മണ്ഡരി പടരുന്നു; സ്വപ്നം തകർന്ന് കേര കർഷകർ
text_fieldsമണ്ഡരി ബാധിച്ച തേങ്ങയും തെങ്ങുകളും
പാമ്പാടി: തെങ്ങുകളിൽ മണ്ഡരി രോഗം പടരുന്നത് കർഷകർക്കു തിരിച്ചടി. ചെറിയ ഇടവേളക്ക് ശേഷം മണ്ഡരി രോഗം വീണ്ടും രൂക്ഷമായി. ഓണക്കാലത്ത് നല്ല വിളവെടുപ്പ് പ്രതീക്ഷിച്ച കർഷകർക്ക് ഇരുട്ടടിയാകുകയാണ് മണ്ഡരി ബാധ. തേങ്ങക്ക് വില വർധിച്ചതും ആനുപാതികമായി വെളിച്ചെണ്ണ, കൊപ്ര, ഇളനീര് എന്നിവക്ക് വില കൂടിയതും കർഷകരുടെ പ്രതീക്ഷ വർധിപ്പിച്ചിരുന്നു.
മണ്ഡരി പടരുമ്പോൾ കൃഷി വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നാണു കർഷകരുടെ പരാതി. സൂക്ഷ്മ പരാദജീവിയാണ് മണ്ഡരി. 1998 ലാണ് ഈ രോഗം ആദ്യമായി കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ, കാൽനൂറ്റാണ്ട് കഴിഞ്ഞിട്ടും രോഗം പൂർണമായി ഇല്ലാതാക്കാൻ സാധിച്ചിട്ടില്ല.
കൃഷിവകുപ്പ് എത്രയും പെട്ടെന്ന് ഉചിത നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് പാമ്പാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ലക്ഷങ്ങൾ മുടക്കി തെങ്ങ് ഗവേഷണം നടത്തുന്നുണ്ടെങ്കിലും മണ്ഡരിക്ക് തടയിടാൻ ശാസ്തജ്ഞർക്ക് സാധിച്ചില്ലെന്നത് കേരളത്തിലെ കാർഷിക ഗവേഷണ കേന്ദ്രങ്ങൾ വെള്ളാന ആണെന്നതിന്റെ തെളിവാണെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു.
മണ്ഡരി ബാധക്കെതിരെ വേപ്പ് അധിഷ്ഠിത കീടനാശിനി പ്രയോഗമാണ് കൃഷിവകുപ്പ് നിർദേശിക്കുന്നത്. വിദഗ്ധർക്ക് മാത്രമേ മരുന്ന് അടിക്കാൻ സാധിക്കു. ഇടവേളകളിൽ ഇതു പ്രയോഗിച്ചുകൊണ്ടുമിരിക്കണം മുമ്പ് കൃഷി വകുപ്പ് തെങ്ങിൻ തോട്ടങ്ങളിലെത്തി മരുന്ന് പ്രയോഗം നടത്തിയ സമയത്ത് രോഗം കുറഞ്ഞിരുന്നു.
വർഷങ്ങളായി ഇതു പൂർണമായും നിർത്തിയതാണ് രോഗം വ്യാപകമാകാൻ കാരണമെന്ന് കർഷകർ ആരോപിക്കുന്നു. മണ്ഡലം പ്രസിഡന്റ് എബിൻ കെ. രാജു അധ്യക്ഷത വഹിച്ചു. സന്തോഷ് കുറുപ്പ്, അനിൽ മലരിക്കൻ, രമേശൻ കാണക്കാരി, ഷുക്കൂർ വട്ടപ്പള്ളി, ഗോപാലകൃഷ്ണൻ കങ്ങഴ തുടങ്ങിയവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.