Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightജബൽ അഖ്​ദറിൽ ഇനി...

ജബൽ അഖ്​ദറിൽ ഇനി റോസാപ്പൂക്കാലം...

text_fields
bookmark_border
rose
cancel

മസ്കത്ത്​: രാജ്യത്തെ പ്രധാന ടൂറിസ്റ്റ്​ സ്ഥലങ്ങളിലൊന്നായ ജബൽ അഖ്​ദറിൽ റോസാപ്പൂ വിളവെടുപ്പ് തുടങ്ങി. വിവിധ ഗ്രാമങ്ങളിലായി ഏക്കർ കണക്കിന്​ സ്ഥലങ്ങളിൽ പൂത്തുലഞ്ഞ​ നിൽക്കുന്ന റോസാപ്പൂക്കൾ സുന്ദരകാഴ്ചയാണ് സഞ്ചാരികൾക്ക് സമ്മാനിക്കുക. ഈ വിളവെടുപ്പ് സീസൺ അടുത്തറിയാനും മനസിലാക്കാനുമായി സഞ്ചാരികളെ പൈതൃക, ടൂറിസം മന്ത്രാലയം ക്ഷണിച്ചു. പെരുന്നാൾ അവധികൂടി ആരംഭിച്ചതോ​ടെ ഈ നയന മനോഹര കാഴ്​ചകൾ തേടി സഞ്ചാരികളുടെ ഒഴുക്ക് വരും ദിവസങ്ങളിൽ തുടരും. മാർച്ച് മുതൽ ആരംഭിക്കുന്ന പൂക്കാലം ഏപ്രിലിലാണ് ഉയർന്ന ഉൽപാദനത്തിലെത്തുന്നത്. മേയ് ആദ്യത്തോടെ സീസൺ അവസാനിക്കുകയും ചെയ്യും. ഏഴ് ഏക്കറിലായി 5000ത്തില്‍ പരം പനിനീര്‍ ചെടികളുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. പനിനീർ പൂക്കളുടെ തനിമയും ഗുണമേന്മയും ലഭിക്കാനായി രാവിലെയും വൈകുന്നേരവുമാണ് പൂക്കൾ ശേഖരിക്കുന്നത്. രാവിലെ സുര്യൻ ഉദിച്ചുയരുന്നതിന് മുമ്പും വൈകുന്നേരം നാലര മുതൽ ആറുവരെയുമാണ് പൂക്കൾ ശേഖരിക്കുന്നത്.

ജബൽ അഖ്ദറിലെ കർഷകർ പലരും പരമ്പാരഗതഗായി പനിനീർ കൃഷി നടത്തുന്നവരാണ്. വർഷങ്ങളായി ഈ കൃഷി നടത്തുന്നവരും പിതാക്കളിൽ നിന്നും പിതാമഹൻമാരിൽ നിന്നും കൃഷി പഠിച്ചവരും നിരവധിയാണ്. ചെറുതും വലുതുമായ തോട്ടങ്ങളിൽ നിന്ന് പൂക്കൾ ശേഖരിച്ച് ഫാക്ടറികളിൽ എത്തിക്കുന്നവരും നിരവധിയാണ്. പുതിയ തലമുറയിലെ ചിലർ പനീനീർ കൃഷി ടൂറിസത്തിന്‍റെ ഭാഗമായി ഉപയോഗിക്കുന്നുണ്ട്. വിനോദ സഞ്ചാരികളെ ദിവസങ്ങളോളം ഒപ്പം ചേർത്ത് പനിനീർ പൂ പറിക്കലും അനുബന്ധ കാര്യങ്ങളും ടൂറിസത്തിനായി ഉപയോഗിക്കുന്നവരാണിവർ. ചിലപ്പോൾ ഏഴ് ദിവസമോ മൂന്നാഴ്ചയോ ഒക്കെയായി തങ്ങി തോട്ടത്തിൽപോയി പൂക്കൾ ശേഖരിക്കുന്നതിലും അനുബന്ധ കാര്യങ്ങളിലും ഭാഗവാക്കാവുന്ന പരിപാടിയാണിത്. പൂ പറിക്കുന്നതിന് പ്രത്യേക രീതിയുണ്ട്. നടുവിരലും തള്ളവിരലും ഉപയോഗിച്ചാണ് പൂക്കൾ പറിച്ചെടുക്കുന്നത്. ഇവിടെ നിന്നും ഉത്പാദിപ്പിക്കുന്ന റോസ് വാട്ടര്‍ അന്താരാഷ്ട്ര വിപണിയിലടക്കം ഏറെ ആവശ്യക്കാരുള്ളതാണ്. പനിനീർ നട്ടുവളർത്തലും പൂക്കളിൽ റോസ് വാട്ടർ ഉൽപാദിപ്പിക്കലുമൊക്കെ ജബൽ അഖ്ദറിലെ കർഷകരുടെ പ്രധാന വരുമാന മാർഗ്ഗമാണ്.

