ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ സലീമിന് നൂറുമേനി
text_fieldsഈനാദിയിലെ സലീമിന്റെ കൃഷിയിടത്തിൽ കൃഷി ഓഫിസർ സമീർ ഡ്രാഗൺ ഫ്രൂട്ട്
വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുന്നു
കാളികാവ്: ഡ്രാഗൺ ഫ്രൂട്ടിൽ നൂറുമേനി വിജയം നേടി സലീം. റബറിന് വില തകർച്ച സംഭവിച്ചപ്പോൾ വേറിട്ട പരീക്ഷണമായാണ് ഈനാദിയിലെ ഇളം തുരുത്തി സലീമും ഭാര്യ സാഹിദയും ഡ്രാഗൺ ഫ്രൂട്ട് കൃഷിയിലേക്ക് തിരിഞ്ഞത്. പരീക്ഷണാടിസ്ഥാനത്തിൽ ഒന്നര ഏക്കർ സ്ഥലത്ത് ഇറക്കിയ ഡ്രാഗൺ കൃഷി വിജയമായി വരികയാണ്. ഏറ്റവും മുന്തിയ ഇനമായ അമേരിക്കൻ ബ്യൂട്ടിയാണ് ഇവിടെ കൃഷിയിറക്കിയത്. റബർ വെട്ടി മാറ്റിയാണ് ഡ്രാഗൺ ഫ്രൂട്ട് നട്ടത്.
കോൺ ക്രീറ്റ് വേലിക്കല്ലുകൾ നാട്ടി ഓരോ കല്ലിലും ഡ്രാഗൻ ഫ്രൂട്ടിന്റെ നാലു തൈകൾ വീതം പടർത്തി. ചെടിയുടെ സുഖമായ നിൽപ്പിന് കല്ലിനുമുകളിൽ ബൈക്കിന്റെ പഴയ ടയറുകളും സ്ഥാപിച്ചു. നല്ല ചൂടും വെയിലുമാണ് തൈകൾക്ക് വേണ്ടത്. കാര്യമായ വളവും വേണ്ട. കീടനാശിനി പ്രയോഗവും വേണ്ട. ചെടി നട്ട് ഒരു വർഷത്തിനുള്ളിൽ കായ്ക്കാൻ തുടങ്ങും.
ഏപ്രിൽ മുതൽ ഒക്ടോബർ വരെ ഒരു വർഷത്തിൽ അഞ്ചു തവണ വിളവെടുക്കും. കിലോ 200 രൂപക്കാണ് തോട്ടത്തിൽ വെച്ച് ഡ്രാഗൺ ഫ്രൂട്ട് വിൽക്കുന്നത്. ഏറ്റവും മുന്തിയ ചുവപ്പ് പഴമാണ് ഇവിടെ കൃഷി ചെയ്യുന്നത്.
കള്ളന്മാർ തോട്ടത്തിൽ കയറുന്നത് നിരീക്ഷിക്കാൻ അഞ്ചു സി.സി.ടി.വി കാമറകളാണ് തോട്ടത്തിൽ സ്ഥാപിച്ചിട്ടുള്ളത്. വീട്ടിൽ നിന്നും 200 മീറ്റർ അകലത്തിലുള്ള കൃഷിയിടം 24 മണിക്കൂറും സ്ക്രീനിൽ നിരീക്ഷിക്കുന്നുണ്ട്.
പരാഗണം വേഗത്തിലും സുഖമായി നടക്കു ന്നതിനും തൊട്ടടുത്ത് തേനിച്ച കൃഷിയും നടത്തുന്നുണ്ട്. ഒരു ഡ്രാഗൺ ചെടിയിൽ നിന്ന് 25 വർഷം വിളവ് ലഭിക്കും. കൃഷി വകുപ്പിൽ നിന്ന് സാമ്പത്തിക സാ ങ്കേതിക സഹായവും കർഷകന് ലഭിക്കുന്നുണ്ട്. കാളികാവ് കൃഷി ഓഫിസർ വി.എം. സമീർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വാലയിൽ മജീദ് അടക്കമുള്ളവരും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.