സഹകരണ സംഘങ്ങളിൽ പാല് വിലയിൽ കൊള്ള
text_fieldsഅടിമാലി: സര്‍ക്കാര്‍ നിശ്ചയിച്ച വിലയില്‍ പാല് നല്‍കാതെ സഹകരണ സംഘങ്ങള്‍. മില്‍മയുടെ കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസഹകരണ സംഘങ്ങളാണ് ചില്ലറ വില്പനയില് കൊള്ള തുടരുന്നത്. സര്‍ക്കാര്‍ 52 രൂപക്കാണ് പാല് ചില്ലറ വില്ക്കാന് അനുമതി നല്‍കിയിട്ടുള്ളത്.
എന്നാല്‍, ലഭ്യത കുറഞ്ഞതിനാല്‍ ജീവനക്കാര്‍ക്ക് ശമ്പളത്തിനും വാടക നല്കാനുമായിട്ടാണ് വില വര്‍ധിപ്പിച്ചതെന്നാണ് ക്ഷീരസഹകരണ സംഘങ്ങള്‍ പറയുന്നത്. ഒരു ലിറ്റര്‍ പാലിന് 52 രൂപ മാത്രമാണ് നിശ്ചയിട്ടുള്ളതെന്ന് ക്ഷീരവികസന മന്ത്രി പറയുന്നു. എന്നാല്‍, മില്‍മയുടെ കീഴിലുള്ള സംഘങ്ങള്‍ 56 മുതല്‍ 60 രൂപക്കാണ് പാല് വില്‍ക്കുന്നത്.
ഈടാക്കുന്നത് തോന്നിയ വില
ജില്ലയിൽ പലഭാഗത്തും തോന്നിയ വിലയാണ് ഈടാക്കുന്നത്. കട്ടപ്പന മേഖലയില്‍ 60 രൂപയാണ് ഈടാക്കുന്നതെങ്കില്‍ അടിമാലി മേഖലയില്‍ 56 രൂപയാണ് വാങ്ങുന്നത്. ഓണത്തിനുശേഷം പാല് വില വര്‍ധിപ്പിക്കുമെന്ന് മില്‍മ പ്രഖ്യാപിച്ചിട്ടുണ്ട്. ഇങ്ങനെയെങ്കില്‍ പാല് വില 65 രൂപക്ക് മുകളില്‍ വരുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, കര്‍ഷകര്‍ക്ക് ഇതിന്റെ ഒരു പ്രയോജനവും ലഭിക്കുന്നുമില്ല. ക്ഷീരകര്‍ഷകര്‍ക്ക് താങ്ങായി പദ്ധതികള്‍ ഇല്ലാതെ വന്നതോടെ കര്‍ഷകര്‍ ക്ഷീരമേഖലയെ കൈവിടുന്നുമുണ്ട്. ഇതോടെ പാല് ഉൽപാദനം കുറഞ്ഞു. ക്ഷീരസഹകരണ സംഘങ്ങള്‍ക്ക് താഴുവീഴുകയും ചെയ്യുന്നുണ്ട്.
സംഘങ്ങൾക്ക് പ്രതിസന്ധി
ഒരു വര്‍ഷത്തിനിടെ പൂട്ടുവീണത് 23 സഹകരണ സംഘങ്ങളാണ്. മില്‍മയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 17 സംഘങ്ങളും ഇതര മില്‍ക്ക് സൊസൈറ്റിയുടെ കീഴിലെ ആറ് പാല് സംഭരണ കേന്ദ്രങ്ങളുമാണ് പൂട്ടിയത്. ജില്ലയില്‍ മില്‍മയുടെ കീഴില്‍ 209 സംഘങ്ങങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ 186 സംഘങ്ങള്‍ കര്‍ഷകരില്‍നിന്ന് പാല് ശേഖരിച്ചിരുന്നെങ്കിലും ഇപ്പോള്‍ 171 സംഘങ്ങള്‍ മാത്രമാണ് ശേഖരിക്കുന്നത്.
പാൽ ഉൽപാദനത്തിൽ പിന്നിലായി ജില്ല
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പാല് ഉൽപാദിപ്പിച്ചിരുന്ന ജില്ല ഇടുക്കിയായിരുന്നു. എന്നാല്‍, ഇപ്പോള്‍ നാലാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. 1.8 ലക്ഷം ലിറ്റര്‍ പാലാണ് ഉൽപാദിപ്പിക്കുന്നത്. സര്‍ക്കാര്‍ നല്‍കിയിരുന്ന അനുകൂല്യങ്ങളും പിന്‍വലിച്ചതും ഇന്‍സെന്റിവ് ലഭിക്കാതെ വന്നതും പ്രതിസന്ധിയുടെ ആക്കം വര്‍ധിപ്പിച്ചതായി കര്‍ഷകര്‍ പറയുന്നു. ഇപ്പോല്‍ 50 കിലോ കാലിത്തീറ്റക്ക് 1500 രൂപക്ക് മുകളിലാണ് വില.
ഇത് കര്‍ഷകര്‍ക്ക് താങ്ങാന്‍ പറ്റാത്തതാണ്. സൊസൈറ്റികള്‍ പാല് ചില്ലറ വില്‍ക്കുന്നത് 60 രൂപ വരെയാണ്. റീഡിങ്ങും ഫാറ്റും നോക്കി കര്‍ഷകരില്‍നിന്ന് വാങ്ങുന്ന പാലിന് വില കുറക്കുമ്പോള്‍ മില്‍മയും സഹകരണ സംഘങ്ങളും കൊള്ളനടത്തി തടിച്ചുകൊഴുക്കുകയും ചെയ്യുന്നു. ശരാശരി കര്‍ഷകര്‍ക്ക് 42 രൂപ വില ലഭിക്കുമ്പോഴാണ് സര്‍ക്കാര്‍ നിശ്ചയിച്ച തുകയും കടന്ന് സൊസൈറ്റികള്‍ വന്‍കൊള്ള നടത്തുന്നത്.
അസംസ്കൃത വസ്തുക്കളുടെ വില ക്രമാതീതമായി വളര്‍ന്നത് ക്ഷീര മേഖലയെ തകര്‍ത്തിരിക്കുകയാണ്. ഇതിന് പുറമെ കാലികളില്‍ ഉണ്ടാകുന്ന രോഗങ്ങളും ചികിത്സ സൗകര്യങ്ങളുടെ കുറവും പ്രതിസന്ധി വർധിപ്പിക്കുന്നു. അതുപോലെ മൃഗഡോക്ടര്‍മാരുടെയും ഇതര ജീവനക്കാരുടെയും കുറവും കൂടി വന്നതോടെ പ്രതിസന്ധി രൂക്ഷമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.