ഓണവിപണി മുന്നിൽ; വാഴകർഷകർ പ്രതിസന്ധിയിൽ
text_fieldsവിൽപനക്കെത്തിച്ച ഏത്തക്ക കടയിൽ നിരത്തിവെച്ചിരിക്കുന്നു
കൊല്ലം: ഓണത്തെ മുൻനിർത്തി ആരംഭിച്ച വാഴകൃഷി, കാലാവസ്ഥാ പ്രതിസന്ധിയും രോഗബാധയും മൂലം കർഷകരെ കടുത്ത ബുദ്ധിമുട്ടിലാഴ്ത്തി. ശക്തമായ മഴയുടെ ആഘാതവും പിന്നാലെ വ്യാപകമായി പടർന്ന ഇലപ്പുള്ളി രോഗവും ചേർന്നതോടെ ജില്ലയിലെ വാഴകൃഷി വലിയ നഷ്ടത്തിലായി.
നാടൻ ഏത്തക്കക്ക് വിപണിയിൽ വില കുറഞ്ഞതാണ് കർഷകർക്ക് തിരിച്ചടിയായിരിക്കുന്നത്. പൊതുവിപണിയിൽ കൊല്ലം നഗരത്തിൽ നാടൻ ഏത്തക്കക്ക് 90 രൂപയോളം റീട്ടെയിൽ വില ലഭിക്കുമ്പോൾ ഓണവിപണിയിൽ മികച്ച വില പ്രതീക്ഷിച്ച് വളർത്തിയ ഏത്തവാഴ കർഷകരുടെ കൈകളിലേക്ക് എത്തുന്നതാകട്ടെ ശരാശരി 50 രൂപ മാത്രമാണ്.
ഇത്രയും കുറഞ്ഞ വിലയിൽനിന്ന് വിത്ത് നടുന്നതുൾപ്പെടെ മുഴുവൻ ചിലവുകളും തിരിച്ചുപിടിക്കാനാവില്ലെന്നാണ് കർഷകർ പറയുന്നത്. ഒരു വാഴക്ക് ശരാശരി 400 രൂപയിലധികം ചെലവ് വരും. എന്നാൽ, ഒരു കുലവെട്ടി വിറ്റാൽ 450 രൂപ പോലും കിട്ടാത്ത അവസ്ഥയാണ്. ലാഭകരമായി മുന്നോട്ടുകൊണ്ടുപോകാൻ കുറഞ്ഞത് 70 രൂപയെങ്കിലും കിലോക്ക് ലഭിക്കേണ്ടതുണ്ടെന്നതാണ് കർഷകരുടെ ആവശ്യം. കാലവർഷത്തിൽ ഉണ്ടായ ശക്തമായ കാറ്റിൽ നിരവധി ഏത്തവാഴകൾ ഒടിഞ്ഞുവീണിരുന്നു.
ജില്ലയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ കാലാവസ്ഥയും രോഗങ്ങളും ചേർന്ന് 122.76 ഹെക്ടർ വിസ്തൃതിയിൽ വാഴകൃഷി നഷ്ടപ്പെട്ടു. ഇതിൽ കൂടുതലും ഓണവിപണിക്കായി ഒരുക്കിയ ഏത്തവാഴകളാണ്. ഏകദേശം 15.7 കോടി രൂപയുടെ നഷ്ടം വാഴകർഷകർക്ക് സംഭവിച്ചെന്നാണ് കണക്ക്. ബാങ്ക് വായ്പയെടുത്തും പാട്ടത്തിനെടുത്ത സ്ഥലങ്ങളിലും കൃഷി നടത്തിയവരാണ് കൂടുതലും. വില ഇടിഞ്ഞതോടെ കർഷകർ കടബാധ്യതയിലേക്ക് വഴുതിവീണിരിക്കുകയാണ്.
ഇത്തരമൊരു അവസ്ഥ തുടരുകയാണെങ്കിൽ അടുത്ത സീസണിൽ കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്നും അവർ പറയുന്നു. എങ്കിലും, ഓണവിപണി പ്രതീക്ഷിച്ച വില നൽകുമെന്ന പ്രതീക്ഷയിൽ വിളവെടുപ്പിനൊരുങ്ങുകയാണ് കിഴക്കൻ മേഖലയിലെ ഉൾപ്പെടെയുള്ള ജില്ലയിലെ വാഴകർഷകർ.
