ഇലയും പൂവും കായ്കളും കൊഴിയുന്നു; ജാതി കർഷകർ ദുരിതത്തിൽ
text_fieldsഅങ്കമാലി മേഖലയിലെ ഇലകൾ കൊഴിഞ്ഞ് നശിച്ച ജാതി മരങ്ങൾ
അങ്കമാലി: മധ്യകേരളത്തിലെ പ്രധാന കൃഷിയായ ജാതി കൃഷി പ്രതിസന്ധി നേരിടുന്നു. ജാതി മരങ്ങളുടെ ഇലയും പൂവും കായ്കളും കൊഴിയുന്നത് വ്യാപകമായതോടെ കർഷകർ ദുരിതത്തിലാണ്. ഇത്തവണത്തെ ശക്തമായ കാലവർഷമാണ് കൂടുതൽ വിനയായത്. ഇത് കർഷകരെ വൻ സാമ്പത്തിക തകർച്ചയിൽ എത്തിച്ചിരിക്കുകയാണ്.
ജനുവരി മുതൽ നവംബർ വരെ കിട്ടേണ്ട വിളവാണ് പേമാരി മൂലം മിക്കയിടത്തും നശിച്ചത്. ഇല കൊഴിഞ്ഞ് ശിഖരങ്ങൾ കരിഞ്ഞുണങ്ങിയ നിലയിലാണ്. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും ഏഴ് ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിലുമായി നാല് ലക്ഷത്തോളം ജാതിവൃക്ഷങ്ങൾ ഉണ്ടെന്നാണ് കണക്ക്. അതിൽ 90 ശതമാനവും കാലവർഷത്തിൽ നശിച്ചുവെന്ന് കർഷകർ പറയുന്നു.
മൂന്ന് ലക്ഷത്തോളം മരങ്ങളിൽനിന്നുള്ള പരിപ്പും ജാതിപത്രിയും കൂടി കണക്കിലെടുത്താൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും അവർ പറയുന്നു.
കേരള കാർഷിക സർവകലാശാലയിലെ പ്രഫ. എസ്. മഞ്ജു, അങ്കമാലി ബ്ലോക്ക് ജാതി കർഷക സഹകരണ സംഘം പ്രസിഡന്റ് എം.കെ. തോമസ്, സെക്രട്ടറി പി.സി. ചുമ്മാർ, എറണാകുളം മേഖല ജാതി കർഷക സമിതി പ്രസിഡന്റ് ബി.വി. അഗസ്റ്റിൻ, കമ്മിറ്റി അംഗങ്ങളായ എം.കെ. ജോസഫ്, എം.എ. ജോർജ്, എൻ.കെ. രാമകൃഷ്ണൻ എന്നിവരടങ്ങിയ സംഘം കൂടുതൽ നാശം നേരിട്ട കർഷകരായ തുറവൂർ സ്വദേശികളായ കൈതാരത്ത് ദേവസി, ബി.വി. ജോസ് എന്നിവരുടെ തോട്ടങ്ങൾ സന്ദർശിച്ചു.
ശക്തമായ കനത്ത മഴയെത്തുടർന്ന് ഇലകൾക്കടിയിൽ ഈർപ്പം പടർന്നുണ്ടായ നാലിനം ഫംഗസാണ് ഇല കൊഴിയാനും കൃഷി നശിക്കാനും ഇടയാക്കിയതെന്നാണ് സ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥർ പറയുന്നത്. സർക്കാറും കൃഷിവകുപ്പും ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്നും നഷ്ടം നേരിട്ട കർഷകരെ സഹായിക്കണമെന്നും അങ്കമാലി ബ്ലോക്ക് ജാതി കർഷക സഹകരണ സംഘം ആവശ്യപ്പെട്ടു.
കൃഷിവകുപ്പിന്റെയും കാർഷിക സർവകലാശാലയുടെയും അടിയന്തര ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.