നെല്ല് സംഭരണം: തർക്കം ഔട്ട് ടേൺ റേഷ്യോയിൽ; വിലപേശി മില്ലുടമകൾ
text_fieldsആലപ്പുഴ: മില്ലുടമകളുമായുള്ള തർക്കം പരിഹരിക്കാനാകാതെ സർക്കാർ. കൊയ്ത നെല്ല് പാടവരമ്പിൽകിടന്ന് മഴ നനഞ്ഞ് കിളിർക്കുന്ന അവസ്ഥയാണ് സംസ്ഥാനത്താകെ. അവസരം മുതലെടുത്ത് പരമാവധി വിലപേശുകയാണ് മില്ലുടമകൾ. നെല്ല് സംഭരണം തുടങ്ങാത്തതിനാൽ സംഭരണ വില 30 രൂപയായി ഉയർത്തിയതിൽ ആശ്വാസം കൊള്ളാനും കർഷകർക്ക് കഴിയുന്നില്ല. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ബുധനാഴ്ച നടന്ന ചർച്ചയിലും അനുരഞ്ജനമുണ്ടായില്ല. ശനിയാഴ്ച ഭക്ഷ്യമന്ത്രിയുടെ നേതൃത്വത്തിൽ വീണ്ടും ചർച്ച നടക്കും.
100 കിലോ നെല്ലിന് 68 കിലോ അരി നൽകണമെന്ന (ഔട്ട് ടേൺ റേഷ്യോ) കേന്ദ്രസർക്കാർ വ്യവസ്ഥയെച്ചൊല്ലിയാണ് തർക്കം. 64 കിലോ അരിയേ നൽകാനാവൂ എന്നാണ് മില്ലുകാരുടെ വാദം. 66.5 കിലോ നൽകിയാൽ ബാക്കി തുക നഷ്ടപരിഹാരമായി നൽകാമെന്ന സംസ്ഥാന സർക്കാർ നിർദേശം മില്ലുടമകൾ അംഗീകരിക്കുന്നില്ല. മില്ലുടമകളുടെ ആവശ്യം ഹൈകോടതിയും തള്ളിയതിനാൽ അത് മറികടന്ന് ഒത്തുതീർപ്പുണ്ടാക്കുന്നതിന് സംസ്ഥാന സർക്കാറിനും പരിമിതിയുണ്ട്.
52 അരിമില്ലുകളാണ് സംസ്ഥാനത്ത് നെല്ല് സംഭരിക്കുന്നതിന് സർക്കാറുമായി കരാറിൽ ഏർപ്പെടുന്നത്. ഇത്തവണ അഞ്ച് മില്ലുകൾ മാത്രമാണ് കരാർ വെച്ചത്. അതിൽതന്നെ ചിലത് നേരത്തേവെച്ച കരാർ കാലാവധി കഴിയാത്തതിനാൽ തുടരുന്നവയാണ്. 2022-23 വർഷം നെല്ല് സംഭരിച്ച് അരിയാക്കി നൽകിയതിൽ 68 കിലോ എന്ന മാനദണ്ഡം പാലിക്കാനാകാതെ നഷ്ടമുണ്ടായ മില്ലുകാർക്ക് 63.37 കോടി രൂപ സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകാനുണ്ട്. ഇത് നൽകുന്നതിന് നടപടി സ്വീകരിക്കാമെന്ന വാഗ്ദാനവും മില്ലുകാർ ചെവിക്കൊണ്ടിട്ടില്ല. നഷ്ടപരിഹാര കുടിശ്ശിക ഉടൻ നൽകുന്നതിനും 100 കിലോ നെല്ലിന് 65.5 കിലോ അരി എന്ന ഔട്ട്ടേൺ റേഷ്യോയിൽ കുറവ് വരുത്താനും ബാക്കി നഷ്ടപരിഹാരം നൽകുന്നതിന് സമയപരിധി നിശ്ചയിക്കാനും സംസ്ഥാന സർക്കാർ തയാറായാലേ നെല്ല് സംഭരണം തുടങ്ങാനാകൂ. ഒന്നാം വിള നെൽകൃഷിയുടെ കൊയ്ത്ത് വ്യാപകമായെങ്കിലും സംഭരണം തുടങ്ങാനായിട്ടില്ല. ഒക്ടോബർ ആദ്യവാരം സംഭരണം തുടങ്ങുമെന്നായിരുന്നു സപ്ലൈകോയുടെ പ്രഖ്യാപനം.
മില്ലുടമകളെ ശത്രുപക്ഷത്ത് നിർത്തുന്ന നിലപാടില്ലെന്ന് മന്ത്രി
ആലപ്പുഴ: നെല്ല് സംഭരണത്തിൽ മില്ലുടമകളുടേത് നിഷേധാത്മക നിലപാടാണെന്ന് മന്ത്രി പി. പ്രസാദ്. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ നെല്ല് സംഭരണം മില്ലുകളെ ആശ്രയിച്ചാണ് നടക്കുന്നത്. കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച ചില മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്നമുണ്ടാക്കിയത്. 100 കിലോ നെല്ല് കുത്തിയ അരിയാക്കി തിരിച്ചെടുക്കുമ്പോൾ 64.5 കിലോയാണ് നൽകേണ്ടത്. ഔട്ട് ഓഫ് റേഷ്യോ ( ഒ.ടി.ആർ) കേന്ദ്രസർക്കാർ 68 കിലോയാക്കി. ഇതിനെതിരെ മില്ലുടമകൾ ഹൈകോടതിയെ സമീപിച്ചു. 68 കിലോ അരി മില്ലുകാർ കൊടുക്കണമെന്ന് കോടതിയും ഉത്തരവിട്ടു. കൊയ്ത്തിനിടെയാണ് ഇത്തരം പ്രതിസന്ധിയുണ്ടായത്. വിഷയത്തിൽ ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്യോഗസ്ഥരുമായും മില്ലുടമകളുമായും ചർച്ച നടത്തി. മില്ലുകാരുടെ പ്രശ്നം അനുഭാവപൂർവം പരിഗണിക്കാൻ തീരുമാനിച്ചു. നെല്ല് കൊയ്തെടുത്തശേഷമാണ് വിലപേശൽ നടക്കുന്നത്. മന്ത്രി ജി.ആർ. അനിൽ പ്രശ്നത്തിൽ ഇടപെട്ട് ചർച്ച നടത്തുന്നുണ്ട്. -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

