ഓണം എത്തുന്നു; സജീവമായി ഏത്തക്കുല വിപണി
text_fieldsവകയാറിലെ ഏത്തക്കുല വിപണി
കോന്നി: ഓണത്തിന് ആഴ്ചകൾ ശേഷിക്കുമ്പോഴും ഏത്തക്കൂല വിപണി സജീവം. കോന്നിയിലെ പ്രധാന വാഴക്കുല വ്യാപാര കേന്ദ്രമായ വകയാർ വാഴക്കുല കർഷക വിപണിയിൽ കഴിഞ്ഞ ദിവസങ്ങളിലടക്കം തിരക്ക് അനുഭവപ്പെടുന്നുണ്ട്. കിലോക്ക് 69 രൂപയെന്ന നിരക്കിലാണ് വാഴക്കുല വിറ്റഴിക്കുന്നത്. എന്നാൽ കിലോക്ക് 80 രൂപക്ക് മുകളിൽ ലഭിച്ചാലെ ലാഭകരമാകുകയുള്ളൂവെന്നാണ് കർഷകർ പറയുന്നത്.
കോന്നി, അരുവാപ്പുലം, പ്രമാടം മേഖലയിലെ 400ഓളം കർഷകരാണ് വകയാർ സ്വാശ്രയ കർഷക വിപണിയെ ആശ്രയിക്കുന്നത്. തണ്ണിത്തോട്, തേക്കുതോട്, കരിമാൻതോട് മേഖലയിലെ കർഷകർക്കായി തേക്കുതോട്ടിലും ഒരു വിപണി പ്രവർത്തിക്കുന്നുണ്ട്.
ഏത്ത വാഴകുലകളോട് ഒപ്പം തന്നെ പൂവൻ, പാളയം കോടൻ, ചെങ്കദളി, ഞാലിപൂവൻ വാഴക്കുലകൾക്കും ഇവിടെ ആവശ്യക്കാർ ഏറെയാണ്. കൂടാതെ കപ്പയും ചേനയും കാച്ചിലും എല്ലാം ആളുകൾ ലേലം വിളികളിലൂടെ സ്വന്തമാക്കുന്നുണ്ട്. അടുത്ത മാസത്തോട് കൂടി വകയാർ വാഴക്കുല വിപണിയിൽ തിരക്ക് വർധിക്കുകയും കർഷകർക്ക് മികച്ച ലാഭം ലഭിക്കുകയും ചെയ്യുമെന്നാണ് കർഷകരുടെ പ്രതീക്ഷ.
ഇത്തവണ കാലാവസ്ഥ വ്യതിയാനവും അപ്രതീക്ഷിതമായി എത്തിയ കാറ്റും മഴയുമെല്ലാം വാഴകൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ മേട്ടുപ്പാളയം, കർണ്ണാടക, വയനാടൻ കുലകൾ എന്നിവയാണ് മറ്റൊരു ഭീഷണി. മൂന്ന് കിലോക്ക് നൂറ് രൂപ നിരക്കിൽ പൊതു നിരത്തുകളിൽ വിറ്റഴിക്കുന്ന ഇത്തരം വാഴക്കുലകൾ സാധാരണക്കാരായ കർഷകരെ സാരമായി ബാധിക്കുവാൻ ഇടയുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.