കറ്റാർവാഴ; വിപണി സാധ്യതയേറെ
text_fieldsഔഷധങ്ങളുടെ കലവറയാണ് കറ്റാർവാഴ. സൗന്ദര്യ സംരക്ഷണത്തിനും ഔഷധത്തിനുമെല്ലാം കറ്റാർവാഴ ഉപയോഗിച്ചുപോരുന്നു. അടുക്കളത്തോട്ടത്തിൽ എളുപ്പത്തിൽ വളർത്താൻ കഴിയും. ഗ്രോബാഗിലും നട്ടുവളർത്താം. ഇടവിളയായും തനിവിളയായും കറ്റാർവാഴ നടാം. വാണിജ്യാവശ്യത്തിനും കൃഷി ചെയ്യാം. ഏത് കാലാവസ്ഥയിലും ഏതു ഭൂമിയിലും കറ്റാർവാഴ കൃഷി സാധ്യമാകും.
ഒരേക്കർ ഭൂമിയിൽ കൃഷി ചെയ്യാൻ 15,000 കന്നുകൾ ആവശ്യമായിവരും. 60 സെന്റിമീറ്റർ അകലത്തിൽ തൈകൾ നടാം. കാലിവളം അടിവളമായി ഉപയോഗിച്ച് വേണം തൈകൾ നടാൻ. നഴ്സറികളിൽനിന്ന് നല്ല വിളവ് ലഭിക്കുന്ന ചെടികളുടെ തൈകൾ വാങ്ങാൻ ലഭിക്കും. കൂടാതെ നല്ല ചെടികളിൽനിന്ന് പൊട്ടിമുളക്കുന്ന ഭാഗം പറിച്ചുനട്ടും പുതിയ ചെടികൾ ഉൽപാദിപ്പിക്കാം. ഏകദേശം 30 മുതല്‍ 50 വരെ സെന്റിമീറ്റര്‍ പൊക്കത്തില്‍ ചെടി വളരും.
നീണ്ട ഇലകളാണ് കറ്റാർവാഴക്കുണ്ടാകുക. ഈ ഇലകളിൽ കട്ടിയായ നീര് ഉണ്ടാകും. ഈ നീരാണ് സൗന്ദര്യ സംരക്ഷണത്തിനും ഔഷധത്തിനുമെല്ലാം ഉപയോഗിക്കുക. കറ്റാര്‍വാഴയില്‍ ജീവകങ്ങള്‍, അമിനോ ആസിഡുകള്‍, ഇരുമ്പ്, മഗ്നീഷ്യം, കാത്സ്യം, സിങ്ക് തുടങ്ങിയവ അടങ്ങിയിരിക്കുന്നു.
വെള്ളം കെട്ടിക്കിടക്കാത്ത, എന്നാൽ നനക്കാൻ സൗകര്യമുള്ള സ്ഥലങ്ങളാണ് കറ്റാർവാഴ നടാൻ അനുയോജ്യം. നല്ല പരിചരണം നൽകിയാൽ നല്ല വലുപ്പമുള്ള ഇലകൾ ലഭിക്കും. എന്നാൽ, മറ്റു വിളകളെപ്പോലെ അധികം പരിചരണവും ആവശ്യമില്ല. ചാണകപ്പൊടി ഇടക്കിടെ ഇട്ടുനൽകുന്നത് വിളവ് കൂട്ടാൻ സഹായിക്കും. വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഇലകളും വേരും ചീഞ്ഞുപോകാൻ സാധ്യതയുണ്ട്.
നട്ട് ആറുമാസം കഴിയുമ്പോൾ മുതൽ ഇലകൾ മുറിച്ചെടുക്കാം. ഒരു വർഷം മൂന്നുതവണ ഇല മുറിച്ചെടുക്കാം. അഞ്ചുവർഷത്തോളം ഒരു ചെടിയിൽനിന്ന് വിളവെടുക്കാൻ സാധിക്കും. കാര്യമായ രോഗകീടങ്ങളുടെ ആക്രമണം കറ്റാർവാഴക്ക് ഉണ്ടാകാറില്ല. ആയുർവേദ മരുന്നുൽപാദനവുമായി ബന്ധപ്പെട്ട വിപണി കണ്ടെത്താൻ എളുപ്പത്തിൽ സാധിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.