ഓണസമൃദ്ധിയുമായി കൃഷിവകുപ്പ്; 2,000 കർഷക ചന്തകൾക്ക് തുടക്കം
text_fieldsതിരുവനന്തപുരം: ഓണക്കാലത്ത് കർഷകർക്ക് മികച്ച വിപണിയും ഉപഭോക്താക്കൾക്ക് ന്യായവിലയിൽ ഗുണമേന്മയുള്ള കാർഷിക ഉൽപന്നങ്ങളും ഉറപ്പാക്കാൻ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2,000 ‘ഓണസമൃദ്ധി 2026’ കർഷക ചന്തകൾക്ക് തുടക്കമായി.
കുടപ്പനക്കുന്ന് കൃഷിഭവൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ കൃഷിമന്ത്രി ടി. സിദ്ദീഖ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ഓണക്കാല വിലക്കയറ്റം നിയന്ത്രിച്ച് കർഷകന് മികച്ച വിലയും ഉപഭോക്താവിന് ന്യായവിലയും ഉറപ്പാക്കുന്ന ശക്തമായ വിപണി ഇടപെടലാണ് കർഷക ചന്തകളിലൂടെ സർക്കാർ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. 2,000 കർഷക ചന്തകളിൽ 1,074 എണ്ണം കൃഷിവകുപ്പും 766 എണ്ണം ഹോർട്ടികോർപ്പും 160 എണ്ണം വി.എഫ്.പി.സി.കെയുമാണ് സംഘടിപ്പിക്കുന്നത്.
കർഷകരിൽനിന്ന് നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾക്ക് പൊതുവിപണിയിലെ മൊത്തവ്യാപാര വിലയേക്കാൾ 10 ശതമാനം അധികവില നൽകുകയും ഉപഭോക്താക്കൾക്ക് പൊതുവിപണിയിലെ ചില്ലറ വിലയേക്കാൾ 30 ശതമാനം വരെ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുകയും ചെയ്യും. ഈ സർക്കാർ അധികാരത്തിലെത്തുമ്പോൾ ഹോർട്ടികോർപ്പ് കർഷകരിൽനിന്ന് നടത്തിയ പച്ചക്കറി സംഭരണവുമായി ബന്ധപ്പെട്ട് 2.73 കോടിയിലധികം രൂപ കുടിശ്ശികയുണ്ടായിരുന്നു. ഈ തുക പൂർണമായി നൽകാൻ നടപടികൾ സ്വീകരിച്ചെന്നും വിതരണം പൂർത്തിയായിവരികയാണെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

