പ്രകൃതിക്ഷോഭം: വിള ഇൻഷുറൻസ് പദ്ധതിയെ ആശ്രയിച്ച് കൂടുതൽ കർഷകർ
text_fieldsപ്രതീകാത്മക ചിത്രം
മലപ്പുറം: സംസ്ഥാനത്ത് വിള ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത കർഷകരിൽനിന്ന് നാലു വർഷത്തിനിടെ ക്ലെയിമിനായി ലഭിച്ചത് 53,091 അപേക്ഷകൾ. ഇതിൽനിന്ന് പരിഗണിച്ചത് 47,437 എണ്ണമാണ്. പ്രകൃതിക്ഷോഭങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കൂടുതൽ കർഷകർ ഇത്തരം ഇൻഷുറൻസ് പദ്ധതികളോട് സഹകരിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2024-25ൽ 15,108 ക്ലെയിം അപേക്ഷകളിൽ 12,478 എണ്ണം തീർപ്പാക്കിയെന്ന് കൃഷിവകുപ്പ് പറയുന്നു. 2630 അപേക്ഷകൾ തീർപ്പാക്കിയിട്ടില്ലെന്നും സർക്കാർ കണക്കുകളിലുണ്ട്.
കഴിഞ്ഞ സാമ്പത്തികവർഷം കൂടുതൽ അപേക്ഷ വന്നത് മലപ്പുറം ജില്ലയിൽനിന്നാണ്. 3515 ക്ലെയിം അപേക്ഷകളിൽ മലപ്പുറം ജില്ലയിൽ തീർപ്പാക്കിയത് 2925 എണ്ണമാണ്. തൃശൂർ ജില്ലയിൽ 2467 അപേക്ഷകളിൽ 2116ഉം പാലക്കാട്ട് 1579 അപേക്ഷകളിൽ 1215 എണ്ണവും തീർപ്പാക്കിയതായി കൃഷിവകുപ്പ് വ്യക്തമാക്കുന്നു. കുറവ് ക്ലെയിം അപേക്ഷകൾ വന്നത് കാസർകോട്ടുനിന്നാണ്- 130 എണ്ണം. ഇതിൽ 109 എണ്ണമാണ് തീർപ്പാക്കിയത്.
2023-24ൽ 12,177 അപേക്ഷകളിൽ 11,259 എണ്ണം തീർപ്പാക്കി. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഏറ്റവും കൂടുതൽ അപേക്ഷകളെത്തിയത് 2022-23 സാമ്പത്തികവർഷമായിരുന്നു. ആ വർഷം 17,172 ക്ലെയിം അപേക്ഷകളിൽ 15,506 എണ്ണമാണ് തീർപ്പാക്കിയത്. 2021-22 സാമ്പത്തികവർഷം 8634 അപേക്ഷകളിൽ 8194 എണ്ണവും തീർപ്പാക്കി.
കഴിഞ്ഞ പത്തു വർഷത്തോളമായി സംസ്ഥാനത്ത് വിള ഇൻഷുറൻസ് പദ്ധതി സജീവമാണ്. ഓരോ സീസണിലും ഒരു ലക്ഷത്തോളം കർഷകരാണ് പദ്ധതിയിൽ ചേരുന്നതെന്നാണ് കണക്ക്. കേരളത്തിൽ പ്രധാനമായും നെൽകൃഷിക്കും മരച്ചീനി, വാഴ, പച്ചക്കറി മുതലായ 30ഓളം വിളകൾക്കുമാണ് പരിരക്ഷയുള്ളത്. കാലാവസ്ഥ വ്യതിയാനംകൊണ്ടുണ്ടാകുന്ന നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതാണ് പദ്ധതി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.