വെല്ലുവിളിയായി നേന്ത്രവാഴയിലെ ഇലപ്പുള്ളി രോഗം
കഴിഞ്ഞ കുറച്ച് വർഷങ്ങളായി നേന്ത്രവാഴ കൃഷിയെ ഗൗരവമായി ബാധിച്ചുകൊണ്ടിരിക്കുന്ന പ്രധാന രോഗമാണ് ഇലപ്പുള്ളി രോഗം. ഇലകളിലെ നിറവ്യത്യാസമാണ് ലക്ഷണങ്ങളിൽ പ്രധാനം. നരച്ച നിറമോ കറുപ്പോ ഉള്ള പുള്ളിക്കുത്തുകൾ ചിലപ്പോൾ ഇല മുഴുവനായും നിറം മാറും. ഈർപ്പം കൂടുതലായി നിൽക്കുന്ന സസ്യങ്ങളിൽ രോഗം കൂടുതലായി പ്രകടമാവും. പൊഴിഞ്ഞുവീഴുന്ന ഇലകളിൽ നിന്നും കാറ്റ് വഴിയും ജലം വഴിയും മറ്റു ഭാഗങ്ങളിലെ സസ്യങ്ങളിലേക്കും ഈ രോഗം പടരുന്നു. വർഷക്കാലത്ത് കായ പാകത്തിന് അടുത്തെത്തുമ്പോഴാണ് സാധാരണയായി ഇതിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നത്. രോഗം പ്രധാനമായും ഇലകളിൽ മാത്രമാണ് കാണപ്പെടുന്നത്.
വില കയറാതെ ഏത്തക്ക വിപണി
ഓണം അടുത്തിട്ടും വിലയിൽ വലിയ കുതിച്ചുചാട്ടമൊന്നുമില്ലാതെ ഏത്തക്ക വിപണി മുന്നോട്ടുപോകുന്നതിന്റെ ആശ്വാസത്തിലാണ് ഉപഭോക്താക്കൾ. കഴിഞ്ഞ കുറെ മാസങ്ങളായി തുടരുന്ന വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. കർണാടകയിൽ നിന്നുള്ള ഹൊസൂർ ഏത്തക്ക കാര്യമായി വിപണിയിൽ എത്തിയതാണ് വിലകയറാതെ പിടിച്ചുനിർത്തുന്നത്. കൊല്ലത്തിന്റെ മണ്ണിൽ വിരിഞ്ഞ തനി നാടൻ മുതൽ പാലക്കാട്, തമിഴ്നാട് സത്യമംഗലം എന്നിവിടങ്ങളിൽ നിന്നുള്ള ഏത്തക്ക വരെ വിപണിയിൽ വൻ ഡിമാൻഡിൽ വിറ്റുപോകുന്നുണ്ട്.
നഗരത്തിലെ ഹോൾസെയിൽ വിപണിയിൽ 80 രൂപയും റീട്ടെയിൽ വ്യാപാരത്തിൽ 90 രൂപയും വരെയാണ് നാടൻ ഏത്തക്കയുടെ വില. പാലക്കാടിന്റെ സ്വർണമുഖി ഏത്തൻ ഹോൾസെയിൽ 40-42 രൂപയും റീട്ടെയിൽ 50-55 രൂപയുമാണ് വിലവരുന്നത്.
ഇതേ സ്വർണമുഖി കൃഷി ചെയ്ത് തമിഴ്നാട് സത്യമംഗലത്ത് നിന്ന് എത്തുമ്പോഴും 40 രൂപ ഹോൾസെയിലിലും 50 രൂപ വരെ റീട്ടെയിലിലും വില വരുന്നു. ശരാശരി 25 കിലോ വരെ തൂക്കം വരുന്നതാണ് സത്യമംഗലം ഏത്തക്കുലകൾ. ഇവ കൂടാതെയാണ് വയനാടൻ വാഴ വിത്തിൽ കർണാടകയിലെ ഹൊസൂരിൽ വിളഞ്ഞ ഏത്തക്കയും വിപണിയിൽ നിറഞ്ഞിരിക്കുന്നത്. 42 രൂപ ഹോൾസെയിലിലും 55 രൂപ റീട്ടെയിലിലും ആണ് ഈ വയനാടൻ-ഹൊസൂർ കോംബോ ഇവിടെ വിൽപന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.