അൽ ഐൻ, അൽ ശുറൈജ, സൈഖ്​, അൽ ഖാഷാ എന്നീ ഗ്രാമങ്ങളിലാണ് ഏറ്റവും കൂടുതൽ പനിനീർ കൃഷി നടക്കുന്നത്. ഇവിടെ ഏഴ് ഏക്കറിൽ അയ്യായിരത്തിൽ പരം പനിനീർ ചെടികളുണ്ട്. ഒരു ഏക്കറിൽ നിന്ന് നാലായിരം ലിറ്റർ റോസ് വാട്ടർ ഉൽപാദിപ്പിക്കാനാവും. മൊത്തം 28,000 ലിറ്റർ റോസ് വാട്ടറാണ് ജബൽ അഖ്ദറിൽ ഒരു സീസണിൽ നിന്ന് ഉൽപാദിപ്പിക്കാൻ കഴിയുന്നത്.

വാറ്റിയെടുക്കുന്ന റോസ് വാട്ടർ അലങ്കാര ഉൽപ്പന്നങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, മധുരപലഹാരങ്ങൾ തുടങ്ങിയവക്കായി ഉയോഗിക്കുന്നുണ്ട്. അടുത്തിടെ ക്രീമുകൾ, സുഗന്ധദ്രവ്യ സോപ്പുകൾ എന്നിവയുൾപ്പെടെയുള്ള സൗന്ദര്യവർധക വ്യവസായത്തിലും റോസ് വാട്ടർ ഉപയോഗിച്ചുവരുന്നുണ്ട്. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ജബൽ അൽ അഖ്ദറിലെ റോസ് ഉത്പാദനം കഴിഞ്ഞ വർഷം 20 ടണ്ണിലധികമായിരുന്നു. 28,000 ലിറ്റർ റോസ് വാട്ടർ ഉൽൽപ്പാദിപ്പിക്കാനും സാധിച്ചു. 2023ൽ ഒമ്പത് ടണ്ണായിരുന്നു റോസാപൂ ഉൽപാദനം. കഴിഞ്ഞ വർഷത്തെ റോസ് ഉൽപാദനത്തിലൂടെ 2,00,000 റിയാൽ വരുമാനം ഉണ്ടാക്കാൻ കഴിഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു.

അതേസമയം, ഗവർണറേറ്റിലെ ജബൽ അഖ്​ദറിൽ റോസാപ്പൂ കൃഷി വ്യാപിപ്പിക്കാൻ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം പദ്ധതിക്ക്​ തുടക്കം കുറിച്ചിട്ടുണ്ട്​. റോസാപ്പൂ കൃഷിയുടെ അധിക മൂല്യം ഉയർത്തുന്ന പദ്ധതിക്കായി അഗ്രികൾച്ചറൽ ആൻഡ് ഫിഷറീസ് ഡെവലപ്‌മെൻറ് ഫണ്ടിൽനിന്ന് 1,50,000 റിയാൽ ആണ്​ അനുവദിച്ചിട്ടുള്ളത്​. 15 കർഷകർക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. പനിനീർ ഉൽപന്നങ്ങളുടെ നിർമാണ മേഖലയിലും അനുബന്ധ വ്യവസായങ്ങളിലും 15 ഗുണഭോക്താക്കൾക്ക് പരിശീലനം നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ജബൽ അഖ്ദറിലെ റോസ് കൃഷിയെയും അനുബന്ധ വ്യവസായങ്ങളെയും കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ ശേഖരിക്കുക, മേഖലയിലെ റോസാപ്പൂക്കളുമായി ബന്ധപ്പെട്ട വ്യവസായങ്ങളിലെ ചില ചെറുകിട ഇടത്തരം സംരംഭങ്ങളുമായി സഹകരിച്ച് അഞ്ച്​ ഏക്കറിൽ റോസാപ്പൂക്കൃഷിയെ പിന്തുണക്കുക എന്നിവയാണ്​ പദ്ധതി ലക്ഷ്യമിടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rose flowerJebel Akhdar
News Summary - rose season in Jebel Akhdar...
Next Story