മോദിയെ ഞെട്ടിച്ച സമ്മാനം; ഹിമാലയൻ താഴ്വരകളിൽ മാത്രം കണ്ടുവരുന്ന അപൂർവ കാട്ടുഫലം
text_fieldsഅന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഞെട്ടിച്ച ഒരു സമ്മാനം. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി തന്റെ സന്ദർശന വേളയിലായിരുന്നു ഈ അത്യപൂർവമായ ഗിഫ്റ്റ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്. ഹിമാലയൻ താഴ്വരകളിൽ മാത്രം കണ്ടുവരുന്ന അപൂർവ കാട്ടുപഴമായിരുന്നു അത്. അതോടെയാണ് 'കാഫൽ' എന്ന ഈ കാട്ടുപഴം രാജ്യത്താകെ ശ്രദ്ധയാകർഷിച്ചത്.
ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ മാത്രം കണ്ടുവരുന്ന പഴമാണ് കാഫൽ. വേനൽക്കാലത്ത് മാത്രം കാണപ്പെടുന്ന ഈ അപൂർവ ഫലം, അവിടുത്തെ കർഷകരുടെയും ഗ്രാമീണരുടെയും പ്രധാന ഉപജീവന മാർഗങ്ങളിലൊന്നാണ്. ചെറിയൊരു കാലയളവിൽ മാത്രം വിളവെടുക്കുന്ന ഈ പഴം വിപണിയിൽ വൻ സ്വീകാര്യതയാണ് നേടുന്നത്. എന്നാൽ കൃഷി ചെയ്യാൻ സാധിക്കില്ല എന്നതാണ് കാഫലിന്റെ പ്രധാന പ്രത്യേകത.
ഹിമാലയൻ വനങ്ങളിൽ സ്വാഭാവികമായി വളരുന്ന ഈ സസ്യം പൂർണമായും പ്രകൃതിയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. അതീവ സൂക്ഷ്മതയോടെ കൈകൊണ്ട് പറിച്ചെടുക്കേണ്ട ഈ പഴത്തിന് പെട്ടെന്ന് കേടുകൂടാൻ സാധ്യതയുള്ളതിനാൽ ദൂരസ്ഥലങ്ങളിലേക്ക് കയറ്റി അയക്കാൻ പ്രയാസമാണ്. അതിനാൽ തന്നെ ഇതിന്റെ തനിമ നഷ്ടപ്പെടാതെ രുചിക്കണമെങ്കിൽ ഹിമാലയൻ പ്രദേശങ്ങൾ സന്ദർശിക്കേണ്ടതുണ്ട്.
രുചി വ്യത്യസ്തം; ആരോഗ്യ ഗുണങ്ങളേറെ
ഇരുണ്ട ചുവപ്പോ കടും പർപ്പിളോ നിറത്തിലുള്ള ചെറിയ പഴമാണിത്. കണ്ടാൽ ചെറികളെ പോലിരിക്കും. മധുരവും നേരിയ പുളിയുമാണ് ഇതിന്റെ രുചി. ആൺ-പെൺ പൂക്കൾ വെവേറെ മരങ്ങളിൽ ഉണ്ടാകുന്ന ‘ഡൈയോഷ്യസ്’ സസ്യവർഗത്തിലാണ് കഫൽ ഉൾപ്പെടുന്നത്. വനമേഖലകളിൽ വളരുന്നവയായതുകൊണ്ടുതന്നെ കൃഷി എന്ന രീതിയിൽ വളർത്താറില്ല. എങ്കിലും ഹിമാലയൻ മേഖലകളിലെ കർഷകർ ഇത് വളർത്താറുണ്ടെന്ന് അവർ പറയുന്നു.
മാർച്ച്-ഏപ്രിൽ മാസങ്ങളിലെ വസന്തകാലമാണ് വിത്ത് വിതയ്ക്കാൻ ഏറ്റവും അനുയോജ്യമെന്നാണ് കർഷകരുടെ ഭാഷ്യം. വിത്ത് പെട്ടെന്ന് മുളയ്ക്കുന്നതിനായി വിതയ്ക്കുന്നതിന് മുമ്പ് ചൂടുവെള്ളത്തിൽ വെക്കാറുണ്ട്. മണ്ണും മണലും കലർത്തിയ മിശ്രിതത്തിലാണ് തൈകൾ മുളപ്പിച്ചെടുക്കുന്നത്. 10 മുതൽ 15 മീറ്റർ വരെ ഉയരത്തിൽ വളരുന്ന മരങ്ങളാണിവ.
കാഫൽ പഴം
ഒട്ടേറെ ആരോഗ്യ ഗുണങ്ങളും കാഫൽ പഴത്തിനുണ്ടെന്ന് വിദഗ്ധർ പറയുന്നു. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ സി, ഡയറ്ററി ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണിത്. ആയുർവേദത്തിൽ ആസ്ത്മ, പനി, ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള ഔഷധമായും ഇത് ഉപയോഗിക്കുന്നുണ്ട്.
വെറുതെ കഴിക്കുമ്പോൾ ഉപ്പ് ചേർത്ത് കഴിക്കുന്നതാണ് ആ മേഖലകളിലെ രീതി. ജാമുകൾ, ജല്ലികൾ, അച്ചാറുകൾ എന്നിവയുടെ നിർമാണത്തിനും ഈ കാട്ടുപഴം ഉപയോഗിച്ചുവരുന്നുണ്ട്. തോട്ടങ്ങളിൽ കൃഷി ചെയ്യാൻ കഴിയില്ലെങ്കിലും, ഹിമാലയത്തിന്റെ ജൈവവൈവിധ്യത്തിന്റെയും നാടൻ കാർഷിക സമ്പത്തിന്റെയും അടയാളമായി കാഫൽ മാറിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

