ മൂന്നായി തരം തിരിക്കാം.
- മോറസ് ആൽബ (വെള്ള മൾബറി)
ഇന്ത്യ, ചൈന എന്നിവിടങ്ങളിൽ വളരെ വ്യാപകമായി കൃഷി ചെയ്യുന്ന ഒന്നാണ് മോറസ് ആൽബ. പട്ടുനൂൽ പുഴുവിന്‍റെ പ്രധാന ഭക്ഷണമാണ് ഇതിന്‍റെ ഇലകൾ. വെളുത്തതും വളരെ മധുരം നിറഞ്ഞതുമാണ് ഇതിന്‍റെ ഫലങ്ങൾ.
- മോറസ് റുബ്ര (ചുവപ്പ് മൾബറി)
വടക്കേ അമേരിക്കയാണ് മോറസ് റുബ്രയുടെ ജന്മദേശം. ചുവപ്പ് നിറത്തിലാണ് ഇതിലെ ഫലങ്ങൾ കാണപ്പെടുന്നത്. ധാരാളം ഔഷധ ഗുണങ്ങളുള്ള ഈ മൾബറിയുടെ തടി ഫർണിച്ചറുകൾക്കും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിച്ചുവരുന്നു.
- മോറസ് നിഗ്ര ( കറുപ്പ് മൾബറി)
പഴുക്കുമ്പോൾ കറുത്ത നിറമാണ് ഇവക്ക്. ധാരാളം പോഷക ഗുണങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. ഫലത്തിന് വേണ്ടിയാണ് ഇത് പ്രധാനമായും കൃഷി ചെയ്യുന്നത്. ചൈന, ഇന്ത്യ, യൂറോപ്പ്, പശ്ചിമേഷ്യൻ രാജ്യങ്ങളിലാണ് പ്രധാനമായും കാണപ്പെടുന്നത്.
മൾബറി പഴത്തിന്‍റെ ഗുണങ്ങൾ
ഇത്തിരി പോന്ന ഈ കുഞ്ഞൻ പഴത്തിൽ ഒരുപാട് പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അന്നജം, പ്രോട്ടീൻ, കൊഴുപ്പ്, ഡയറ്ററി ഫൈബർ കൂടാതെ ജീവകങ്ങളായ ഫോളേറ്റുകൾ, നിയാസിൻ, പാന്റോതെനിക് ആസിഡ്, ജീവകം എ, സി, ഇ, കെ, സോഡിയം, കാൽസ്യം, കോപ്പര്‍ ഇരുമ്പ്, മഗ്നീഷ്യം, സെലെനിയം, സിങ്ക് എന്നീ ധാതുക്കളും, ഫൈറ്റോ ന്യൂട്രിയന്റുകളായ ബീറ്റോ കരോട്ടിൻ, ല്യൂട്ടിൻ, സിസാന്തിൻ എന്നിവയും അടങ്ങിയിട്ടുണ്ട്.
മൾബറിയിൽ അടങ്ങിയ ഭക്ഷ്യനാരുകൾ ദഹനവ്യവസ്ഥ ബലപ്പെടുത്തുന്നു. ഇരുമ്പ് ധാരാളം അടങ്ങിയതിനാൽ രക്തചംക്രമണം കൂട്ടാനും വിളർച്ച തടയാനും സഹായിക്കുന്നു. ഹൃദയാരോഗ്യത്തിനും, കണ്ണിനും, രോഗപ്രതിരോധശക്തിക്കും മൾബറി പതിവായി കഴിക്കുന്നത് നല്ലതാണ്. മനുഷ്യ ശരീരത്തിന് വേണ്ട ഒരുപാട് പോഷക ഗുണങ്ങൾ മൾബറിയിൽ അടങ്ങിയിട്ടുണ്ടെങ്കിലും മിതമായി കഴിക്കുന്നതാണ് നല്ലത്.
നടുന്ന രീതി
മൾബറിയുടെ മൂത്ത കമ്പുകളാണ് നടാൻ ഉപയോഗിക്കേണ്ടത്. എല്ലാ തരം മണ്ണിലും മൾബറി വളരുമെങ്കിലും നീർവാർച്ചയുള്ള മണ്ണാണ് പെട്ടെന്ന് വേര് പിടിക്കാൻ നല്ലത്. നട്ട് ഒരാഴ്ചക്കുള്ളിൽ തന്നെ വേരും ഇലകളും വന്ന് തുടങ്ങും. ആവശ്യമായ വെള്ളവും സൂര്യപ്രകാശവും കിട്ടിയാൽ മൾബറി പെട്ടെന്ന് വളരും. ചാണകപൊടിയും, കമ്പോസ്റ്റ് വളങ്ങളും ചെടിയുടെ വളർച്ചക്ക് നല്ലതാണ്. നിലത്തെ മണ്ണിലും, ടെറസ്, ബാൽക്കണി എന്നിവിടങ്ങളിൽ വലിയ ചട്ടികളിൽ മണ്ണ് നിറച്ചും മൾബറി നടാവുന്നതാണ്. ഇടക്കിടെ കൊമ്പ് കോതി കൊടുക്കുന്നത് (pruning) പെട്ടെന്ന് കായ് ഫലമുണ്ടാകാൻ സഹായിക്കും. വർഷത്തിൽ എല്ലാ സമയത്തും മൾബറി ഉണ്ടാവാറുണ്ട്. കീടങ്ങളുടെ ആക്രമണം വളരെ കുറഞ്ഞ ചെടിയാണ് മൾബറി. അതുകൊണ്ട് തന്നെ പരിപാലനവും വളരെ കുറവ് മതി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.