ദൃശ്യചാരുതയേറ്റി കായാമ്പു മരങ്ങൾ
text_fieldsകായ്ച്ചുനിൽക്കുന്ന കായാമ്പു
പീരുമേട്: കാഴ്ചക്കാർക്ക് ദൃശ്യചാരുതയേറ്റി വിസ്മയം നിറക്കുകയാണ് കായാമ്പു മരങ്ങൾ. മരങ്ങൾ നിറയെ മഞ്ഞനിറത്തിൽ കായ്ച്ചു നിൽക്കുന്ന അപൂർവമായ കാഴ്ചയാണിവിടെ. ഒപ്പം നിറയെ പാകമായി വരുന്ന പഴങ്ങളുമുണ്ട്. പുഷ്പത്തിനും പൂർണ വളർച്ച എത്തിയ പഴത്തിനും നീലനിറവും വിളവ് ആകുന്നവക്ക് മഞ്ഞ നിറവുമാണ്. നീല നിറത്തിൽ ഇടതൂർന്നു നിൽക്കുന്ന പൂക്കളാണ് ആകർഷകം.
വർഷത്തിൽ ഒരുതവണയാണ് പൂവിടുന്നത്. സമുദ്ര നിരപ്പിൽനിന്ന് 1200 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിലാണിത് കാണപ്പെടുന്നത്. ദക്ഷിണേന്ത്യയിൽ ഏകദേശം എല്ലായിടത്തും കാണപ്പെട്ടിരുന്ന സസ്യം ഇപ്പോൾ കേരളത്തിലെ പശ്ചിമഘട്ടത്തിലും കൂടാതെ കർണാടകയിലും ശ്രീലങ്കയിലുമാണ് കാണപ്പെടുന്നത്. പത്ത് മുതൽ 15 അടിവരെ ഉയരംവെക്കുന്ന ഈ ചെടി ഔഷധവുമാണ്.
വളരെ സാവധാനം വളരുന്ന മരം പൂർണ വളർച്ചയിലെത്താൻ പതിറ്റാണ്ടുകൾ വേണം. വേര്, ഇല, കായ്കൾ എന്നിവയാണ് ഔഷധങ്ങളിൽ ഉപയോഗിക്കുന്നത്. മണ്ണൊലിപ്പ് തടയാനുള്ള വേരുകളുടെ പ്രത്യേക കഴിവുമൂലം ചരിവുള്ള പ്രതലങ്ങളിൽ ഇവ വെച്ചുപിടിപ്പിക്കാറുണ്ട്. ഇലകളുടെ പ്രത്യേകത മധുര രസത്തോടുകൂടിയ കഷായ രുചിയാണ്.
ശിഖരങ്ങൾക്ക് ദൃഡതയുള്ളതിനാൽ കമ്പുകൾ ചെണ്ടക്കോലിനും കത്തിയുടെ പിടി നിർമിക്കാനും ഉപയോഗിക്കുന്നുണ്ട്. പീരുമേട് സർക്കാർ അതിഥി മന്ദിരത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിരവധി മരങ്ങളാണ് കായ്ച്ചു നിൽക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.