കൃഷി വൈവിധ്യ പരീക്ഷണവുമായി സി.കെ. ഇബ്രാഹിം
text_fieldsസി.കെ. ഇബ്രാഹിം എടയൂരിലെ ചെണ്ടുമല്ലി തോട്ടത്തിൽ
എടയൂർ: ചെണ്ടുമല്ലി ഉൾപ്പെടെ വിവിധയിനം കൃഷിയിറക്കി ഇബ്രാഹിം. ചെണ്ടുമല്ലിയോടൊപ്പം എടയൂർ മുളക്, വാഴ, കൂവ തുടങ്ങി വിവിധ പച്ചക്കറികൾ എടയൂർ അധികാരിപ്പടി സ്വദേശി സി.കെ. ഇബ്രാഹിമിന്റെ (63) തോട്ടത്തിൽ കാണാം. ഓണ വിപണി ലക്ഷ്യം വെച്ച് നാലായിരത്തോളം ചെണ്ടുമല്ലി തൈകളാണ് നട്ടത്.
ഓറഞ്ച്, മഞ്ഞ പൂവുകൾ വിരിയുന്ന ചെണ്ടുമല്ലിയുടെ ഹൈബ്രിഡ് വിത്തിനങ്ങൾ നൽകിയത് എടയൂർ ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്. ഇടവിളയായി ഭൗമ സൂചിക പദവിയിൽ ഇടം പിടിച്ച ‘എടയൂർ മുളകും’ കൃഷി ചെയ്യുന്നുണ്ട്. ഔഷധ ആവശ്യങ്ങൾ കൂടി ലക്ഷ്യമിട്ട് 50 സെന്റ് സ്ഥലത്താണ് കൂവ കൃഷി ചെയ്യുന്നത്.
മൂന്ന് ഏക്കറിൽ നെൽ കൃഷിയും ഉണ്ട്. സ്വന്തമായി 17 സെന്റ് ഭൂമി മാത്രമുള്ള ഇബ്രാഹിം അഞ്ച് ഏക്കറിലെ പച്ചക്കറി കൃഷി ഉൾപ്പെടെ എട്ട് ഏക്കറോളം സ്ഥലത്താണ് പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നത്. നോമ്പുകാലത്ത് വിളവെടുപ്പ് പ്രതീക്ഷിച്ച് അഞ്ച് തരം തണ്ണിമത്തൻ 80 സെന്റോളം സ്ഥലത്ത് കൃഷി ചെയ്തിരുന്നു. എടയൂർ കൃഷിഭവൻ പോഷക സമൃദ്ധി മിഷൻ പ്രകാരം ശീതകാല പച്ചക്കറികളും കൃഷി ചെയ്യാറുണ്ട്.
15 വർഷം സൗദിയിൽ ആയിരുന്നു. പ്രവാസ ജീവിതത്തിലും കൃഷിയായിരുന്നു ജോലി. കർഷകരുടെ കൂട്ടായ്മയായ സുലഭ കമ്പനിയുടെ ഡയറക്ടർ കൂടിയാണ് ഇബ്രാഹിം. നെയ്യ് കുമ്പളം ആയുർവേദ മരുന്നുകളും സുലഭക്ക് വേണ്ടി കൃഷി ചെയ്യുന്നുണ്ട്. കുറ്റിപ്പുറം, പൊന്നാനി ബ്ലോക്കിലെ കൂവ ഉൾപ്പെടെ ഔഷധ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ഫാം പാം എഫ്.പി.ഒയുടെ പ്രൊമോട്ടർ കൂടിയാണ്. ഇബ്രാഹിമിന് പ്രോത്സാഹനവും നിർദേശങ്ങളും നൽകി കൃഷിവകുപ്പ് ഉദ്യോഗസ്ഥരും കൂടെയുണ്ട്. അതിരാവിലെ തന്നെ കൃഷിയിടത്തിൽ എത്തുന്ന ഇബ്രാഹിമിന് കൂട്ടായി ഭാര്യ ഫാത്തിമ സുഹറയും ഉണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.