Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രോട്ടീൻ കലവറ, തടി കുറക്കാൻ ബെസ്റ്റ്; ‘ചതുരപ്പയർ’ കൃഷി ചെയ്താൽ വെറുതെയാവില്ല

text_fields
bookmark_border
ഒക്ടോബർ-നവംബർ മാസങ്ങൾ നടാൻ അനുയോജ്യമായ സമയം
agri news
cancel
camera_alt

ചതുരപ്പയർ

മലയാളിയുടെ അടുക്കളത്തോട്ടങ്ങളിൽ അത്ര സജീവമല്ലെങ്കിലും ആരോഗ്യ ഗുണങ്ങളിൽ ഒരു വിട്ടുവീഴ്ചക്കും തയാറല്ലാത്ത ഒരിനം പച്ചക്കറിയാണ് ചതുരപ്പയർ. കടിച്ചാൽ നല്ല മൊരിമൊരിപ്പുള്ള സ്വാദാണ്! കേവലം ഒരു തോരനിലോ മെഴുക്കുപുരട്ടിയിലോ ഒതുങ്ങുന്നതല്ല ചതുരപ്പയർ എന്ന വിദേശിപ്പയറിന്റെ ഗുണങ്ങൾ. പ്രോട്ടീന്റെ കലവറയാണ് ഈ പയറുവർഗം. അതുകൊണ്ട് കൃഷി ചെയ്താൽ ഒരിക്കലും വിഷമിക്കേണ്ടി വരില്ലെന്നത് ഉറപ്പാണ്.

പയർവർഗങ്ങളിൽ സോയാബീൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നത് ചതുരപ്പയറിലാണ്. ഇത് പേശികളുടെ വളർച്ചയ്ക്കും ശരീര പുനരുജ്ജീവനത്തിനും സഹായിക്കുന്നു. കലോറി വളരെ കുറവും നാരുകൾ കൂടുതലുമുള്ള പച്ചക്കറിയായതിനാൽ, ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

ഇതിന്റെ പയർ മാത്രമല്ല, ഇലകളും പൂക്കളും കിഴങ്ങും വരെ ഭക്ഷ്യയോഗ്യമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. കുറഞ്ഞ പരിചരണവും കൂടിയ വിളവും നൽകുന്ന ചതുരപ്പയർ, ടെറസിലെ ഗ്രോബാഗുകളിലും മുറ്റത്തും ഒരുപോലെ പരീക്ഷിച്ചിട്ടുണ്ട് ഒട്ടനവധി വീട്ടമ്മമാരും കർഷകരും.

നടീൽ രീതി എങ്ങനെ?

ഒക്ടോബർ-നവംബർ മാസങ്ങൾ ചതുരപ്പയർ കൃഷി ആരംഭിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. നനയ്ക്കാൻ നല്ല സൗകര്യമുണ്ടെങ്കിൽ മറ്റ് സമയങ്ങളിലും ഇത് നടാം. ചതുരപ്പയറിന്റെ വിത്തുകൾ കട്ടിയുള്ളതായതിനാൽ നടുന്നതിന് മുൻപ് 6 മുതൽ 24 മണിക്കൂർ വരെ വെള്ളത്തിൽ കുതിർത്തു വെക്കുന്നത് വേഗത്തിൽ മുളയ്ക്കാൻ സഹായിക്കും. വിത്തുകൾ നേരിട്ട് മണ്ണിലോ ഗ്രോബാഗിലോ നടുന്നതാണ് നല്ലത്. വെള്ളക്കെട്ടില്ലാത്തതും നന്നായി വെയിൽ ലഭിക്കുന്നതുമായ സ്ഥലങ്ങൾ തിരഞ്ഞെടുക്കുക. ഗ്രോബാഗിലാണ് നടുന്നതെങ്കിൽ അടിയിൽ കുറച്ച് കരിയിലകൾ നിറച്ച ശേഷം ഉപരിതല മണ്ണ്, ചാണകപ്പൊടി, ചകിരിചോറ് എന്നിവ തുല്യ അളവിൽ കലർത്തി നിറയ്ക്കുക. മണ്ണിലെ അമ്ലത്വം കുറയ്ക്കാൻ അൽപം കുമ്മായം ചേർക്കുന്നത് നല്ലതാണ്.

വള്ളികൾ പടർന്നു തുടങ്ങുമ്പോൾ തന്നെ വേലിയിലോ പന്തലിലോ താങ്ങ് നൽകി പടർത്തണം. ചെടികൾ വളർന്നു വരുമ്പോൾ ആവശ്യാനുസരണം ജൈവവളങ്ങളായ ചാണകപ്പൊടി, കോഴിവളം അല്ലെങ്കിൽ കടലപ്പിണ്ണാക്ക് പുളിപ്പിച്ചത് എന്നിവ നൽകാം. മണ്ണിൽ എപ്പോഴും ഈർപ്പം നിലനിർത്താൻ ശ്രദ്ധിക്കുക, എന്നാൽ വെള്ളം കെട്ടിക്കിടക്കരുത്.

സാധാരണയായി നട്ടു കഴിഞ്ഞ് 60 ദിവസത്തിനുള്ളിൽ ചെടി പൂക്കാനും 75-90 ദിവസങ്ങൾക്കുള്ളിൽ കായ്കൾ പറിച്ചെടുക്കാനും പാകമാകും. കായ്കൾ അധികം മൂത്ത് കട്ടിയാകുന്നതിന് മുമ്പുതന്നെ പറിച്ചെടുക്കാൻ ശ്രദ്ധിക്കുക. ഒരു തവണ നട്ടാൽ സാധാരണയായി 2-3 വർഷം വരെ ഇതിൽ നിന്ന് വിളവ് ലഭിക്കാറുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Protein-Rich and Diet-Friendly: Why You Should Grow Winged Beans
Next Story