ചെമ്പരത്തിക്ക് നല്ലകാലം; ഇലക്കും പൂവിനും വൻ ഡിമാൻഡ്
text_fieldsചെമ്പരത്തി
കട്ടപ്പന: ചെമ്പരത്തിയിലക്കും പൂവിനും വൻ ഡിമാൻഡ്; പൊന്നുംവില നൽകാൻ തമിഴ്നാട്ടിലെ കച്ചവടക്കാർ. കേരളത്തിലെ തൊടികളിലും വീട്ടുമുറ്റങ്ങളിലും അലങ്കാരച്ചെടിയായും ഹൈറേഞ്ചില ഏലത്തോട്ടങ്ങളിൽ സംരക്ഷണവേലിയായും ഉപയോഗിക്കുന്ന ചെമ്പരത്തിക്ക് സുവർണകാലം കൈവന്നിരിക്കയാണ്.
തമിഴ്നാട്ടിലെ കമ്പനികൾ ഷാംപൂ നിർമാണത്തിനായി ചെമ്പരത്തി ഇലകൾ ഷേഖരിക്കാൻ തുടങ്ങിയതോടെയാണിത്. തമിഴ്നാട്ടിൽ ചെമ്പരത്തി ഇലക്ക് കിലോഗ്രാമിന് എട്ട് രൂപ മുതൽ പത്ത് രൂപ വരെ വിലയുണ്ട്. ഇതിന്റെ വിപണിസാധ്യത മനസ്സിലാക്കി നിരവധി തമിഴ്സ്ത്രീകൾ ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളിൽനിന്ന് ചെമ്പരത്തിയിലയും പൂവും ശേഖരിക്കുന്നു.
പൂജ ആവിശ്യങ്ങൾക്ക് വേണ്ടിയും പൂവിനു ഡിമാൻഡ് ഉണ്ട്. ഒരുകിലോ പൂവിന് 100 രൂപവരെയാണ് വില. തമിഴ്നാട്ടിലെ ചില ഷാംപൂ നിർമാണ കമ്പനികൾ രാസവസ്തുക്കൾ ചേർക്കാത്ത ജൈവ ഷാംപൂ നിർമിക്കാൻ ചെമ്പരത്തിയില ശേഖരിക്കാൻ തൊഴിലാളി സ്ത്രീകളുടെ സഹായം തേടി. അവരാണ് കേരളത്തിലെ ഏലത്തോട്ടങ്ങൾക്ക് സംരക്ഷണ വേലിയായി ചെമ്പരത്തി ചെടി നട്ട വിവരം അറിയിച്ചത്.
ഷാംപൂവിന് നല്ല ഡിമാൻഡ് ഉണ്ടായതോടെ കൂടുതൽ കമ്പനികൾ ചെമ്പരത്തി ഷാംപൂ നിർമിക്കാൻ തുടങ്ങി. പറിച്ചെടുക്കുന്ന ഇലയും പൂവും പ്രത്യേകം ചാക്കുകളിലാക്കിയാണ് കേരളത്തിൽനിന്ന് തമിഴ്നാട്ടിൽ എത്തിക്കുന്നത്.
തമിഴ്നാട്ടിലെ കമ്പം, തേനി മേഖലയിൽ ചെമ്പരത്തിയിലെ ഹോൾസെയിലായി എടുക്കുന്ന കച്ചവടക്കാർ ഉണ്ട്. അവർ ചെമ്പരത്തിയില കിലോഗ്രാമിന് ആറു രൂപ മുതൽ ഡിമാൻഡ് അനുസരിച്ച് 10 രൂപ വരെ വിലക്ക് എടുക്കുന്നുണ്ട്. പ്രതിദിനം 50 കിലോ മുതൽ 80 കിലോ വരെ ചെമ്പരത്തിയില ശേഖരിക്കുന്ന തൊഴിലാളികൾക് ശരാശരി 500 രൂപ മുതൽ 800 രൂപവരെ വരുമാനം ലഭിക്കുന്നു.
സ്പൈസ് ബോർഡിന്റെ കണക്കുപ്രകാരം ജില്ലയിൽ ഏകദേശം 32,499 ഹെക്ടർ പ്രദേശത്ത് ഏലകൃഷിയുണ്ട്. ഇതിൽ ഭൂരിഭാഗം പ്രദേശത്തും ചെമ്പരത്തി ചെടി വേലിയായി നട്ടിട്ടുള്ളതിനാൽ ചെമ്പരത്തിയിലയും പൂവും ഇവിടെ സുലഭമാണ് താനും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.