കാപ്പി വിളയിക്കാൻ കൊടുമണ്‍ പഞ്ചായത്ത്
text_fieldsകൊടുമണ്‍ ഗ്രാമപഞ്ചായത്ത് വിതരണം ചെയ്ത റോബസ്റ്റ കാപ്പി തൈയുമായി കര്ഷകന് ജോസ്
കൊടുമൺ: കാര്‍ഷിക ഗ്രാമമായ കൊടുമണില്‍ ഇനി കാപ്പിയും വിളയും. കാപ്പി കൃഷിക്കായി പദ്ധതി ആവിഷ്കരിച്ച ജില്ലയിലെ ആദ്യ പഞ്ചായത്തായി കൊടുമണ്‍ മാറി. പ്ലാന്‍ ഫണ്ടിലൂടെ അഞ്ചു ലക്ഷം രൂപ വകയിരുത്തി കര്‍ഷകരുടെ സമഗ്ര ക്ഷേമത്തിന് കാപ്പി ഗ്രാമം പദ്ധതിയാണ് ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്നത്.
കൃഷിഭവനിലൂടെ ’റോബസ്റ്റ കാപ്പി’ തൈ സൗജന്യമായി കര്‍ഷകര്‍ക്ക് വിതരണം ചെയ്യും. മൂന്നു വര്‍ഷത്തിനുള്ളില്‍ വിളവെടുക്കുന്ന അത്യുല്പാദന ശേഷിയുള്ള റോബസ്റ്റ ഇനം കാപ്പി തൈയാണ് നല്‍കിയത്. തരിശ് ഭൂമിയിലും റബര്‍, തെങ്ങ്, കവുങ്ങ് ഇടവിളയായുമാണ് കൃഷി ആരംഭിച്ചത്. പഞ്ചായത്തിലെ 18 വാര്‍ഡിൽ തെരഞ്ഞെടുത്ത 350-400 കര്‍ഷകരാണ് പദ്ധതിയിലുള്ളത്. ഇടവിള കൃഷിയിലൂടെ അധിക വരുമാനവും ലഭിക്കും. കാപ്പി ചെടികള്‍ക്കൊപ്പം തേനീച്ച കൃഷിയും ആസൂത്രണം ചെയ്യുന്നുണ്ട്.
പന്നി ഉള്‍പ്പടെ വന്യ മൃഗങ്ങളുടെ ശല്യം മറ്റു കൃഷികളെ ബാധിച്ചപ്പോഴാണ് കാപ്പി കൃഷി ആരംഭിക്കാന്‍ തയാറായത്. രുചിയിലും ഗുണമേന്മയിലും നിലവാരം പുലര്‍ത്തുന്ന റോബസ്റ്റ കാപ്പി കൃഷിയുടെ പരിചരണത്തിനു തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിക്കും. കൃഷിക്കൊപ്പം സംഭരണത്തിലേക്കും മൂല്യവര്‍ധിത ഉല്പാദനത്തിലേക്കും വളര്‍ന്നിരിക്കുകയാണ് കൊടുമണ്‍ പഞ്ചായത്ത്. 2019ല്‍ വിപണിയിലെത്തിച്ച കൊടുമണ്‍ റൈസിന് മികച്ച സ്വീകാര്യതയുണ്ട്. അപ്പം, ഇടിയപ്പപ്പൊടി, പുട്ടുപൊടി എന്നിങ്ങനെ വിവിധ ഉല്പന്നങ്ങളുടെ വിപണിയിലേക്കും ബ്രാന്‍ഡ് കടന്നു കയറി.
കാപ്പി കുരു വിളവെടുത്ത് സംസ്കരിച്ച് ഉല്പന്നമാക്കി കൊടുമണ്‍ ബ്രാന്‍ഡില്‍ വിപണിയിലേക്ക് എത്തിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വിപിന്‍ കുമാര്‍ പറഞ്ഞു.കാപ്പിക്ക് പുറമെ നെല്‍കൃഷി, ചെണ്ടുമല്ലി, ഏത്തവാഴ, ഇഞ്ചി, പച്ചക്കറി കൃഷി വികസന പദ്ധതികളും കൃഷിഭവനിലൂടെ പഞ്ചായത്ത് നടപ്പാക്കുന്നുണ്ട്. വന്യമൃഗങ്ങളില്‍നിന്നു സംരക്ഷണം തീര്‍ക്കാന്‍ വേലിയും സജ്ജീകരിച്ചിട്ടുണ്ടെന്ന് കൃഷി ഓഫീസര്‍ രഞ്ജിത് കുമാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

