കാൽനൂറ്റാണ്ടിന്റെ കഥ പറയും കർഷകവിപണി
text_fieldsമഴുവന്നൂർ സ്വാശ്രയ
കർഷകവിപണിയിലെത്തിയ ഉൽപന്നങ്ങൾ
കാർഷിക മേഖലക്ക് കൈത്താങ്ങേകി കാൽനൂറ്റാണ്ട് പിന്നിടുകയാണ് മഴുവന്നൂരിലെ സ്വാശ്രയ കർഷക വിപണി. കാൽനൂറ്റാണ്ട് മുമ്പ് വി.എഫ്.പി.സി.കെയുടെ സഹകരണത്തോടെ നാമമാത്ര കർഷകരുമായി ആരംഭിച്ച ഈ പ്രസ്ഥാനം ഇന്ന് സംസ്ഥാനത്തിനുതന്നെ മാതൃകയായ കർഷക മാർക്കറ്റായി മാറി.
പ്രതിവർഷം കോടികളാണിവിടെ വിറ്റുവരവ്. കർഷകരുടെ എണ്ണമാകട്ടെ 525 ആയി വളർന്നു. ഇടിനിലക്കാരുടെ ചൂഷണങ്ങളിൽനിന്ന് കർഷകരെ സംരക്ഷിക്കുകയും ഉൽപന്നങ്ങൾക്ക് മതിയായ വില ഉറപ്പാക്കുകയുമായിരുന്നു വിപണിയുടെ ലക്ഷ്യം.
ഗ്രാമീണ കർഷകരുടെ കൈത്താങ്ങ്
കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ മഴുവന്നൂർ പഞ്ചായത്തിലെ മംഗലത്തുനടയിലാണ് സ്വാശ്രയകർഷക വിപണി. പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാനുള്ള ഇടമായി ഇത് മാറി. ഞായർ, ബുധൻ ദിവസങ്ങളിലാണ് ഇവിടത്തെ മാർക്കറ്റ്.
അന്ന് ഉൽപന്നങ്ങൾ വാങ്ങാനും വിറ്റഴിക്കാനുമായി വൻ ജനക്കൂട്ടമാണ് ഇവിടെയെത്തുന്നത്. പൈനാപ്പിൾ, ഏത്തക്കായ, കുടപ്പൻ തുടങ്ങി കാന്താരിമുളക് വരെ കൃഷി ചെയ്യുന്ന മുഴുവൻ ഉൽപന്നങ്ങളും ഇവിടെ വിൽപനക്കായി എത്തുന്നുണ്ട്. ലേലംചെയ്താണ് വിൽപന. ഇവ വാങ്ങാൻ ജില്ലക്കകത്തും പുറത്തുനിന്നുമായി നിരവധി വ്യാപാരികളും എത്തുന്നുണ്ട്.
പ്രതീക്ഷയുണർത്തി ഓണക്കാലം
ഓണക്കാലം കർഷകർക്ക് പ്രതീക്ഷയുടെ പൂക്കാലമാണ്. ഉൽപന്നങ്ങൾക്ക് മതിയായ വില ലഭിക്കുമെന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. ഏത്തക്കാ വിലയിലടക്കം ഈ മാറ്റം ശ്രദ്ധേയമാണെന്നാണ് കർഷകർ പറയുന്നത്. കഴിഞ്ഞ മാർക്കറ്റിൽ പച്ച ഏത്തക്കായ കിലോക്ക് 55-58 വിലയിലാണ് ലേലത്തിൽ പോയത്. ഇതോടൊപ്പ മറ്റ് പച്ചക്കറി ഇനങ്ങളുടെയും വിലയിൽ ഈ മാറ്റമുണ്ട്. എന്നാൽ, കാലാവസ്ഥ മാറ്റം ഇക്കുറി കർഷകർക്ക് തിരിച്ചടിയായി. കനത്ത മഴ പച്ചക്കറി കൃഷിയെയും കാറ്റ് വാഴകൃഷിയെയും ദോഷകരമായി ബാധിച്ചു. അതുകൊണ്ടുതന്നെ വിപണിയിലെത്തുന്ന ഉൽപന്നങ്ങളുടെ അളവും കുറഞ്ഞിട്ടുണ്ട്.
കർഷകർക്കായി ആനുകൂല്യങ്ങൾ
വിള ഇൻഷുറൻസും ബോണസും അടക്കം കർഷകർക്കായി നിരവധി ആനുകൂല്യങ്ങളാണ് ഇവിടെ ഉറപ്പാക്കുന്നത്. അഞ്ഞൂറിലേറെ കർഷകരുള്ളതിൽ 260 കർഷകരാണ് കാർഷികരംഗത്ത് സജീവമായിട്ടുള്ളത്. ഇവർക്കായുള്ള മറ്റ് സഹായങ്ങളും സമിതി ഉറപ്പാക്കുന്നു. 15 മുതൽ 25 വരെ കർഷകർ അംഗങ്ങളായ 21 കർഷക ഗ്രൂപ്പുകളാണ് സമിതിക്ക് കീഴിലുള്ളത്. ഇതിൽനിന്ന് തെരഞ്ഞെടുക്കുന്ന 21 അംഗ ഭരണസമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.